ഡിജിറ്റലല്ലെങ്കിലും വൈറലാണ് ഈ ചുവരെഴുത്തുകൾ. പ്രചാരണ തന്ത്രങ്ങൾ സാമൂഹിക മാധ്യമങ്ങളുടെ ചുവരിലെത്തിയെങ്കിലും ആർട്ടിസ്റ്റ്‌ രാജീവ് പീതാംബരന്റെ ചുവരെഴുത്തുകൾ നോക്കാതെ പോകാനാവില്ല. ‘ഡിജിറ്റൽ കാലത്ത് എന്ത് ചുവരെഴുത്ത്’ എന്ന ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ് രാജീവിന്റെ മോഡേൺ ചിത്രങ്ങൾ.

പുതിയ കാലത്ത് ചുവരെഴുത്തിനും പുതുരൂപം നൽകുകയാണ് രാജീവ്. ഡിജിറ്റൽ ഇന്ററാക്ടീവ് പോസ്റ്ററുകളുടെ കാലത്ത്‌ വ്യത്യസ്തതകൊണ്ടാണ് ഈ ചുവരുകൾ ശ്രദ്ധിക്കപ്പെടുന്നത്. കൊച്ചി കോർപ്പറേഷൻ 35-ാം വാർഡിലെ ഇടതു സ്ഥാനാർഥി പി.വി. ഷാജിക്കായാണ് രാജീവ് വരച്ചുകൊണ്ടിരിക്കുന്നത്.

തന്റെ അടുത്ത സുഹൃത്തുകൂടിയായ ഷാജിക്കുവേണ്ടി പുതിയതെന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് കെ.എസ്.ആർ.ടി.സി. ബസും തീവണ്ടിയും വിമാനവുമൊക്കെ ചുവരുകളിൽ വരയ്ക്കാൻ രാജീവ് തീരുമാനിച്ചത്. ബസും ട്രെയിനിന്റെ ബോഗിയും ഒക്കെ അതേ വലിപ്പത്തിൽ ചുവരിലെത്തി.

ചേർത്തല സ്വദേശിയായ രാജീവ് കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. രാജാ രവിവർമയുടെ പ്രശസ്തമായ ‘നളനും ദമയന്തിയും’ അതേ ഫോർമാറ്റിൽ അദ്ദേഹത്തിന്റെ പിൻതലമുറക്കാർക്കുവേണ്ടി വരച്ചുകൊടുത്തിട്ടുണ്ട്.