കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ ഇലക്ഷൻ മാനേജ്‌മെന്റ് പാടേ പരാജയമായിരുന്നെന്ന് ഐ.എൻ.ടി.യു.സി. ജില്ലാ നേതൃത്വം. കെ.പി.സി.സി. സമിതിക്ക്‌ മുന്നിലെത്തിയ തൊഴിലാളി നേതാക്കൾ കൊച്ചി, വൈപ്പിൻ, കളമശ്ശേരി മണ്ഡലങ്ങളിൽ ചുക്കാൻ പിടച്ചവരുടെ ഭാഗത്തുനിന്ന്‌ ഗുരുതര വീഴ്ചയുണ്ടായതായി പറഞ്ഞു

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന്‌ പരാതി ഉയർന്ന ആൾക്കാണ് ഇക്കുറി കൊച്ചിയിൽ സീറ്റ് നൽകിയത്. പ്രാദേശിക വികാരത്തെ അവഗണിച്ചാണ് മണ്ഡലത്തിന്‌ പുറത്തുള്ള ഒരാൾക്ക്‌ സീറ്റു നൽകിയത്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥി ഇടപെട്ട്‌ കൊച്ചിയിൽ ലീഗിൽനിന്ന്‌ പുറത്താക്കപ്പെട്ട കൗൺസിലറെ പ്രചാരണത്തിന് ഇറക്കിയത് തിരിച്ചടിയായി. ലീഗിന്റെ വോട്ടുകൾ ഇതോടെ എതിർ ചേരിയിലേക്ക് പോയി.

യുവാക്കളെ സ്വാധീനിക്കാൻ കഴിയുന്ന ആളായിരുന്നില്ല വൈപ്പിനിലെ സ്ഥാനാർത്ഥി. അവിടെ കെ.പി. ഹരിദാസോ കെ.പി. ധനപാലനോ ആയിരുന്നെങ്കിൽ പാർട്ടിക്ക്‌ ജയിക്കാൻ കഴിയുമായിരുന്നുവെന്നും ഐ.എൻ.ടി.യു.സി. നേതാക്കൾ പറഞ്ഞു. കളമശ്ശേരിയിൽ സീറ്റ് പ്രതീക്ഷിച്ചവരായിരുന്നു തിരഞ്ഞെടുപ്പിന്‌ ചുക്കാൻ പിടിച്ചത്. സ്ഥാനാർത്ഥി ജയിച്ചാൽ ഭാവിയിലും സീറ്റ് കിട്ടില്ലെന്നു കരുതി അവർ വോട്ട്‌ മറിച്ചു. സ്ഥാനാർത്ഥിനിർണയത്തിൽ ഐ.എൻ.ടി.യു.സി.യെ തഴഞ്ഞതിലുള്ള പ്രതിഷേധവും അവർ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽപ്പോലും സംഘടനയെ പരിഗണിച്ചില്ല. കൊച്ചി കോർപ്പറേഷനിലെ ചില സീറ്റുകൾ നേതാക്കൾ വിറ്റ് കാശാക്കിയെന്നും അവർ ആരോപിച്ചു.

14 സീറ്റുകളുണ്ടായിട്ടും ഒന്നുപോലും തന്നില്ലെന്ന് മഹിളാ കോൺഗ്രസ് ജില്ലാ നേതൃത്വം പരിതപിച്ചു. ഇനിയെങ്കിലും തെറ്റ് തിരുത്തണം. വനിതകൾ ഉൾപ്പെടുന്ന വിധത്തിൽ പാർട്ടി സംവിധാനം ഉടച്ചുവാർക്കണമെന്നും മഹിളാ നേതാക്കൾ ആവശ്യപ്പെട്ടു. പ്രാദേശിക വികാരം കത്തിച്ചുവിട്ടത്‌ കൊച്ചിയിലും വൈപ്പിനിലും തിരിച്ചടിയായി. കുന്നത്തുനാട്‌ ട്വന്റി 20-യെ മാത്രം ശത്രുവായി കണ്ട് പോരാടിയപ്പോൾ, സീറ്റ് ഇടതുപക്ഷം കൊണ്ടുപോയെന്നും മഹിളാ കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. പാർട്ടി നേതൃത്വത്തിനെതിരേ പ്രവർത്തകരും രൂക്ഷമായി ആക്രമണം നടത്തി. ഗ്രൂപ്പ് കളിച്ച്‌ നേതാക്കൾ പാർട്ടിയെ ഇല്ലാതാക്കുകയാണെന്നും പ്രവർത്തകർ പൊട്ടിത്തെറിച്ചു.

വൈപ്പിൻ, കുന്നത്തുനാട് മണ്ഡലങ്ങളിൽ നിന്നായിരുന്നു പരാതികളേറെയും. യുവജന പ്രാതിനിധ്യം ലഭിച്ച വൈപ്പിനിൽ സ്ഥാനാർത്ഥിയുടെ ഗ്രൂപ്പുകാരായ എ നേതാക്കൾ പോലുമെത്തിയില്ല. കുന്നത്തുനാട് പാർട്ടിക്ക് വേരോട്ടമുള്ള ഉറച്ച സ്ഥലങ്ങളിൽ നിന്നാണ്‌ വോട്ട് പോയത്. അത് പരിശോധിക്കണം. എസ്.ഡി.പി.ഐ. വോട്ടുകൾ ഇടതു പാളയത്തിലേക്ക് എത്തിക്കാൻ മണ്ഡലത്തിലെ ഒരു യുവനേതാവ് ഇടനില നിന്നെന്നും പരാതി വന്നു.

ഇരുന്നൂറോളം പേർ ശനിയാഴ്ച സമിതിക്ക് മുന്നിൽ പരാതിയുമായെത്തി. വിശദമായ റിപ്പോർട്ട് കെ.പി.സി.സി. നേതൃത്വത്തിന്‌ വൈകാതെ നൽകുമെന്നും സമിതി ചെയർമാൻ വി.സി. കബീർ അറിയിച്ചു. നേതാക്കളായ പുനലൂർ മധു, ഖാദർ മങ്ങാട് എന്നിവരായിരുന്നു സമിതി അംഗങ്ങൾ.