അരൂർ : തലയ്ക്ക്‌ അടിയേറ്റ് അനുജൻ മരിച്ച സംഭവത്തിൽ ജ്യേഷ്ഠൻ പോലീസിൽ കീഴടങ്ങി. കുത്തിയതോട് പള്ളിത്തോട് ചെട്ടിവേലിക്കകത്ത് തങ്കച്ചന്റെ മകൻ ഷാർവിൻ എന്നുവിളിക്കുന്ന ഇമ്മാനുവലിനെ (22) കൊലപ്പെടുത്തിയ കേസിലാണ് സഹോദരൻ ഷാരോൺ (24) ശനിയാഴ്ച വൈകീട്ട് ചേർത്തല ഡിവൈ.എസ്.പി പി.ബി. വിജയൻ മുൻപാകെ കീഴടങ്ങിയത്. ഈമാസം 12-നായിരുന്നു കേസിനാസ്പദമായ സംഭവം.

ഇമ്മാനുവലും ഷാരോണും മത്സ്യത്തൊഴിലാളികളാണ്. പുലർച്ചെ മത്സ്യബന്ധനത്തിന് പോകുന്നതിന് എഴുന്നേൽക്കാൻ താമസിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ എത്തുകയായിരുന്നു.

ഷാരോണിന്റെ ആക്രമണത്തിൽ ഇമ്മാനുവലിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന് മുകളിൽനിന്ന് വീണെന്നു പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഇമ്മാനുവൽ 21-നാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് തെളിഞ്ഞത്.

ഇമ്മാനുവലിന്റെ മരണത്തെ തുടർന്ന് ഷാരോൺ ഒളിവിലായിരുന്നു. ഇമ്മാനുവലിനെ വെട്ടാൻ ഉപയോഗിച്ച രക്തംപുരണ്ട അരിവാൾ പോലീസ് കണ്ടെടുത്തു. ഷാരോണിനെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.