കൊച്ചി: പൂന്തോട്ടത്തിൽ സൗഹൃദത്തിന്റേയും സന്തോഷത്തിന്റേയും ചിത്രശലഭങ്ങളെപ്പോലെ അവരെല്ലാം കൂടുകൂട്ടാനെത്തി. വീടുകൾക്കുള്ളിൽ കുടുംബത്തിലെ ജോലികളും ചുമതലകളുമായി കഴിയുന്ന വീട്ടമ്മമാരെപ്പോലെയാണോ ഫ്ളാറ്റിൽ കഴിയുന്ന ജോലിയില്ലാത്ത സ്ത്രീകൾ...?
കലൂർ സ്റ്റേഡിയത്തിനടുത്തുള്ള കെന്റ് ഹെയ്ൽ ഗാർഡൻ ഫ്ളാറ്റിലെ സ്ത്രീകൾ ഒത്തുകൂടിയപ്പോൾ ഒരു കാര്യം മനസ്സിലായി; ‘ഫ്ളാറ്റമ്മ’മാർ ഹാപ്പിയാണ്.
ഞങ്ങൾക്ക് എല്ലാം അടിപൊളി
കെന്റ് ഹെയ്ൽ ഗാർഡൻ ഫ്ളാറ്റിന്റെ രണ്ടാം നിലയിലെ പൂന്തോട്ടത്തിലാണ് അവരെയെല്ലാം കണ്ടത്. ചേർത്തല സ്വദേശി ഗീത മുരളി അഞ്ചു വർഷം മുമ്പാണ് ഫ്ളാറ്റിലെത്തിയതെങ്കിൽ തൊടുപുഴക്കാരി ലിബാസ് സാദിഖ് എത്തിയിട്ട് ഏഴു വർഷമായി. മുംബൈക്കാരി അനീറ്റ ടാറ്റുവും തൃശ്ശൂരിൽനിന്നുള്ള ജയശ്രീ സുധീറും എറണാകുളത്തുകാരി ഗീത അരവിന്ദും പത്തുകൊല്ലം മുമ്പ് ഫ്ളാറ്റിന്റെ സന്തോഷത്തിലേക്ക് കൂടുകൂട്ടിയവരാണ്. ഇവർക്കൊപ്പം ചേർന്ന ചെർപ്പുളശ്ശേരിക്കാരി മഞ്ജുള സുരേഷ് അഞ്ചുവർഷം മുമ്പും എളമക്കര സ്വദേശി സുമയ്യ സനൂപ് ഒരു വർഷം മുമ്പുമാണ് ഇവിടെയെത്തിയത്.
“വീട്ടമ്മമാരായ ഞങ്ങൾക്ക് ഫ്ളാറ്റ്‌ജീവിതം വളരെ രസകരമാണ്. സത്യത്തിൽ ജോലിയില്ലാത്ത സ്ത്രീകൾക്ക് വീട്ടിൽ കഴിയുന്നതിനെക്കാൾ രസകരമായും സന്തോഷമായും ഫ്ളാറ്റിൽ കഴിയാനാകും. സ്നേഹവും സൗഹൃദവും സന്തോഷവുമൊക്കെ പങ്കിടാൻ ഞങ്ങളെപ്പോലെയുള്ള കുറെപ്പേർ അരികിലുള്ളതു തന്നെയാണ് ഏറ്റവും വലിയ കാര്യം. അടിപൊളിയായാണ് ഞങ്ങൾ ഇവിടെ കഴിയുന്നത്” - ജയശ്രീ പറഞ്ഞു.
മുംബൈ ടു കൊച്ചി
മുംബൈയിൽനിന്ന് കൊച്ചിയിലെത്തി ‘ഫ്ളാറ്റമ്മ’യായ കഥയാണ് അനീറ്റ പറഞ്ഞത്. “മുംബൈയിൽ ജനിച്ചു വളർന്ന എനിക്ക് അവിടെ ജോലിയുമുണ്ടായിരുന്നു. കല്യാണത്തിനു ശേഷം കൊച്ചിയിലെത്തിയപ്പോൾ വീട്ടിലെ ചില സാഹചര്യങ്ങൾ മൂലം ബാങ്കിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ജോലിയില്ലാതായതോടെ ആകെ ബോറടിയാകുമെന്നു കരുതിയ എന്റെ ജീവിതത്തിന് നിറങ്ങൾ തന്നത് ഇവിടത്തെ വീട്ടമ്മമാരാണ്. എല്ലാ കാര്യത്തിലും വലിയ പിന്തുണ തന്ന്, അവരെല്ലാം കൂടെ നിന്നതുകൊണ്ട് ഇപ്പോൾ ഞാൻ ആളാകെ മാറി’’-അനീറ്റ പറഞ്ഞു.
കൃഷിപാഠം
ഫ്ളാറ്റിൽ ജോലിയില്ലാതെ കഴിയുന്ന സ്ത്രീകളുടെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് കൃഷിയാണ്. “എന്റെ ഫ്ളാറ്റിൽ ഇപ്പോൾ 110 ചെടിച്ചട്ടികളുണ്ട്. ഒപ്പം തക്കാളിയും പച്ചമുളകും വെണ്ടക്കയും ചീരയുമൊക്കെ ഞാൻ കൃഷി ചെയ്യുന്നുണ്ട്” - ജയശ്രീ പറഞ്ഞു.
“എന്റെ ഫ്ളാറ്റിൽ മാവും പ്ലാവും മുരിങ്ങയുമൊക്കെയുണ്ട്. റോസും ചെത്തിയും ചെമ്പരത്തിയും മുല്ലയും അടക്കം കുറേ പൂക്കളുമുണ്ട്. ഫ്ളാറ്റിലെ ഇത്തിരി സ്ഥലത്തും നിങ്ങൾക്ക് വേണമെങ്കിൽ നല്ല രീതിയിൽ കൃഷി ചെയ്യാം” -ഗീത പറയുന്നു.
കോവിഡിലെ കൂട്ടായ്മ
ഫ്ളാറ്റ് ജീവിതത്തിലെ ഏറ്റവും വലിയ കൂട്ടായ്മ കാണിച്ച ദിനങ്ങളായിരുന്നു കോവിഡ് കാലമെന്ന് അവരെല്ലാം ഒരേ പോലെ പറയുന്നു.
“എനിക്കും ഭർത്താവിനും കോവിഡ് വന്നപ്പോൾ ഞങ്ങൾ ഏറ്റവും മുകളിലെ ഫ്ളാറ്റിലേക്ക് ക്വാറന്റീനിൽ പോയി. ആ സമയത്ത് ഇവരെല്ലാമാണ് ഭക്ഷണം എത്തിച്ചുതന്നത്. കോവിഡാണെന്നു കരുതി പേടിച്ച് അവരൊന്നും ഞങ്ങളെ ഉപേക്ഷിച്ചില്ല” - ഗീതയുടെ ഈറനണിഞ്ഞ കണ്ണുകളിൽ കൂട്ടുകാരികളോടുള്ള കടപ്പാട് തെളിഞ്ഞു. കൂട്ടുകാരിയെ ചേർത്തുപിടിച്ച് ജയശ്രീ കാതിൽ പറഞ്ഞു: “മരിക്കുന്നതുവരെ നമുക്കെല്ലാം ഇവിടെത്തന്നെ ഇത്രമേൽ സ്നേഹിച്ച് കഴിയണ്ടേ...”