വരാപ്പുഴ : നാടിന് ആവേശമായി പൊക്കാളി കൊയ്ത്തുമത്സരം. കൈതാരം പാടശേഖരത്തിൽ പറവൂർ ബ്ലോക്ക് പഞ്ചായത്തും പാടശേഖര സമിതിയും ചേർന്നൊരുക്കിയ പൊക്കാളി കൊയ്ത്തുമത്സരം കാണികൾക്കും മത്സരാർഥികൾക്കും ഒരുപോലെ ആവേശമായി. പ്രതികൂല കാലവസ്ഥയിലും കൊയ്ത്തുമത്സരം കാണാനെത്തിയത് നിരവധിയാളുകൾ കൂടി.

കൈതാരം പാടശേഖരത്തിൽ നടത്തിയ കൊയ്ത്തുമത്സരം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ പങ്കെടുക്കാനെത്തിയവരെ നാടൻ തോർത്തുമുണ്ട് നൽകിയാണ് മന്ത്രി വരവേറ്റത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഷാജി, രശ്മി അനിൽകുമാർ, കെ.ഡി. വിൻസന്റ്, ചാന്ദിനി ഗോപകുമാർ, ദിവ്യ ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷാരോൺ പനയ്ക്കൽ, എ.എസ്. അനിൽകുമാർ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ഷീല പോൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ജി. ജിഷ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.എം. ലൈല, കൃഷി ഓഫീസർ കെ.സി. റെയ്ഹാന, അസിസ്റ്റന്റ് എസ്.കെ. ഷിനു തുടങ്ങിയവർ പങ്കെടുത്തു.

വനിതകളുടെ മത്സരത്തിൽ കോട്ടുവള്ളി സ്വദേശിനി പുഷ്പ വിജയൻ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ജലജയും മൂന്നാം സ്ഥാനം പാർവതിയും നേടി. ഇരുവരും കോട്ടുവള്ളി സ്വദേശിനികളാണ്. യുവാക്കൾക്കായി നടത്തിയ മത്സരത്തിൽ എഡ്വിൻ ജോർജ്‌, ഗോഡ്വിൻ ജോർജ്‌, എം. മിഥുൻ എന്നിവർക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.

വിദ്യാർഥികൾക്കുള്ള മത്സരത്തിൽ ഒന്നാം സ്ഥാനം കൂനമ്മാവ് സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് ഹോമിലെ എഡ്വിൻ തോമസ്, ഗോഡ്‌വിൻ തോമസ്, ടി. മിഥുൻ എന്നവരാണ് വിജയികൾ. വിജയികൾക്ക് മന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് കാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു.