അങ്കമാലി : മഴക്കെടുതി നേരിടാൻ അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ പ്രാദേശിക സന്നദ്ധസേനകൾ രൂപവത്കരിക്കാൻ തിരുമാനം. അങ്കമാലി നഗരസഭ വിളിച്ചുചേർത്ത ആലോചനാ യോഗത്തിലാണ് തിരുമാനം.

യോഗത്തിൽ മതനേതാക്കൾ, സാമുദായിക പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, സന്നദ്ധസംഘടനാ ഭാരവാഹികൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ച് വരുംദിവസങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക യോഗങ്ങൾ വിളിച്ചുചേർത്ത് സന്നദ്ധസേനയ്ക്ക് രൂപം നൽകും.

മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും സംരക്ഷണത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിനും മറ്റു സംവിധാനങ്ങൾ ഒരുക്കുന്നതിനും പ്രാദേശിക സന്നദ്ധസേന മുൻകൈ എടുക്കണം.

ഏത് അടിയന്തരഘട്ടത്തെയും നേരിടുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനത്തിന് നഗരസഭ നേതൃത്വം കൊടുക്കും. ചെയർമാൻ റെജി മാത്യു അധ്യക്ഷത വഹിച്ചു.