കൊച്ചി: ‘ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബ്....’ ലോകം ഒരിക്കലും ആ പേര് മറക്കില്ല. ചൈന നിഷേധിച്ചെങ്കിലും ആ ലാബിൽനിന്ന് അബദ്ധത്തിൽ പുറത്തെത്തിയതാണു കൊറോണ വൈറസ് എന്നു ലോകം ഉറപ്പിക്കുന്നു. കേരളം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ ഒച്ച് എന്ന അധിനിവേശ ഭീകരന്റെ വരവിനു പിന്നിലും അത്തരമൊരു കഥയുണ്ട്.

കെനിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു മരത്തടികളിലാണ് ഇവ കേരളത്തിൽ എത്തിയതെന്നാണു കരുതപ്പെടുന്നത്. എന്നാൽ അതിനുമപ്പുറമൊരു സംഭവ കഥയുണ്ട്. പാലക്കാട് എലപ്പുള്ളി ഗ്രാമത്തിലേക്കു മലയാളിയായ ഗവേഷകൻ 1955-ൽ സിങ്കപ്പൂരിൽനിന്നു സാമ്പിളായി കുറച്ച് ആഫ്രിക്കൻ ഒച്ചുകളെ എത്തിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹത്തിനു പരീക്ഷണം മുന്നോട്ടു കൊണ്ടുപോകാനായില്ല. ഒച്ചുകളിൽ ചിലതു രക്ഷപ്പെട്ടു പുറത്തെത്തി. എലപ്പുള്ളിയിൽനിന്നു പതിയെ അത് കേരളം മുഴുവനെത്തി.

അധിനിവേശ കീടം

ലോകത്തെ പ്രധാന നൂറ് അധിനിവേശ കീടങ്ങളിൽ ഒന്നാണ് ആഫ്രിക്കൻ ഒച്ച്. അക്കാറ്റിന ഫുലിക്ക (Achatina Fulica) എന്നാണു ശാസ്ത്രീയ നാമം. ഒരു പ്രദേശത്തു സ്വാഭാവികമായി ഇല്ലാത്ത സസ്യമോ, ജന്തുവോ അതിനനുകൂലമായ ആവാസ വ്യവസ്ഥയിലേക്കു മാറ്റപ്പെട്ടാൽ പെട്ടെന്ന് പെരുകും. സ്വാഭാവികമായ പ്രദേശത്ത് ഇവയുടെ പെരുകൽ നിയന്ത്രിക്കുന്ന മറ്റു ജീവജാലങ്ങൾ ഉണ്ടാകും. പുതിയ സ്ഥലത്ത് ‘എതിരാളികൾ’ ഉണ്ടാവില്ല. കര ഒച്ചുകളിൽ ഏറ്റവും വലുതാണ് ആഫ്രിക്കൻ ഒച്ച്. ഒരു കിലോയോളം വരെ ഭാരം വെക്കും. കേരളത്തിൽ അര മുതൽ മുക്കാൽ കിലോ വരെയുള്ളത് കണ്ടെത്തിയിട്ടുണ്ട്. ഹൈറേഞ്ച് മേഖലകൾ ഇവയ്ക്കു പറ്റിയ ഇടമല്ലാത്തതിനാൽ ഇടുക്കിയിൽ ഇല്ലെന്നാണു കരുതിയിരുന്നത്. എന്നാൽ, ഇടുക്കിയിലും ഇവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തു. കേരളത്തിലെ ഏതാണ്ടെല്ലാ ജില്ലകളിലും ആഫ്രിക്കൻ ഒച്ച് ഉണ്ട്. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ വലിഞ്ഞുകയറി ഇവ ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്കെത്തും. 2018-ലെ പ്രളയത്തിനു ശേഷം ഇവ പെരുകിയതായി പഠനങ്ങളിൽ സൂചനയുണ്ട്. കേരളത്തിന്റെ തനത് ഒച്ചുകളുടെ ആവാസ വ്യവസ്ഥയെയും ഇവ നശിപ്പിക്കും.

