: മൂവാറ്റുപുഴയുടെ അടിസ്ഥാന മേഖലയിലും ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക രംഗങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കി. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി കോടിക്കണക്കിനു രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കാനായി.

* മൂവാറ്റുപുഴ ടൗൺ വികസനത്തിനു തുടക്കമിട്ടു. 135 പേരുടെ സ്ഥലമേറ്റെടുക്കേണ്ടതിൽ 82 പേരുടെ ഏറ്റെടുത്തു. 17.30 കോടി നൽകി. 53 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിനും നിർമാണത്തിനുമായി 32.14 കോടി കിഫ്ബിയിൽനിന്നനുവദിച്ചു.

* ബൈപ്പാസ് നിർമാണത്തിന് 64 കോടി രൂപയ്ക്ക് കിഫ്ബി അംഗീകാരം. മാറാടി വില്ലേജിലെ 1.26 ഹെക്ടർ സ്ഥലമേറ്റെടുക്കാനായി കാണാതായ സർവേക്കല്ലുകൾ പുനഃസ്ഥാപിച്ചു. ഭൂമി പരിവർത്തന നടപടികൾ പൂർത്തിയാക്കി.

* മൂവാറ്റുപുഴ പി.പി. എസ്തോസ് സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിന് കിഫ്ബിയിൽനിന്ന്‌ 32.55 കോടിയുടെ അംഗീകാരം നേടി. ടെൻഡർ പൂർത്തിയായി.

* റീബിൽഡ് കേരള പദ്ധതിയിൽ മണ്ഡലത്തിലെ രണ്ടു റോഡുകൾക്ക് 165 കോടി രൂപ. മൂവാറ്റുപുഴ-പെരുമാംകണ്ടം കോട്ട റോഡിന് 83 കോടി രൂപയും കക്കടാശ്ശേരി-കാളിയാർ റോഡിന് 82 കോടിയും.

* ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി മൂവാറ്റുപുഴ-തൊടുപുഴ റോഡിനും മൂവാറ്റുപുഴ-വല്ലം വരെയുള്ള എം.സി. റോഡിന്റെ നിർമാണത്തിനുമായി 27 കോടി രൂപ. പൊതുമരാമത്ത് റോഡുകളെല്ലാം ബി.എം.ബി.സി. നിലവാരത്തിൽ ടാർ ചെയ്തു.

* മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ 20 കോടിയുടെ വികസനം. 99.60 ലക്ഷം രൂപ ചെലവിട്ട് പുതിയ ഒ.പി. അനക്സ് ബ്ലോക്ക്. ഡയാലിസിസ് സെന്റർ തുടങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ നവീകരണത്തിന് 2.6 കോടി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് 1.50 കോടി, ചുറ്റുമതിലും കവാടവും നിർമിക്കുന്നതിന് 50 ലക്ഷം, ഓങ്കോളജി ബ്ലോക്ക് നിർമാണത്തിന് അഞ്ചു കോടി എന്നിവ നല്കി.

* എട്ട്‌ കുടുംബാരോഗ്യ കേന്ദ്രങ്ങൾ.

* പാലക്കുഴ-ആരക്കുഴ കുടിവെള്ള പദ്ധതി (13.50 കോടി), പൈങ്ങോട്ടൂർ കുടിവെള്ള പദ്ധതി (28.82 കോടി) പൂർത്തിയാക്കി.

* സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കി. മാറാടി 110 കെ.വി. സബ് സ്റ്റേഷൻ നിർമാണം പൂർത്തിയാക്കി. വാഴക്കുളം സബ്‌സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു..

* വിദ്യാലയങ്ങൾക്ക് 10 കോടി. മൂവാറ്റുപുഴ മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി, പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി, മണിയന്ത്രം, സൗത്ത് മാറാടി, കായനാട്, പുളിന്താനം സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കി.

ഒരു പതിറ്റാണ്ട് പിറകിലേക്ക്

ജോസഫ് വാഴയ്ക്കൻ (കോൺഗ്രസ്)

മുൻ എം.എൽ.എ.

