തൃപ്പൂണിത്തുറ : താലൂക്കാശുപത്രിയോട് ചേർന്ന് മിനി ബൈപ്പാസ് ജങ്ഷനിൽ പോലീസ് ഗതാഗത പരിഷ്കാരം നടപ്പാക്കുന്നു. മിനി ബൈപ്പാസിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരീക്ഷണാർത്ഥം ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നതെന്ന് പോലീസ് സി.ഐ. അറിയിച്ചു.

ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ ഇവിടെ പോലീസ് വാഹനങ്ങൾ വഴിതിരിച്ച്‌ വിട്ടുതുടങ്ങി. ബോയ്സ് സ്കൂൾ റോഡ് ഭാഗത്തുനിന്ന് ഇടത്തോട്ടു തിരിഞ്ഞ് മിനി ബൈപ്പാസിലേക്ക് വാഹനഗതാഗതം അനുവദിക്കില്ല. അങ്ങനെ പോകേണ്ടതായ വാഹനങ്ങൾ സ്റ്റാച്യൂ- കളിക്കോട്ട പാലസ് റോഡ് വഴി മിനി ബൈപ്പാസിൽ കയറണം.

കണ്ണൻകുളങ്ങര ഭാഗത്തുനിന്ന് മിനി ബൈപ്പാസ് ക്രോസ് ചെയ്ത് നഗരത്തിലേക്ക് വാഹനഗതാഗതം അനുവദിക്കില്ല. ഫാക്ട് നഗർ വഴി കളിക്കോട്ട പാലസ് റോഡിലേക്കും ഗതാഗതം അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

മിനി ബൈപ്പാസിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരസഭാ ചെയർപേഴ്സൺ വിളിച്ചുകൂട്ടിയ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനപ്രകാരം സിറ്റി ട്രാഫിക് ഈസ്റ്റ് അസി. കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തെ തുടർന്നാണ് ട്രാഫിക് പരിഷ്കാരമെന്നും പോലീസ് പറഞ്ഞു.

എന്നാൽ, പോലീസിന്റെ ട്രാഫിക് പരിഷ്കാരം അശാസ്ത്രീയമാണെന്ന് തുടക്കത്തിലേതന്നെ പരാതി ഉയർന്നു. താലൂക്കാശുപത്രിയിലേക്ക് രോഗികളുമായി വാഹനങ്ങളിൽ വരുന്നവർ ദുരിതത്തിലാകില്ലേ എന്ന ചോദ്യവും ഉയരുന്നു.

ബോയ്സ് സ്കൂൾ റോഡിൽനിന്ന്‌ മിനി ബൈപ്പാസിലേക്കുള്ള വാഹനങ്ങൾ സ്റ്റാച്യൂ -കളിക്കോട്ട പാലസ് റോഡിലൂടെ പോകണമെന്നത് പ്രായോഗികമായ നടപടിയല്ല. ഇടറോഡാണിത്.

ഇതിലെ വാഹനങ്ങൾ കൂടുതലായി വരുന്നത് ഈ ഭാഗത്ത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്.

നിലവിൽ ഈ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് മൂലം ചെറുവാഹനങ്ങൾ പോലും ബുദ്ധിമുട്ടിയാണ് പോകുന്നത്. കണ്ണൻകുളങ്ങര ഭാഗത്തുനിന്ന്‌ നേരേ ബസ്‌സ്റ്റാൻഡ് ഭാഗത്തേക്ക് വാഹനങ്ങൾ വിടില്ലെന്നതും ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലാക്കും.