ഉഭയലിംഗ ജീവി

ആഫ്രിക്കൻ ഒച്ചുകൾ ഉഭയലിംഗ ജീവിയാണ്. ആൺ-പെൺ പ്രത്യുത്പാദന അവയവങ്ങൾ ഒരു ജീവിയിൽത്തന്നെ ഉണ്ടാകും. രണ്ടെണ്ണം മതി ഒരു പ്രദേശം ആഫ്രിക്കൻ ഒച്ചുകളുടെ സാമ്രാജ്യമായി മാറാൻ. അനുകൂല സാഹചര്യത്തിൽ ഏഴു മുതൽ 10 വർഷം വരെ ജീവിക്കും. ഒരു ഒച്ച് 900 മുട്ടകൾ വരെ ഇടും. മുട്ടകളിൽ തൊണ്ണൂറു ശതമാനവും വിരിയുകയും അവയിൽ 80-90 ശതമാനവും ജീവിക്കുകയും ചെയ്യും. നാടൻ പന്നികൾ ഇവയെ തിന്നുമായിരുന്നു. ഇപ്പോൾ നാടൻ പന്നികളുടെ എണ്ണം കുറഞ്ഞു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ താറാവ്, ചെമ്പോത്ത് തുടങ്ങിയവ തിന്നും. വലിയ ഒച്ചുകളുടെ പുറന്തോടിനു കട്ടിയുള്ളതിനാൽ ഇവയും കഴിക്കില്ല. വേനൽക്കാലമാകുമ്പോൾ മണ്ണിനടിയിൽ ഒളിച്ചിരിക്കും. നനവുള്ള ഇടം തേടി കുഴിച്ചുപോകും. അവിടെയും മുട്ടയിടും. മഴക്കാലമാകുമ്പോൾ മണ്ണിനു മുകളിൽ തിരിച്ചെത്തും.

മുന്നൂറിലേറെ വിളകൾക്ക് ഭീഷണി

കേരളത്തിലെ 300-350 ഇനം വിളകൾ ഇവ നശിപ്പിക്കുന്നതായി കേരള കാർഷിക സർവകലാശാലയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. വാഴ, പപ്പായ, ചേന, ക്വാളിഫ്ലവർ, ചേമ്പ്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയെ ആക്രമിക്കും. എല്ലാത്തരം പച്ചക്കറികളെയും പിടികൂടും. അടുത്തകാലത്ത് വാഴ കൃഷിയെ കൂടുതൽ ആക്രമിക്കുന്നുണ്ട്. .

കാൽസ്യം തേടി

പുറംതോട് ഉണ്ടാകണമെങ്കിൽ കാൽസ്യം വേണം. കാൽസ്യത്തിന്റെ അംശമുള്ളിടത്ത് കൂട്ടത്തോടെ എത്തും. കാബേജ്, പപ്പായ ഇല, ക്വാളിഫ്ലവർ, മരച്ചീനിയുടെ ഇല, വാഴയില എന്നിവയിലും സിമന്റ് പൊടി, സിമന്റ് തേച്ച സ്ഥലം എന്നിവിടങ്ങളിലും കാൽസ്യം കൂടുതലാണ്. മതിലുകളിലും വീടിന്റെ ചുവരുകളിലും കയറുന്നതിന്‌ ഇതാണ് കാരണം.

പോസ്റ്റർ വിരുദ്ധൻ

തിരുവനന്തപുരം ജില്ലയിൽ ഒരു സ്ഥാനാർഥിയുടെ പോസ്റ്റർ ആരോ സ്ഥിരം വലിച്ചുകീറുന്ന പ്രശ്നം ഉണ്ടായിരുന്നു. അതിന്റെ പേരിൽ രാഷ്ട്രീയ പോരും നടന്നു. പക്ഷേ ഒച്ചുകൾ കാൽസ്യം തേടി പശ തിന്നുന്നതായിരുന്നു സംഭവം.

