കെ. പത്മജൻ

കൊച്ചി

: കളമശ്ശേരിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരേ മുസ്‌ലിംലീഗ് ജില്ലാ നേതൃത്വം. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും മത്സരിപ്പിച്ചാൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാവുമെന്ന് ജില്ലയിലെ ലീഗ് നേതാക്കൾ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചു.

പാലാരിവട്ടം പാലം അഴിമതിക്കേസ് തിരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരണകേന്ദ്രമായി മാറുമെന്നും ഇത് ജില്ലയിൽ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുമെന്നുമാണ് അവരുടെ വാദം. തദ്ദേശതിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന്റെ വ്യക്തമായ ചിത്രവും നേതൃത്വത്തിന് നൽകി.

ജില്ലയിലെ മുതിർന്ന പത്തുനേതാക്കളൊന്നിച്ച് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.

പണക്കാട്ടുചെന്ന് ഹൈദരാലി ശിഹാബ് തങ്ങളെയും കെ.പി.എ. മജീദിനെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി. വി.കെ. ഇബ്രാഹിംകുഞ്ഞും സീറ്റിനായി ശക്തമായി പിടിച്ചിട്ടുണ്ട്.

സീറ്റില്ലെങ്കിൽ മകനും ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ വി.ഇ. അബ്ദുൾ ഖഫൂറിനെ മത്സരിപ്പിക്കാനാണ് നീക്കം.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ഹാരിസിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം എസ്.ടി.യു.വിൽനിന്ന് ഉയർന്നിട്ടുണ്ട്.

മണ്ഡലത്തിലെ മുതിർന്ന നേതാവ് ടി.എസ്. അബൂബക്കറിനായി ഒരുവിഭാഗമുണ്ട്. മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി എറണാകുളം ജില്ലക്കാരനായ മങ്കട എം.എൽ.എ. ടി.എ. അഹമ്മദ് കബീറിനെ കളമശ്ശേരിയിലേക്ക് കൊണ്ടുവരാനും ആലോചനയുണ്ട്.