കൂത്താട്ടുകുളം : നിയന്ത്രണംവിട്ട കാർ കൂത്താട്ടുകുളത്ത് പത്ര ഏജന്റുമാരുടെയും വിതരണക്കാരുടെയും ഇടയിലേക്ക് പാഞ്ഞുകയറി. ഏജന്റുമാർ ഓടിമാറിയതിനാൽ പരിക്കേറ്റില്ല. എന്നാൽ, അവരുടെ വാഹനങ്ങൾക്ക് കേടുപറ്റി. ശനിയാഴ്ച പുലർച്ചെ കൂത്താട്ടുകുളത്ത് പടിക്കൻസ് വസ്ത്രവ്യാപാര സ്ഥാപനത്തിന് മുന്നിലാണ് സംഭവം.
റോഡിന്റെ വശത്തുള്ള കെ.എസ്.ടി.പി.യുടെ തെരുവു വിളക്കുകാൽ ഇടിച്ചുതെറിപ്പിച്ച കാർ 50 മീറ്റർ മാറി നിന്നു. വിളക്കുകാലിൽ കാറിടിച്ച ശബ്ദം കേട്ടതോടെ വസ്ത്രശാലയ്ക്ക് മുന്നിൽ പത്രം അടുക്കിക്കെട്ടിക്കൊണ്ടിരുന്ന ഏജന്റുമാർ ഓടിമാറി. കടയുടെ മുന്നിലുണ്ടായിരുന്ന വാൻ, സ്കൂട്ടറുകൾ എന്നിവയ്ക്ക് കേടുപറ്റി.
വിളക്കുകാൽ വാനിന്റെ മുകളിലേക്കാണ് മറിഞ്ഞുവീണത്. കാറിലുണ്ടായിരുന്നവരെ പരിക്കുകളോടെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.