കൊച്ചി: പറയുമ്പോൾ ഇതും ഒരു മുന്നണിയാണ്... ഒരു ‘വള്ളിക്കെട്ട്‌ മുന്നണി’. ഘടക കക്ഷികൾതന്നെ കളിയാക്കുന്നത്‌ അങ്ങനെയാണ്.

സീറ്റ്‌ വെറുതെയിട്ടാലും കൂടെയുള്ളവന്‌ കൊടുക്കില്ലെന്നാണ് ടീം ലീഡറിനെതിരേയുള്ള പ്രധാന പരാതി. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല. ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളിലും മുന്നണിയുടെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ചോദിച്ചവർക്ക്‌ ഒന്നും കൊടുക്കില്ല. ഇനി കൊടുത്താലോ, അത്‌ കെട്ടിവെച്ച കാശുപോലും കിട്ടാത്ത വാർഡും.

പത്രിക പിൻവലിക്കാനുള്ള ദിവസം പിന്നിട്ടപ്പോഴാണ് യഥാർഥ ചിത്രം പുറത്തുവന്നത്. ജില്ലാ പഞ്ചായത്തിലും ഒട്ടുമിക്ക മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുമെല്ലാം എൻ.ഡി.എ. സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്. ജില്ലാ പഞ്ചായത്തിൽ ഉദയംപേരൂരിൽ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്തത് ബി.ജെ.പി.യിൽത്തന്നെ ചർച്ചയായി.

ജില്ലാ പഞ്ചായത്തിലെ കറുകുറ്റി ഡിവിഷൻ ആദ്യം ഘടക കക്ഷിയായ ശിവസേനയ്ക്ക്‌ കൊടുത്തു. അവർ സ്ഥാനാർഥിയെ കൊണ്ടുവന്നപ്പോൾ, ‘ഇയാളാണെങ്കിൽ പറ്റില്ല’ എന്നായി ബി.ജെ.പി. ഒടുവിൽ ബി.ജെ.പി. തന്നെ ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഇപ്പോൾ അവിടെ മുന്നണിക്ക്‌ രണ്ടു സ്ഥാനാർഥികളായി.

കൊച്ചി കോർപ്പറേഷനിലും സീറ്റൊഴിവുണ്ട്. സീറ്റ്‌ പങ്കുവെച്ചതിലെ പരിഭവത്തെ തുടർന്ന് എൻ.ഡി.എ.യുടെ കോർപ്പറേഷൻതല സ്ഥാനാർഥി സംഗമത്തിൽനിന്ന് ഘടക കക്ഷികൾ മാറിനിന്നു. സ്ഥാനാർഥികളുടെ ഡിവിഷൻ കൺവെൻഷനുകളിൽ ഘടക കക്ഷികളെ വിളിക്കുന്നില്ലെന്നും പരാതികളുണ്ട്.

കോതമംഗലം, കൂത്താട്ടുകുളം, പിറവം, മൂവാറ്റുപുഴ നഗരസഭകളിൽ പത്തോളം സീറ്റുകളിൽ എൻ.ഡി.എ.യ്ക്ക് ആളില്ല. കൂത്താട്ടുകുളം ഭാഗത്ത്‌ പാലക്കുഴ ഒഴികെ എല്ലാ പഞ്ചായത്തുകളിലും മുഴുവൻ സീറ്റുകളിലും സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. സ്ഥാനാർഥികൾ ഇല്ലാത്തത്‌ ഘടക കക്ഷികൾക്ക്‌ നൽകിയ സീറ്റിലാണെന്ന് ബി.ജെ.പി.ക്കാർ പറയുന്നു. ഘടക കക്ഷികൾക്ക് സീറ്റും കൊടുക്കണം, ആളെയും കൊടുക്കണം എന്ന സ്ഥിതിയാണ്. അതിനെക്കാൾ നല്ലത്‌ ഒഴിച്ചിടുന്നതാണെന്നും നേതാക്കൾ പറയുന്നു. എന്നാൽ ആളെ നിർത്താനില്ലാത്തതിന്റെ കുറ്റം തങ്ങളുടെ തലയിൽ വെക്കേണ്ടെന്ന് ഘടക കക്ഷികളും പറയുന്നു.

അതിനുമാത്രം ഘടക കക്ഷികൾ എൻ.ഡി.എ.യിലില്ല. ബി.ഡി.ജെ.എസ്‌. ആണ് പ്രധാന ഘടക കക്ഷി. പണ്ടേ ബി.ജെ.പി.ക്കാരുമായി അത്ര ചേർച്ചയിലല്ല അവർ. കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് മുന്നണിയിൽ. മുന്നണി സംവിധാനം നിലനിർത്താൻ വേണ്ടി കൊണ്ടുനടക്കുന്നു എന്നാണ് ബി.ജെ.പി.ക്കാർ അടക്കംപറയുന്നത്. നാഷണലിസ്റ്റ് കേരള കോൺഗ്രസ്, ശിവസേന തുടങ്ങിയ ചെറു കക്ഷികളാണ് പിന്നെ കൂടെയുള്ളത്. അവരെയൊന്നും വേണ്ടവണ്ണം പരിഗണിക്കാൻ ബി.ജെ.പി. ഒരുക്കമല്ല.

എൻ.ഡി.എ. മുന്നണി കേരളത്തിൽ രൂപവത്‌കരിച്ച ശേഷം ഏഴു കക്ഷികൾ മുന്നണിയിൽനിന്ന് വിട്ടുപോയി. കേന്ദ്രത്തിൽ ഭരിക്കുന്ന പാർട്ടിയല്ലേ, എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ കൂടെ നിൽക്കുന്നവരാണ് ഇപ്പോഴുള്ളത്. എന്നാൽ, കാത്തിരുന്നിട്ടും പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലെന്ന്‌ അവരെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. ചിലരെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് കൂടൊഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും കിട്ടുമെന്നു കരുതി കൂടെ നിന്നവരെല്ലാം നിരാശരാണ്. നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ഈ കൂടാരത്തിൽ ഇപ്പോഴുള്ളവരിൽ ആരൊക്കെ ഉണ്ടാവുമെന്ന് കാത്തിരുന്നു കാണാം.