ഈർപ്പം ഇഷ്ടം, വെള്ളം വേണ്ട

കര ഒച്ച് ആയതിനാൽ വെള്ളം ആഫ്രിക്കൻ ഒച്ചുകൾക്ക് ഇഷ്ടമല്ല. ഈർപ്പമുള്ള ഇടങ്ങളാണ് ഇഷ്ടം. അതുകൊണ്ടു തന്നെ ഇവയുടെ സ്രവം വെള്ളത്തിൽ കലരുമെന്ന പേടി വേണ്ട.

മസ്തിഷ്‌ക ജ്വരം

മനുഷ്യരിൽ മസ്തിഷ്‌ക ജ്വരമുൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള നിമ വിരകൾ (Angiostrongulus Cantonenssi) ഈ ഒച്ചുകളുടെ സ്രവത്തിലുണ്ട്. വിരകൾ മൂലം മസ്തിഷ്‌ക ജ്വരമുണ്ടായ 18 കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ഇവയെ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്തതുകൊണ്ടാണിത്. കണ്ണൂരിൽ മദ്യപാനത്തിനിടെ ആഫ്രിക്കൻ ഒച്ചിനെ പുഴുങ്ങി ഭക്ഷിച്ച മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

മുൻകരുതൽ

പരിസര ശുചീകരണമാണ് മുഖ്യം. ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കുക. ഈർപ്പമുള്ള അടിക്കാടുകൾ വെട്ടുക. മഴക്കാലത്തിനു ശേഷം മണ്ണിളക്കി കൊടുത്താൽ ഒച്ചുകൾ മണ്ണിനടിയിലിട്ട മുട്ടകൾ നശിപ്പിക്കാൻ കഴിയും.

പ്രതിരോധം കെണിയൊരുക്കൽ

* ഒച്ചുകളെ ഓരോന്നിനെ ഉപ്പിട്ടു കൊല്ലുക പ്രായോഗികമല്ല. പകരം കെണിയൊരുക്കാം. കാബേജ്, ക്വാളിഫ്ലവർ, പപ്പായ തുടങ്ങിയവയുടെ ഇലകൾ നനച്ച ചണച്ചാക്കിൽ വിതറിയിടുക. ഇത് കഴിക്കാനായി ഇവ കൂട്ടത്തോടെ എത്തും. പിറ്റേന്ന് വെളുപ്പിന് ഇവ കൂട്ടത്തോടെ ചാക്കിനു മുകളിൽ ഇരിക്കുന്നതു കാണാം. ഇവയെ ഒരു കുഴിയിലിട്ട് ഉപ്പുവിതറി നശിപ്പിക്കാം. അല്ലെങ്കിൽ തുരിശ്‌ ലായനി തളിച്ചു കൊല്ലാം. ഗ്ലൗസിടാതെ ആഫ്രിക്കൻ ഒച്ചുകളെ കൈകാര്യം ചെയ്യരുത്.

* അരക്കിലോ ഗോതമ്പുപൊടി, കാൽക്കിലോ ശർക്കരപ്പൊടി, 25-30 ഗ്രാം ഈസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ വെള്ളം ചേർത്തു മിശ്രിതമാക്കി കുഴമ്പു പരുവത്തിൽ എടുക്കുക. ഈർപ്പമുള്ള ചണച്ചാക്കിൽ തേച്ചുപിടിപ്പിച്ചു വിരിച്ചിടുക. ഇത് കഴിക്കാൻ വരുന്നവ തുരിശുള്ളതിനാൽ ചത്തുപോകും.