: മൂവാറ്റുപുഴയുടെ സുപ്രധാന വികസന പദ്ധതികളെല്ലാം നിലയ്ക്കുകയോ മരവിക്കുകയോ ചെയ്തു. വീണ്ടും ഒരു പതിറ്റാണ്ട് പിറകിലേക്കു മൂവാറ്റുപുഴയെ തള്ളിനീക്കി. സുപ്രധാനമായ ഒരു പദ്ധതിയും മൂവാറ്റുപുഴയിലെത്തിയില്ല.

* മൂവാറ്റുപുഴ ടൗൺ ബൈപ്പാസ് കടാതി മുതൽ മുറിക്കല്ലു വരെയുള്ള റോഡും മുറിക്കല്ല് പാലവും കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്തു പണി പൂർത്തിയാക്കിയതാണ്. പിന്നീട് ഒന്നും നടന്നില്ല. രണ്ടുതവണ അനുവദിച്ച പണം നഷ്ടപ്പെടുത്തി.

* കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് യു.ഡി.എഫിന്റെ കാലത്ത് 75 ശതമാനം പണി പൂർത്തിയാക്കിയതാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അതിൽ ഒരു കല്ലുപോലും കൂടുതൽ വയ്ക്കാൻ കഴിഞ്ഞിട്ടില്ല. ലേലത്തിൽ മുറിയെടുത്തവർ പ്രതിസന്ധിയിലായി.

* മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോലീസ് സർജൻ ഉൾെപ്പടെ 33 പോസ്റ്റുകൾ അനുവദിച്ചത് യു.ഡി.എഫ്. സർക്കാരാണ്. ഇപ്പോൾ പണി പൂർത്തിയാക്കിയ ഏഴ് കോടി രൂപയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിങ്, ഫ്രീസർ സൗകര്യം ഉൾെപ്പടെയുള്ള മോർച്ചറിയുടെ നവീകരണം, 50 ലക്ഷം രൂപയുടെ ജനറേറ്റർ, 11, 12 വാർഡുകളുടെ നിർമാണം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക വാർഡുകൾ എന്നിവയെല്ലാം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയതാണ്.

* പൈനാപ്പിൾ കർഷകരെ സഹായിക്കാൻ ആരംഭിച്ച പൈനാപ്പിൾ മിഷൻ ഇപ്പോൾ പ്രവർത്തന രഹിതം. മൂവാറ്റുപുഴയിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമായ വാഴക്കുളം അഗ്രോ ഫ്രൂട്‌സ് പ്രോസസിങ് കമ്പനി അവഗണന നേരിടുകയാണ്.

* സിവിൽ സർവീസ് അക്കാദമി മൂവാറ്റുപുഴയിൽ അനുവദിച്ചത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. അഞ്ചുവർഷം മുൻപ് ആരംഭിച്ച ഫൗണ്ടേഷൻ കോഴ്സുകളാണ് ഇപ്പോഴുമുള്ളത്.

* കഴിഞ്ഞ സർക്കാർ മിക്ക പഞ്ചായത്തുകളിലും കുടിവെള്ള പദ്ധതികൾ ആരംഭിച്ചു. പക്ഷേ ഇപ്പോൾ കുടിവെള്ളത്തിനു വേണ്ടി ജനങ്ങൾ നെട്ടോട്ടമോടുന്നു.

* തനതായ ഒരു വികസന പദ്ധതി പോലും കഴിഞ്ഞ അഞ്ചുവർഷത്തിൽ കൊണ്ടുവരാനോ നടപ്പാക്കാനോ കഴിഞ്ഞില്ല. ഉണ്ടായിരുന്ന പദ്ധതികളെ തളർത്തുകയും ചെയ്തു.

* പുതിയ റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കൊന്നും പണം വന്നില്ല.

* ചാലിക്കടവ് പാലത്തിന്റെ തുടർച്ചയായി റോഡ് നിർമിച്ച് തൊടുപുഴ-മൂവാറ്റുപുഴ റോഡുമായി ബന്ധിപ്പിച്ച് മൂവാറ്റുപുഴയിൽ റിങ് റോഡ് നിർമിക്കാനുള്ള പദ്ധതി പൂർണമായും അട്ടിമറിച്ചു.

* മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനിയുടെ വികസനം കടലാസിൽ ഒതുക്കി. പ്രഖ്യാപനമല്ലാതെ ഒരു വികസന പദ്ധതിയും കൊണ്ടുവന്നില്ല.