മൂവാറ്റുപുഴ : കേരളത്തിലെ ആദ്യകാല ദേശീയപാതകളിലൊന്നായ കൊച്ചി-ധനുഷ്‌കോടി (എൻ.എച്ച്- 85) ഭാരത്‌മാല പദ്ധതിയിൽ നിന്നൊഴിവാക്കാനുള്ള നീക്കത്തിനെതിരേ സ്ഥലവാസികൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. ദേശീയപാതയുടെ വികസനത്തിനായി പേര് മാറ്റുകയും ദൈർഘ്യം വർധിപ്പിക്കുകയും ചെയ്ത പാതയാണിത്. സ്ഥലം ഏറ്റെടുക്കൽ നടപടികൾ പകുതിയോളം പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് ഇപ്പോൾ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം.

ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഭാരതമാലയിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതി ഇപ്പോൾ ഭൂമാഫിയയുടെ താത്‌പര്യങ്ങൾക്ക് വഴങ്ങിയാണ് പുതിയ റോഡാക്കുന്നതെന്ന് കത്തിൽ പറയുന്നു.

നിരവധി വാഹനങ്ങൾ കടന്നുപോകുന്ന (എറണാകുളം-മൂവാറ്റുപുഴ) റോഡിന്റെ വികസനത്തിനുള്ള പണം ഇതുമായി ഒരു ബന്ധവുമില്ലാത്ത വഴിക്കുവേണ്ടിയാണ് ചെലവിടാനൊരുങ്ങുന്നത്. പുതിയ റോഡിന്റെ അലൈൻമെൻറ് ഉണ്ടാക്കി പണം ചെലവഴിക്കുകയും നിലവിലുള്ള റോഡിന്റെ വികസനം അട്ടിമറിക്കുകയും ചെയ്യുന്നു എന്ന് കൊച്ചി - ധനുഷ്‌കോടിക്ക് സ്ഥലം വിട്ടുനൽകി പ്രതിസന്ധിയിലായവർ പറയുന്നു. പുതുതായി രൂപകല്പന ചെയ്യുന്ന റോഡ് ഭീമമായ നഷ്ടവും ഭൂമാഫിയയ്ക്ക് കൊള്ളലാഭവും ഉണ്ടാക്കാനേ ഉപകരിക്കൂ.

എറണാകുളത്തുനിന്ന്‌ തുടങ്ങി തൃപ്പൂണിത്തുറ മ്യൂസിയം, തിരുവാങ്കുളം, പുത്തൻകുരിശ്, കോലഞ്ചേരി, ഹൈറേഞ്ചിന്റെ കവാടമായ മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, മൂന്നാർ, പൂപ്പാറ, മധുര വഴി ധനുഷ്‌കോടിയിലെത്തുന്നതാണ് നിലവിലെ പാത. ഇതിന്റെ വീതി കൂട്ടാനുള്ള സാറ്റലൈറ്റ് സർവേ 2019-ൽ നടത്തിയിരുന്നു.

ഈ റോഡിലൂടെ കടന്നുപോകുന്ന മൂന്ന് ബൈപാസുകൾക്ക് ഭാരത്‌മാല പദ്ധതിയിൽ നിന്ന് പണം അനുവദിച്ചിരുന്നതാണ്. ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് രാജ്യത്തിന്റെ പണം കൊള്ളയടിക്കാനുള്ള നീക്കം തടയണമെന്നും കൊച്ചി-ധനുഷ്‌കോടി പാതയുടെ വികസനം അടിയന്തരമായി നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 27-ന് സേവ് 85 ആക്ഷൻ കമ്മിറ്റി യോഗം മൂവാറ്റുപുഴയിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.