കൊച്ചി : ഒടുവിൽ ചിത്രം തെളിഞ്ഞു. ഡമ്മികളെ ഒഴിവാക്കി സ്ഥാനാർത്ഥികൾ കളം നിറഞ്ഞു. അവസാനവട്ട ചർച്ചകളും കഴിഞ്ഞപ്പോൾ ജില്ലാ പഞ്ചായത്തിൽ റിബൽ ശല്യം ഒഴിവായി. എന്നാൽ കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകളിലും റിബലുകൾ ശക്തമായുണ്ട്.

കോൺഗ്രസിനാണ് റിബൽ കൂടുതൽ. രണ്ടുദിവസംകൂടി റിബലുകൾക്ക് സമയം അനുവദിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതിനിടെ മാനസാന്തരം വന്ന് ഒറിജിനൽ സ്ഥാനാർത്ഥിക്കൊപ്പം വോട്ടുപിടിക്കാൻ ഇറങ്ങണം. അതിനുള്ള ക്ഷണവും മറ്റും പ്രാദേശിക തലത്തിൽ നേതാക്കൾ ചെയ്യുന്നുണ്ട്. അതും അവഗണിച്ച് റിബലുകൾ മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ ശക്തമായ നടപടിയെടുക്കും.

ആറു വർഷത്തേക്ക് റിബലുകളെ പാർട്ടിയിൽനിന്ന് പുറത്താക്കും. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ കഴിയില്ല. ആൾ റിബലാണെന്ന കത്ത് മണ്ഡലം, ബ്ലോക്ക്‌ പ്രസിഡന്റുമാർ ഡി.സി.സി. നേതൃത്വത്തിനു നൽകുന്നതോടെ മറ്റു നോട്ടീസുകളൊന്നുമില്ലാതെ തന്നെ പാർട്ടി നടപടി സ്വീകരിക്കാനാണ് തീരുമാനം.

സി.പി.എമ്മിനു കുറച്ചു സ്ഥലങ്ങളിൽ റിബലുകളുണ്ട്. എന്നാൽ പാർട്ടി അംഗങ്ങൾ റിബലുകളായിവളരെ കുറവാണ്. കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ റിബൽ സ്ഥാനാർത്ഥിയായ സി.പി.എം. വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ കളമശ്ശേരി ഏരിയ പ്രസിഡന്റുമായ ബിന്ദു മനോഹരനെ പാർട്ടിയിൽനിന്ന് പുറത്താക്കി.

സീറ്റുവിഭജനത്തിലെ തർക്കങ്ങൾ മൂലം ചിലയിടങ്ങളിൽ ഘടക കക്ഷികൾ സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് ഇടതുമുന്നണിയുടെ പ്രതിസന്ധി. ഇക്കാര്യത്തിൽ പാർട്ടി തലത്തിൽ നടപടി സ്വീകരിക്കാനും സാധിക്കില്ല. ഏതാനും പഞ്ചായത്തുകളിൽ സി.പി.ഐ. സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. മഴുവന്നൂർ പഞ്ചായത്തിലാണ് സി.പി.എം.-സി.പി.ഐ. തർക്കം രൂക്ഷം. സീറ്റുമാറ്റത്തർക്കം പരിഹരിക്കാൻ കഴിയാത്ത വിധത്തിലാണ്. എട്ടു സീറ്റിൽ സി.പി. ഐ.ക്ക്‌ സ്വന്തം സ്ഥാനാർത്ഥികളുണ്ട്. കോതമംഗലം മുനിസിപ്പാലിറ്റിയിലും കീരമ്പാറ പഞ്ചായത്തിലും ഇരുപാർട്ടികളും തർക്കം അവസാനനിമിഷം പരിഹരിച്ചു. തൃക്കാരിയൂരിൽ സി.പി.ഐ. സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി പ്രതിഷേധിക്കുന്നുണ്ട്.

പല്ലാരിമംഗലത്തും സി.പി.ഐ. സ്വന്തം നിലയിൽ മത്സരിക്കുന്നുണ്ട്. കൊച്ചി കോർപ്പറേഷനിൽ പോണേക്കര ഡിവിഷനിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവിടെ സി.പി.എം. സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തി.മൂവാറ്റുപുഴ ആയവന ഡിവിഷനിൽ കേരള കോൺഗ്രസ് ജേക്കബ്ബിന്റെ സ്ഥാനാർത്ഥിക്കെതിരേ കേരള കോൺഗ്രസ് ജോസഫ് രംഗത്തുണ്ട്.

ജില്ലാ പഞ്ചായത്ത് കറുകുറ്റി ഡിവിഷനിൽ ബി.ജെ.പി.യും ശിവസേനയും സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ പത്തോളം ഡിവിഷനുകളിൽ ബി.ജെ.പി.ക്ക് റിബലുണ്ട്. കടുങ്ങല്ലൂർ പഞ്ചായത്തിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയുടെ പത്രിക വ്യാജരേഖ സമർപ്പിച്ച് തള്ളാൻ ശ്രമം നടന്നു. വരണാധികാരി നടത്തിയ പരിശോധനയിൽ രേഖ വ്യാജമാണെന്ന് കണ്ടെത്തി.

റിബലായ എൽ.സി. അംഗത്തെ സി.പി.എം. പുറത്താക്കി

കളമശ്ശേരി : സി.പി.എം. കളമശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റുമായ ബിന്ദു മനോഹരനെ, പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാൽ പുറത്താക്കിയതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

ബിന്ദു മനോഹരൻ 34-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയാണ്. 34-ാം വാർഡ് കൗൺസിലറായിരുന്നു. 2010-ൽ കൂനംതൈ വാർഡിൽ നിന്നും വിജയിച്ചിട്ടുണ്ട്.

ഇപ്രാവശ്യം 34-ാം വാർഡ് ജനറൽ സീറ്റ് ആയതുകൊണ്ട് അവിടെ സ്വതന്ത്രനെ മത്സരിപ്പിക്കാൻ സി.പി.എം. തീരുമാനിച്ചിരുന്നു. ബിന്ദു മനോഹരനോട് 39-ാം വാർഡിൽ മത്സരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ പാർട്ടിനിർദേശം അനുസരിക്കാൻ തയ്യാറായിരുന്നില്ല. ഇക്കാരണത്താലാണ് ബിന്ദു മനോഹരനെ പുറത്താക്കുന്നതെന്നും സെക്രട്ടറി ടി.ടി. രതീഷ് പറഞ്ഞു.