കാക്കനാട് : റോഡ് അത്യാധുനിക നിലവാരത്തിൽ ടാറിങ് നടത്തുന്നതിന് മുന്നോടിയായി പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ചു. പിന്നാലെ റോഡുപണി തുടങ്ങിയതോടെ ഈഭാഗത്തെ പൈപ്പുകൾ കൂട്ടത്തോടെ പൊട്ടുന്നതായി പരാതി.

കാക്കനാട്-കൊല്ലംകുടിമുകൾ റോഡിൽ കുന്നിപ്പാടം ഭാഗത്തെ കുടിവെള്ള പൈപ്പുകൾ മൂന്നുതവണയാണ്‌ പൊട്ടിയത്. ടാറിങ്ങിന്‌ മുന്നോടിയായി റോഡ് റോളർ ഉപയോഗിച്ച് മണ്ണ് ഉറപ്പിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയത്.

ജല അതോറിറ്റിയുടെ 300 എം.എം. പൈപ്പ് ലൈൻ കാക്കനാട്-കൊല്ലംകുടിമുകൾ റോഡിന് അടിയിലൂടെയാണ്‌ പോകുന്നത്. ഈ റോഡ് ബി.എം-ബി.സി. നിലവാരത്തിൽ നിർമിക്കുന്നതിന് മുന്നോടിയായി കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റിയിരുന്നു. ഭാവിയിൽ പൈപ്പ് പൊട്ടി വെള്ളം ചോർന്ന് റോഡ് തകരുന്നതും അറ്റകുറ്റപ്പണികൾക്കായി കുത്തിപ്പൊളിക്കുന്നതുമായ അവസ്ഥ വരാതിരിക്കാനാണ് നേരത്തെതന്നെ പൈപ്പ് മാറ്റിയത്.

‘ഡക്ക്‌ടെയിൽ അയൺ’ (ഡി.എ.) പൈപ്പുകളാണ് അര കിലോ മീറ്റർ ദൂരത്തിൽ ഇട്ടിരിക്കുന്നത്. എന്നാൽ, ഈ പൈപ്പുകൾ പൊട്ടിയിട്ടില്ലെന്നും പ്രധാന പൈപ്പ് ലൈനിൽ നിന്ന്‌ വീടുകളിലേക്കുള്ള ലൈനാണ്‌ പൊട്ടിയതെന്നും പ്രദേശവാസികൾ പറഞ്ഞു.

കൊല്ലംകുടിമുകൾ കുന്നിപ്പാടം ഭാഗത്ത് റോഡ് റോളർ ഉപയോഗിച്ച് മണ്ണ് ഉറപ്പിക്കുന്നതിനിടെ രണ്ടുതവണ പൈപ്പ് പൊട്ടി സമീപത്ത് മുഴുവൻ വെള്ളക്കെട്ടുണ്ടായി. അതേസമയം, തങ്ങൾ ഇട്ടിട്ടുള്ള പൈപ്പ് ലൈൻ പൊട്ടിയിട്ടില്ലെന്നും വീടുകളിലേക്കുള്ള പൈപ്പ് ആയിരിക്കും പൊട്ടിയതെന്നും കരാറുകാർ പറഞ്ഞു. അതുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അവർ പറഞ്ഞു.