തൃപ്പൂണിത്തുറ : ‘മതനിരപേക്ഷ വികസിത കേരളം, കരുത്താകുന്ന ജനകീയ വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യവുമായി കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ.) ജില്ലാ സമ്മേളനം തൃപ്പൂണിത്തുറയിൽ തുടങ്ങി. ഗവ. ബോയ്‌സ് എച്ച്.എസ്.എസിലെ ‘മുണ്ടശ്ശേരി മാസ്റ്റർ നഗറി’ൽ സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് ജി. ആനന്ദകുമാർ അധ്യക്ഷത വഹിച്ചു.
ചരിത്രചിത്ര പ്രദർശനം സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ, വൈസ് പ്രസിഡന്റ് എൽ മാഗി, കെ.വി. ബെന്നി, സ്വാഗത സംഘം ചെയർമാൻ പി. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളന ലോഗോ രൂപകല്പന ചെയ്ത ബിനോജ് വാസുവിന് ഉപഹാരം നൽകി. പ്രതിനിധി സമ്മേളനത്തിൽ എസ്. സബിത സംഘടനാ രേഖ അവതരിപ്പിച്ചു. പി.എം. ഷൈനി രക്തസാക്ഷി പ്രമേയവും ബിനോജ് വാസു അനുശോചന പ്രമേയവും ഏലിയാസ് മാത്യു പ്രവർത്തന റിപ്പോർട്ടും സി. ജയശ്രീ കണക്കും അവതരിപ്പിച്ചു.
വൈകീട്ട് ലായം കൂത്തമ്പലത്തിൽ പൊതുസമ്മേളനം എം. സ്വരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കർ, കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ബി. സുരേഷ് എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.