* കൃഷിയിടങ്ങളിൽനിന്ന് ഇവയെ ഓടിക്കാൻ തുരിശ് മിശ്രിതം തളിക്കാം. ഇവയെ കാണുന്ന ഇലകളിൽ ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു ഗ്രാം മാത്രം തുരിശ് ചേർത്ത് വേണം തളിക്കാൻ. അളവിൽ കൂടുന്നത്‌ ചെടിക്കു ദോഷമാണ്. പറമ്പിലെ ഒച്ചുകളെ നശിപ്പിക്കാൻ 10 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക. മതിലിന്റെയും മരത്തടിയുടെയും മുകളിലുള്ള ആഫ്രിക്കൻ ഒച്ചിന്‌ 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ തളിക്കുക. ഉടൻ ചാകും.

വ്യാപനം ഇത്രത്തോളം

കൊച്ചി നഗരത്തിൽ വ്യാപകമായും ജില്ലയിൽ പൊതുവേയും ആഫ്രിക്കൻ ഒച്ച് വ്യാപിക്കുകയാണ്. ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കൃഷി മാത്രമല്ല മനുഷ്യ ജീവിതംതന്നെ ഇവ ദുസ്സഹമാക്കും. ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, എരൂർ എന്നിവിടങ്ങളിൽ മുമ്പ് വ്യാപകമായിരുന്നെങ്കിലും ഇത്തവണ ശല്യം രൂക്ഷമല്ല.

ജില്ലയിൽ ഇപ്പോൾ ശല്യം രൂക്ഷമായ പ്രദേശങ്ങളും ഇപ്പോഴത്തെ സ്ഥിതിയും.

കൊച്ചി നഗരം: മഹാരാജാസ് കോളേജ് ഗ്രൗണ്ട്, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, എളമക്കര തുടങ്ങിയ പ്രദേശങ്ങളിലും മരട് നഗരസഭാ പരിധിയിലെ നെട്ടൂർ, മരട് ശാസ്ത്രിനഗർ പ്രദേശം, റെയിൽവേ അണ്ടർപാസ് പരിസരം.

കാക്കനാട്: തുതിയൂർ, നിലംപതിഞ്ഞിമുകൾ, ചിറ്റേത്തുകര, അത്താണി, കൊല്ലംകുടിമുഗൾ.

കളമശ്ശേരി: സബ് സ്റ്റേഷൻ, റോക്ക് വെൽ, പുന്നക്കാട്ട്, മ്യൂസിയം വാർഡുകൾ.

ഏലൂർ നഗരസഭ: മേപ്പിരിക്കുന്ന്, തറമാലി, പുത്തലത്ത്, ടൗൺഷിപ്പ്, പത്തേലക്കാട്, മുട്ടാർ വെസ്റ്റ്, മഞ്ഞുമ്മൽ വെസ്റ്റ്, മഞ്ഞുമ്മൽ.

അങ്കമാലി: ചമ്പന്നൂർ എഫ്.സി.ഐ. ഗോഡൗൺ, വേങ്ങൂർ.

ആലുവ: ആലുവ നഗരസഭ, എടത്തല, ചൂർണിക്കര പഞ്ചായത്തുകളിൽ വ്യാപിച്ചു തുടങ്ങുന്നു.

കരുമാല്ലൂർ: കടുങ്ങല്ലൂർ പഞ്ചായത്തിൽ മൂന്നുമാസം മുമ്പേ പ്രശ്നം തുടങ്ങിയിരുന്നു.

പറവൂർ: 12 വർഷമായി ആഫ്രിക്കൻ ഒച്ചിന്റെ ശല്യമുണ്ട്. തോന്ന്യകാവ്, നന്ത്യാട്ടുകുന്നം, വഴിക്കുളങ്ങര, കിഴക്കേപ്രം, കെടാമംഗലം, വാണിയക്കാട്, വെടിമറ എന്നിവിടങ്ങളിൽ വ്യാപകം.

കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോടിൽ വാഴകൃഷിയെ ബാധിച്ചു.

