വരാപ്പുഴ : എല്ലാ തിരഞ്ഞെടുപ്പിലും കടമക്കുടിയിലെ മുറിക്കൽ ദ്വീപിൽ 100 ശതമാനമാണ് പോളിങ്. ഇക്കുറിയും അതിനു മാറ്റമുണ്ടാകില്ല. വോട്ടുചോദിച്ച്‌ സ്ഥാനാർഥികൾ വന്നാലും ഇല്ലെങ്കിലും മുറിക്കൽ ദ്വീപിലെ ‘ഒറ്റയാൻ’ ജോസഫ് ചേട്ടൻ വോട്ടു മുടക്കാറില്ല. ഇതറിയാവുന്നതിനാൽ സ്ഥാനാർഥികളാരും ജോസഫിനെ തേടിയെത്താറുമില്ല.

ഇത്തവണ കാര്യങ്ങൾ മറിച്ചാണ്. മത്സരം തീപാറുമ്പോൾ മുറിക്കലിലെ ഒറ്റ വോട്ടിനും 100 വോട്ടിന്റെ വിലയുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാർഡുകളിലൊന്നാണ് കടമക്കുടി പഞ്ചായത്ത്‌ 13-ാം വാർഡ്. ഇടത്‌-വലത്‌ മുന്നണി സ്ഥാനാർഥികളായി മത്സരിക്കുന്നത് ‘അളിയന്മാർ’ ആണെന്ന പ്രത്യേകതയുമുണ്ട്.

പതിവുപോലെ ചായകുടിക്കായി ചെറുവഞ്ചിയിൽ മറുകരയിലേക്കു പുറപ്പെട്ടതാണ് ജോസഫ്. ഇതിനിടെയാണ് തന്നെ ലക്ഷ്യമിട്ടു വരുന്ന ചെറുവഞ്ചി ശ്രദ്ധയിൽപ്പെടുന്നത്. വഞ്ചിയിലുള്ളവർ സ്ഥാനാർഥികളാണെന്ന്‌, പിന്നാലെ ജോസഫ് അറിഞ്ഞു. രണ്ടുപേരും മുന്നേ അറിയുന്നവർ, ഒരേ പാർട്ടിക്കാരാകുമെന്നാണ് ആദ്യം കരുതിയത്. വഞ്ചിയിലുണ്ടായിരുന്നവർ ഇരുവരും അളിയന്മാരും. ഒരാൾ വോട്ടഭ്യർത്ഥിച്ച് ചിഹ്നവും പറഞ്ഞപ്പോഴാണ് വഞ്ചിയിലുണ്ടായിരുന്ന രണ്ടാമൻ തനിക്കു വോട്ട്‌ ചെയ്യണമെന്ന്‌ അഭ്യർഥിച്ചത്.

ഇതോടെ ജോസഫിന് ആകെ കൺഫ്യൂഷനായി. ഒപ്പം തുഴഞ്ഞെത്തിയവർ രണ്ടു പാർട്ടികളുടെ സ്ഥാനാർഥികളാണെന്ന് വിശ്വസിക്കാനായില്ല. ഒന്നൂടെ ഉറപ്പാക്കി... ഇരുവർക്കും വിജയാശംസകൾ നേർന്ന് സ്ഥാനാർഥികളെ യാത്രയാക്കി. കടമക്കുടി പഞ്ചായത്തിലെ മനോഹരമായ ദ്വീപാണ് മൂന്നര ഏക്കറോളം വിസ്തൃതിയുള്ള ‘മുറിക്കൽ’. ഒന്നര പതിറ്റാണ്ടായി ജോസഫ് മാത്രമാണിവിടെ കഴിയുന്നത്, കൂട്ടിന്‌ ആറ്‌ വളർത്തുനായ്ക്കളും. ഭക്ഷണത്തിനായുള്ള നെല്ലും മീനും പച്ചക്കറിയുമൊക്കെ സ്വന്തമായുണ്ടാക്കുന്ന ജോസഫ്, പത്രം വായനയ്ക്കും അത്യാവശ്യ കാര്യങ്ങൾക്കും മാത്രമേ മറുകരയിലെത്തൂ.

മുറിക്കൽ ദ്വീപ് ഉൾപ്പെടുന്ന വാർഡിൽ കടുത്ത പോരാട്ടമാണ്‌ ഇക്കുറി. ദിലീപ് കോമളൻ ആണ് എൽ.ഡി.എഫ്. സ്ഥാനാർഥി. ദിലീപിന്റെ സഹോദരീ ഭർത്താവു കൂടിയായ എ.കെ. കിഷോറാണ് യു.ഡി.എഫ്. സ്ഥാനാർഥി. ഇരുവരും ഒരുമിച്ച്‌ പഞ്ചായത്തിൽ പോയി വരുന്നതിനിടെയാണ് ഒറ്റയാൻ വോട്ടറെ കാണാൻ തീരുമാനിച്ചത്. എൻ.ഡി.എ.യുടെ സിറ്റിങ്‌ സീറ്റാണ്‌ ഇവിടം. പ്രിയ ശശികുമാറാണ് എൻ.ഡി.എ. സ്ഥാനാർഥി.