കൊച്ചി: അനക്കമില്ലാതെ കിടന്ന റോഡ് പദ്ധതികൾക്കു ജീവൻവെക്കുന്നു. കാൽ നൂറ്റാണ്ടായി പറഞ്ഞുകേൾക്കുന്ന പ്രധാന റോഡ്‌ പദ്ധതികൾക്കു വിശദ പദ്ധതി രേഖ (ഡി.പി.ആർ.) തയ്യാറാക്കാൻ മന്ത്രിതലത്തിലുള്ള ഇടപെടലിലൂടെ തീരുമാനമായി.

തമ്മനം-പുല്ലേപ്പടി റോഡിന്റെ ഡി.പി.ആർ. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. റോഡിന്റെ ഉടമസ്ഥാവകാശ രേഖ തദ്ദേശ വകുപ്പ് കൈമാറി. ഡി.പി.ആർ. തയ്യാറാക്കുന്ന മുറയ്ക്ക്‌ റോഡ് നിർമാണത്തിനു കിഫ്ബിയിൽനിന്നു പണം കണ്ടെത്തും.

സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ കൊച്ചിയിലെ റോഡ് പദ്ധതികൾ ഏതൊക്കെ ഏജൻസികൾ എങ്ങനെ നടത്തുമെന്നതിനു വ്യക്തത വരുത്തുന്നതിനു ചേർന്ന യോഗമാണ് വഴിതുറന്നത്. മന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ വിവിധ ഏജൻസികളുടെ പ്രതിനിധികൾ മേയർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഓൺലൈൻ യോഗം ചേർന്നു.

മുടങ്ങിക്കിടക്കുന്ന ഗോശ്രീ-മാമംഗലം റോഡിന്റെ ഡി.പി.ആർ. തയ്യാറാക്കുന്നതിനുള്ള ചുമതല ആർ.ബി.ഡി.സി.കെ.യെ ഏല്പിച്ചു. എളമക്കര റോഡ് വികസനത്തിനുള്ള ഡി.പി.ആറും ഇവർ തയ്യാറാക്കും. സ്ഥലം ഏറ്റെടുക്കലാണ് ഈ പദ്ധതികളുടെ പ്രധാന പ്രശ്നം. ഡി.പി.ആർ. തയ്യാറായാൽ കിഫ്ബിയിൽനിന്നടക്കം ഫണ്ട് കണ്ടെത്താനാണ് നീക്കം.

തേവര എലിവേറ്റഡ് ഹൈവേ, കെ.പി. വള്ളോൻ റോഡ് എന്നീ പദ്ധതികളുടെ ഡി.പി.ആർ. തയ്യാറാക്കുന്ന ചുമതല കെ.എം.ആർ.എലിനാണ്. കെ.പി. വള്ളോൻ റോഡിന്റെ ചെറിയൊരു ഭാഗത്തു മാത്രമാണ് വീതിയുള്ളത്.

പള്ളുരുത്തി കണ്ണങ്ങാട്ട് പാലത്തിന്റെ അപ്രോച്ച് റോഡിനായി അവശേഷിച്ച സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഉത്തരവാദിത്വം ജില്ലാ കളക്ടറേയും മേയറേയും ഏല്പിച്ചു.

രാമേശ്വരം-കൽവത്തി കനാൽ നവീകരണത്തിന്‌ 500 കോടി രൂപ വേണം. ഇതിനായി കെ.എം.ആർ.എൽ. വിശദ പദ്ധതിരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഡി.പി.ആർ. കിഫ്ബിക്കു കൈമാറും. കിഫ്ബി ബോർഡ് അംഗീകരിക്കുന്നതോടെ പണം ലഭ്യമാക്കും. കൊച്ചിയിലെ കനാൽ പുനരുജ്ജീവന പദ്ധതിയിൽ ഈ കനാൽ നവീകരണവും പ്രാവർത്തികമാക്കും. പശ്ചിമ കൊച്ചിയുടെ കാലങ്ങളായുള്ള ആവശ്യമാണ് ഇത്. കനാലിന്റെയും തീരത്തിന്റെയും സമഗ്ര വികസനത്തിനായി പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചേർത്തിട്ടുണ്ട്.

പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം, കെ.എം.ആർ.എൽ., ദേശീയപാത അതോറിറ്റി, ആർ.ബി.ഡി.സി.കെ. തുടങ്ങി വിവിധ സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

നല്ല തുടക്കം

കൊച്ചിയിലെ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നല്ല തുടക്കമാണിത്. വർഷങ്ങളായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താൻ സാധിച്ചുവെന്നത് നേട്ടമാണ്. വിവിധ ഏജൻസികളുടെ കീഴിലുള്ള പദ്ധതികൾ ആരും മുൻകൈയെടുക്കാെത കിടക്കുകയായിരുന്നു. ബജറ്റിൽ ഇടം കണ്ട പദ്ധതികൾ ആര്, എങ്ങനെ നടപ്പാക്കണമെന്നതിൽ വ്യക്തത വരുത്താനായി. ഒാരോ ഏജൻസിയും ഏറ്റെടുത്തു നടപ്പാക്കുന്നതിലൂടെ പദ്ധതി പ്രാവർത്തികമാക്കാനാവും. കിഫ്ബിയിൽനിന്നും മറ്റും ഫണ്ട് കണ്ടെത്താനും സാധിക്കും.

- എം. അനിൽകുമാർ, മേയർ