കൊച്ചി : ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കാവശ്യമായ കിറ്റ് സ്വകാര്യ ലാബുകാർക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി നൽകാൻ സമ്മതമാണെന്ന്‌ സർക്കാർ ഹൈക്കോടതിയിൽ.

ആർ.ടി.പി.സി.ആർ. പരിശോധനയുടെ നിരക്ക് 500 രൂപയായി കുറച്ച ഉത്തരവ് ചോദ്യംചെയ്ത് സ്വകാര്യ ലാബുകാർ നൽകിയ ഹർജി പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

സ്വകാര്യലാബുകാർക്ക് പരിശോധനയ്ക്കാവശ്യമായ സാധനങ്ങൾ നൽകുന്നത് പരിഗണിക്കാനാകുമോ എന്ന് കോടതി നേരത്തേ ആരാഞ്ഞിരുന്നു.

സർക്കാർ ഉത്തരവ് ഉടനുണ്ടാകുമെന്ന പ്രതീക്ഷയിൽ, സ്വകാര്യലാബുകൾ അവരുടെ ഓർഡറുകൾ നൽകാനും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഇവ വിതരണം ചെയ്യാനും വേണ്ടുന്ന നടപടികൾ സ്വീകരിക്കാനും ജസ്റ്റിസ് ടി.ആർ. രവി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു. ഹർജി 30-ന് വീണ്ടും പരിഗണിക്കും.