കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പിലെ സ്വർഗമാണ് ബ്ലോക്ക് പഞ്ചായത്തുകൾ. ഇവിടെ ഇടി കുറവാണ്. റിബലുകളും മറ്റും വളരെ കുറവ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം വനിതകൾ കൊണ്ടുപോകുന്ന പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്കുകളിൽ മാത്രമാണ് സീറ്റിനായി അല്പമെങ്കിലും തിരക്ക്.

സ്ഥാനാർത്ഥിക്കുപ്പായം തയ്ച്ചവർ കുറവായതിനാൽ കോൺഗ്രസിന് ബ്ലോക്ക് സ്ഥാനാർത്ഥി നിർണയം ആശ്വാസമാണ്. സുരക്ഷിത താവളമായിട്ടാണ് രാഷ്ട്രീയക്കാർ ബ്ലോക്കുകളെ കാണുന്നത്. മറ്റു ‘താത്‌പര്യ’ങ്ങളൊന്നും ഇല്ലാത്തവർക്ക്‌ ഇവിടെ സ്വർഗമാണ്. അതേസമയം ബഹുഭൂരിഭാഗം രാഷ്ട്രീയക്കാർക്കും ബ്ലോക്കിനോടു വലിയ ആവേശമില്ലെന്നതാണ് സത്യം. ഇടിക്കാൻ ആളുകുറയുന്നതും അതുകൊണ്ടാണ്.

ഫണ്ടിന്റെ കുറവു തന്നെയാണ് ബ്ലോക്കുകളെ അനാകർഷകമാക്കുന്നത്. തനതു ഫണ്ട് ഇല്ല. എണ്ണിച്ചുട്ടപ്പം പോലെ കിട്ടുന്ന പ്ലാൻ ഫണ്ട് കൊണ്ടുവേണം കാര്യങ്ങൾ നടത്താൻ. ഒരു പഞ്ചായത്തു വാർഡിൽ കിട്ടുന്ന പണം പോലും ബ്ലോക്ക് ഡിവിഷനിൽ കിട്ടുന്നില്ലെന്നാണ് പരാതി.

പറയുമ്പോൾ കേന്ദ്ര പദ്ധതികളുടെ നടത്തിപ്പുകാരാണ്. എന്നാൽ കേന്ദ്ര പദ്ധതികൾ ബ്ലോക്കിൽ എത്തിക്കണമെങ്കിൽ അസാമാന്യമായ വൈദഗ്ദ്ധ്യം വേണം. അതിനുശേഷിയുള്ളവർ വിരളം. ജനപ്രതിനിധി എന്നുപറഞ്ഞ് നടക്കാം. തിരഞ്ഞെടുപ്പിനു ചെലവാക്കുന്ന പണം പോലും തിരിച്ചുകിട്ടണമെന്നില്ലെന്നാണ് ‘ആത്മാർത്ഥത’യുള്ള സാമൂഹ്യ പ്രവർത്തകർ കണക്കൂകൂട്ടി പറയുന്നത്. പഞ്ചായത്തംഗമാകാൻ പറ്റിയില്ലെങ്കിലേ ബ്ലോക്കിലേക്കു നോക്കൂ.

കോൺഗ്രസ് അതൃപ്തരെ ഒതുക്കാനായിട്ടും ബ്ലോക്ക് ഡിവിഷനുകളെ ഉപയോഗിക്കുന്നുണ്ട്. ജില്ല-ഗ്രാമപ്പഞ്ചായത്തുകളിലേക്കുള്ള കൂട്ട ഇടിയിൽ തെറിച്ചുപോകുന്നവർ, റിബലുകളാകാതിരിക്കാൻ നേതൃത്വംവെച്ചുനീട്ടുന്ന ഓഫർ കൂടിയാണ് ബ്ലോക്ക്‌ പഞ്ചായത്ത് അംഗത്വം. ജില്ലയിലെ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ എല്ലാ ഡിവിഷനിലും എൻ.ഡി.എ.യുടേയോ ബി.ജെ.പി.യുടേയോ സ്ഥാനാർത്ഥികൾ ഇല്ല. പലയിടത്തും യു.ഡി.എഫും എൽ.ഡി.എഫും നേരിട്ടാണ് മത്സരം. സ്വതന്ത്രന്മാരും അധികം രംഗത്തില്ല. പതിനാലു ബ്ലോക്കുകളിലായി 185 ഡിവിഷനുകളിലേക്കാണ് മത്സരം.

അങ്കമാലി മേഖലയിൽ കോൺഗ്രസിൽ പൊതുവെ സ്ഥാനാർത്ഥിമോഹികളുടെ തള്ളാണ്. എന്നാൽ അങ്കമാലി ബ്ലോക്കിൽ അത്തരം തിരക്കൊന്നുമില്ല. കോൺഗ്രസിന് ആധിപത്യമുള്ള ബ്ലോക്കായിരുന്നിട്ടും അവിടെ പഞ്ചായത്തുകളിൽ കണ്ട സീറ്റുതർക്കംപോലും ബ്ലോക്കിൽ ഉണ്ടായില്ല. ആലങ്ങാട് ബ്ലോക്കിൽ യു.ഡി.എഫിന്‌ ഒരു റിബൽ മാത്രമാണുള്ളത്. ഇടപ്പള്ളി ബ്ലോക്കിൽ സി.പി.ഐ. എം.എൽ. റെഡ്ഫ്ളാഗ് ഒരു ഡിവിഷനിൽ ഇടതുമുന്നണിക്കു റിബലായി രംഗത്തുണ്ട്. എൻ.ഡി.എ.യ്ക്ക് സ്ഥാനാർത്ഥികൾ തികയ്ക്കാൻ പറ്റിയിട്ടില്ല.

വൈപ്പിൻ ബ്ലോക്കിൽ എടവനക്കാട് യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയി. മുസ്‌ലിം ലീഗിന്റെ റിബൽ ഉണ്ടായിരുന്നിട്ടും യു.ഡി.എഫുകാർ ഇടതു റിബലിനു പിന്തുണ കൊടുത്തു.

കോതമംഗലം കീരമ്പാറയിൽ ഇടതുമുന്നണി കേരള കോൺഗ്രസ് ജോസിന് രണ്ടു സീറ്റ് നൽകിയെങ്കിലും തോൽക്കുന്ന സീറ്റു വേണ്ടെന്നുപറഞ്ഞ് അവർ പരിഭവിച്ച് മാറിനിൽക്കുകയാണ്. മൂവാറ്റുപുഴ ആയവന ഡിവിഷനിൽ യു.ഡി.എഫിലെ കേരള കോൺഗ്രസ് ജോസഫും ജേക്കബ്ബും തമ്മിലാണ് മത്സരം.

ഇവിടെ എൻ.ഡി.എ. സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയി. ഡമ്മി ഇല്ലാതിരുന്നതിനാൽ ബി.ജെ.പി. ആർക്കു വോട്ടുചെയ്യുമെന്നാലോചിച്ച് അന്തംവിട്ടിരിക്കുകയാണ്. മുളന്തുരുത്തിയിൽ ട്വന്റി ട്വന്റി ജനകീയ മൂന്നേറ്റം ഒരു ഡിവിഷനിൽ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. വാഴക്കുളം ബ്ലോക്കിൽ ട്വന്റി ട്വന്റി കിഴക്കമ്പലം, പുക്കാട്ടുപടി, ചേലക്കുളം, വെങ്ങോല എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയെ നിർത്തി ശക്തമായി രംഗത്തുണ്ട്.