കക്കാട് ആറ്റുതീരം റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും നന്നാക്കാൻ നടപടിയില്ല

കെ.കെ. വിശ്വനാഥൻ

പിറവം

: ഒരു പതിറ്റാണ്ടിലേറെയായി കക്കാട് ആറ്റുതീരം റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട്. പഞ്ചായത്തായിരുന്ന പിറവം ഇതിനിടെ നഗരസഭയായി. യു.ഡി.എഫ്. മാറി എൽ.ഡി.എഫ്, ഭരണത്തിലുമെത്തി. രണ്ട് മുന്നണികളും മാറി മാറി ഭരിച്ചിട്ടും കക്കാട് ആറ്റുതീരം റോഡിന് മാത്രം യാതൊരു മാറ്റവുമുണ്ടായില്ല. ഉടൻ നന്നാക്കുമെന്ന തരത്തിലുള്ള ഉറപ്പുകൾ കേട്ടുതുടങ്ങിയിട്ടും കാലങ്ങളേറെയായി.

റോഡിനായി സമരത്തിറങ്ങിയ നാട്ടുകാർ റോഡിൽ നട്ട വാഴയ്ക്ക് വേരുപിടിച്ചു. എന്നിട്ടും തോടുപോലെയായ ആറ്റുതീരം റോഡ് അങ്ങനെതന്നെ. ടാർ പൊളിഞ്ഞ് റോഡ് പലഭാഗത്തും തകർന്നു തരിപ്പണമായി കിടക്കുകയാണ്.

പലഭാഗത്തും വലിയ വെള്ളക്കെട്ടുകളാണ്. കല്ലിങ്കൽപ്പടിയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു. കക്കാട്ടിൽ നെച്ചൂർ കടവിനടുത്ത് ഇടമലപ്പടി ഭാഗത്ത് വലിയ ഗർത്തവും വെള്ളക്കെട്ടുമുണ്ട്. മഴ കനക്കുമ്പോൾ ഈഭാഗം പുഴപോലെയാകും.

നാലു കിലോമീറ്ററോളം റോഡ് ഇത്ര തകർന്നിട്ടും ബന്ധപ്പെട്ട ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ടെൻഡർ ആയെന്നും ഉടൻ നന്നാക്കുമെന്നും പറഞ്ഞ് കബളിപ്പിക്കുകയാണെന്നാണ് അവർ പറയുന്നത്.

പിറവത്ത് ജെ.എം.പി. ആശുപത്രി പരിസരത്ത് പാമ്പ്രാസ് കവലയിൽ നിന്നാരംഭിക്കുന്ന ആറ്റുതീരം റോഡ് പടിപ്പുര, കല്ലിങ്കൽപ്പടി, ചേമ്പാലപ്പടി തെങ്ങുംതറയിൽപ്പടി വഴി നെച്ചൂർ കടവിനടുത്താണ് തീരുന്നത്. കല്ലിങ്കൽപ്പടിയിൽ നിന്ന് കക്കാട് ഗവ. യു.പി. സ്കൂൾ, ശ്രീപുരുഷമംഗലം ക്ഷേത്രം വഴി കക്കാട് എസ്.എൻ.ഡി.പി. കവല വരെയുള്ള രണ്ടു കിലോമീറ്ററോളം വരുന്ന അനുബന്ധ റോഡും തകർന്നുകിടക്കുകയാണ്.

ജല അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ട് മൂടിയ ഈ ഭാഗവും തീർത്തും സഞ്ചാരയോഗ്യമല്ല. ഓട്ടോ റിക്ഷക്കാർക്ക് ആറ്റുതീരം റോഡിലൂടെ ഒാട്ടം പോകാൻ പേടിയാണ്. കാരണം, വണ്ടിയുടെ കാര്യം കട്ടപ്പുകയാകും. ഈ രണ്ട് റോഡുകളും കാൽനട യാത്രയ്ക്കുപോലും കൊള്ളാതായതോടെ നഗരസഭയിലെ ഒന്ന്, നാല് ഡിവിഷനുകൾ ഉൾക്കൊള്ളുന്ന പ്രദേശത്തെ ജനങ്ങൾക്ക് വീട്ടിൽ നിന്ന്‌ പുറത്തിറങ്ങാൻ കഴിയാതായി.

ആറ്റുതീരം റോഡിൽ പാമ്പ്രാസ് കവല മുതൽ നെല്ലിക്കൽപ്പടി വരെയുള്ള ഭാഗം മുൻ ഭരണസമിതിയുടെ കാലത്ത് ടാർചെയ്തിരുന്നു. ടാറിങ് മുഴുവനാക്കാത്തത് വലിയ ആക്ഷേപത്തിനിടയാക്കി. വിവിധയിടങ്ങളിൽനിന്ന് ‘പാഴൂർ പടിപ്പുര’യിലേക്ക് പിറവത്തുനിന്ന് ഈവഴിയാണ് പോകുന്നത്. നാട്ടുകാരും മറുനാട്ടുകാരുമടക്കം നൂറ്കണക്കിനുപേർ ഉപയോഗിക്കുന്ന റോഡിന് ഈഭാഗത്ത് ‘പടിപ്പുര റോഡ്‌’ എന്നും പേരുണ്ട്.

മഴ മാറിയാൽ പണി തുടങ്ങും

റോഡ് നന്നാക്കാൻ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ നിന്ന് 27 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ വിളിച്ച് ഉറപ്പിച്ച പണികൾ ഉടൻ ആരംഭിക്കും. വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ കട്ട വിരിക്കും. എം.എൽ.എ. ഫണ്ടിൽ നിന്ന് അനൂപ് ജേക്കബ്‌ അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് ശേഷിക്കുന്ന ഭാഗങ്ങൾ ടാർ ചെയ്യും.

ആർ. പ്രശാന്ത്

നഗരസഭ ഒന്നാം ഡിവിഷൻ കൗൺസിലർ