കുറുപ്പംപടി രായമംഗലം പഞ്ചായത്തിലെ കീഴില്ലം കനാൽപ്പാലത്തിൽ പഴയ ഒരു ചുവരെഴുത്തുണ്ട്, 'നമ്മുടെ സ്ഥാനാർഥി എ.എ. കൊച്ചുണ്ണി'. രാഷ്ട്രീയ കേരളത്തിലെ നാടകീയ സംഭവവികാസങ്ങളുണ്ടായ ഒരു കാലഘട്ടത്തിന്റെ ഓർമക്കുറിപ്പാണ് ഇത്.

1980-ൽ എ.കെ. ആന്റണിയും കെ.എം. മാണിയും എൽ.ഡി.എഫിനൊപ്പം നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട കാലം.

അടിയന്തരാവസ്ഥയ്ക്കു ശേഷം ചിക്കമഗളൂരുവിൽ ഇന്ദിരാഗാന്ധിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു എ.കെ. ആന്റണിയുടെ ചുവടുമാറ്റം. അന്ന് എൽ.ഡി.എഫിലെ പി.ആർ. ശിവനെതിരേ യു.ഡി.എഫിന്റെ സ്ഥാനാർഥിയായിരുന്നു എ.എ. കൊച്ചുണ്ണി മാസ്റ്റർ.

തിരഞ്ഞെടുപ്പിൽ പി.ആർ. ശിവൻ വിജയിച്ചു. രണ്ടു കൊല്ലത്തിനകം ആന്റണിയും മാണിയും യു.ഡി.എഫിലേക്ക്‌ തിരിച്ചുപോവുകയും നായനാർ മന്ത്രിസഭയ്ക്ക് രാജിവയ്ക്കേണ്ടിവരികയും ചെയ്തു. 'കൊച്ചിക്കാരാ കൊച്ചുണ്ണീ, കൊച്ചിക്കായലിലൊളിച്ചോളൂ...' എന്നായിരുന്നു മട്ടാഞ്ചേരിക്കാരനായ കൊച്ചുണ്ണിക്കെതിരേയുള്ള അന്നത്തെ പെരുമ്പാവൂരിലെ മുദ്രാവാക്യം. ഇപ്പോഴത്തെ യു.ഡി.എഫ്. കൺവീനർ എം.എം. ഹസന്റെ ഭാര്യാപിതാവാണ് കൊച്ചുണ്ണി മാസ്റ്റർ.

ഇന്ന് പെരുമ്പാവൂരിൽ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളായ പലരും അന്ന് കൊച്ചുണ്ണിമാസ്റ്റർക്കെതിരേ മുദ്രാവാക്യം വിളിച്ചവരാണ്.

1977-ൽ പി.ആർ. ശിവനോട് പരാജയപ്പെട്ട മുൻ എം.എൽ.എ പി.ഐ. പൗലോസും 80-ൽ പി.ആർ. ശിവനു വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. പിന്നീട് 1982-ൽ പി.ആർ. ശിവനെ യു.ഡി.എഫിലെ പി.പി. തങ്കച്ചൻ പരാജയപ്പെടുത്തി. 2001-ൽ പി.ഐ. പൗലോസിന്റെ പഴയ തട്ടകത്തിൽ മകൻ സാജു പോൾ എൽ.ഡി.എഫ്. കൊടിപാറിച്ചു.

2016-ൽ എൽദോസ് കുന്നപ്പിള്ളി മണ്ഡലം യു.ഡി.എഫിന് വേണ്ടി തിരിച്ചുപിടിച്ചു.