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ ജാതി, വാഴ കൃഷിയെ ബാധിച്ചു. പെരുമ്പാവൂർ മുനിസിപ്പാലിറ്റി, തൊടാപ്പറമ്പ്, പിഷാരിക്കൽ, ഐമുറി, തോട്ടുവ, ചേരാനെല്ലൂർ എന്നിവിടങ്ങളിലും വ്യാപകം.

കോതമംഗലം: കരിങ്ങഴ, തൃക്കാരിയൂർ, തലക്കോട് എന്നിവിടങ്ങളിൽ വീടുകൾക്കുള്ളിൽ വരെ എത്തി.

കിഴക്കമ്പലം: കുമ്മനോട്, ചൂരക്കോട്, പുക്കാട്ടുപടി ഭാഗങ്ങളിൽ ശല്യം രൂക്ഷം.

കോലഞ്ചേരി: പൂതൃക്ക ഭാഗത്ത് പച്ചക്കറി, വാഴ കൃഷിയെ ബാധിക്കുന്നതിനൊപ്പം വീടുകളിലേക്കും കയറി.

സാമൂഹിക വിപത്ത്

ആഫ്രിക്കൻ ഒച്ച് സാമൂഹിക വിപത്തായി മാറുകയാണ്. ഇവയുടെ പെരുകൽ ആരോഗ്യ പ്രശ്നങ്ങളിലേക്കുൾപ്പെടെ നമ്മെ നയിച്ചേക്കും. മൂന്നു മുതൽ നാലു വർഷം വരെ കൂട്ടായ ശ്രമം ഉണ്ടെങ്കിലേ ഇവയെ തീർത്തും ഇല്ലാതാക്കാൻ സാധിക്കൂ. ഇതിന് മുൻകൈയെടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. സാമൂഹിക അടിസ്ഥാനത്തിലുള്ള നശീകരണം മാത്രമാണ് പോംവഴി

- ഡോ. ഗവാസ് രാജേഷ്, അസി. പ്രൊഫസർ, അഗ്രിക്കൾച്ചറൽ എന്റോമോളജി, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, കാർഷിക സർവകലാശാല.

(ആഫ്രിക്കൻ ഒച്ചുകളെ കുറിച്ച് വർഷങ്ങളായി പഠനം നടത്തുന്നു)

തലച്ചോറിനെ ബാധിച്ചേക്കാം

ആഫ്രിക്കൻ ഒച്ചുകളുടെ സ്രവങ്ങളിൽനിന്നുള്ള നിമ വിരകളിലൂടെ മസ്തിഷ്‌ക ജ്വരം ഉണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. നാടവിരകൾ പോലുള്ള ചെറിയ വിരകളാണിവ. തലച്ചോറിനെയും തലച്ചോറിന്റെ ആവരണത്തെയും ബാധിച്ചേക്കാം. ഇവ മനുഷ്യശരീരത്തിൽ ചെന്നാൽ പനി, ഛർദിൽ, തലവേദന, തളർച്ച തുടങ്ങി അനവധി ലക്ഷണങ്ങൾ ഉണ്ടാകും

-ഡോ. പി.വി. ബൈജു, ന്യൂറോ വിഭാഗം മേധാവി, മെഡിക്കൽ കോളേജ്, തൃശ്ശൂർ,

ശാസ്ത്രീയ പരിഹാരം വേണം

ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാൻ ശാസ്ത്രീയ പദ്ധതികൾ ആവിഷ്‌കരിക്കണം. ഇതു സംബന്ധിച്ച്‌ കൃഷിമന്ത്രിക്കു നിവേദനം നൽകി. കർഷകരുടെ വലിയ ശത്രുവാണ് ഈ ഒച്ച്. സർക്കാർ പദ്ധതികളായ ഹരിതം, സുഭിക്ഷം, ഓണത്തിന് ഒരു മുറം പച്ചക്കറി എന്നിവ വിജയിക്കണമെങ്കിൽ അടിയന്തര ഇടപെടൽ വേണം - കേരള കർഷക സംഘം ജില്ലാ കമ്മിറ്റി