കാക്കനാട്: മൂന്നു വിഭാഗത്തിലുള്ള വോട്ടർമാർക്ക് തപാൽ വോട്ട് സൗകര്യമൊരുക്കുമെന്ന്‌ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടീക്കാറാം മീണ. 80 വയസ്സുകഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ എന്നിവർക്കാണത്. ഇവരുടെ പട്ടിക ജില്ലാതലത്തിൽ തയ്യാറാക്കും. തപാൽ വോട്ട്‌ രീതി പഞ്ചായത്തു തിരഞ്ഞെടുപ്പിലേതിൽനിന്ന്‌ വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ മുഖേനയാണ് തപാൽ വോട്ടിനുള്ള തയ്യാറെടുപ്പു നടത്തുക. അർഹത ഉറപ്പാക്കും. സഞ്ചരിക്കുന്ന പോളിങ് സ്റ്റേഷൻറെ മാതൃകയിലാകും ഈ സംവിധാനം പ്രവർത്തിക്കുക. തപാൽ ബാലറ്റുകളുടെ വിതരണം ഈ പ്രത്യേക സംഘം നടത്തും. സംഘത്തിൽ രണ്ടു പോളിങ് ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ, പ്രദേശത്തെ ബി.എൽ.ഒ.മാർ എന്നിവരുണ്ടാകും. ബാലറ്റ് വിതരണ സമയം എല്ലാ സ്ഥാനാർഥികളെയും അറിയിക്കും. സ്ഥാനാർഥിക്കോ പോളിങ് ഏജൻറിനോ ഈ സംഘത്തിനൊപ്പം ചേരാം. തപാൽ വോട്ടിങ് നടക്കുമ്പോൾ സ്ഥാനാർഥി, ഏജൻറ് അടക്കമുള്ളവർ പുറത്തു നിൽക്കണം. കോവിഡ് ബാധിതൻറെ വോട്ടിനായി പോകുന്നവർ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം.

പ്രശ്നബാധിത ബൂത്തുകൾ

ജില്ലയിൽ 21 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ദുർബല വിഭാഗത്തിലെ വോട്ടർമാരെ ദുരുപയോഗിക്കാൻ സാധ്യതയുള്ള ഒറ്റ ബൂത്തും ജില്ലയിലില്ല. കള്ളവോട്ട് തടയുന്നതിൽ പോളിങ് ഏജൻറുമാർ പ്രധാനമാണെന്നും മീണ പറഞ്ഞു.

കോവിഡ് സാഹചര്യത്തിൽ കൂടുതൽ ഉപ പോളിങ് സ്റ്റേഷനുകൾ വേണ്ടിവരുമെന്നും മീണ പറഞ്ഞു. ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി ആയിരം വോട്ടർമാരെയാണ് അനുവദിക്കുക. സംസ്ഥാനത്ത്‌ 25,040 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 15,730 പോളിങ് സ്റ്റേഷനുകൾ കൂടുതലായി വേണ്ടിവരും.

പ്രധാന പോളിങ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലോ അതിൻറെ 200 മീറ്റർ ചുറ്റളവിലോ ആയിരിക്കും ഉപ പോളിങ് സ്റ്റേഷൻ. പാർട്ടികളുടെ സമ്മതത്തോടെയാകും ഉപ പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കുകയെന്നും മീണ പറഞ്ഞു.

ജില്ലയിലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്താനെത്തിയ മീണ വിവിധ തിരഞ്ഞെടുപ്പ് ചുമതലകളുള്ള ഉദ്യോഗസ്ഥർക്കു നിർദേശങ്ങൾ നൽകി. കളക്ടർ എസ്. സുഹാസ്, ഡെപ്യൂട്ടി കളക്ടർ (തിരഞ്ഞെടുപ്പ്) ജി.ഒ.ടി. മനോജ്, സബ് കളക്ടർ ഹാരിസ് റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

മീണയുടെ മുന്നറിയിപ്പ്

* തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറിയാൽ സസ്പെൻഷനും പ്രോസിക്യൂഷനുമടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കും.

* കള്ളവോട്ടിന് ശ്രമിക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങളിൽ നടപടി സ്വീകരിക്കാത്ത പോളിങ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കും.

മീണയുടെ ഉറപ്പ്

* തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും കോവിഡ് വാക്സിൻ നൽകും.

* സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പൂർണ സുരക്ഷ ഒരുക്കും

* പ്രശ്നബാധിത ബൂത്തുകളിൽ നിയോഗിക്കുന്ന പോളിങ് ഏജൻറുമാർക്ക് പ്രത്യേക സുരക്ഷ ഒരുക്കും.