അരൂർ : വീടുകളിലേക്ക് ഇരച്ചുകയറുന്ന ഉപ്പുവെള്ളം നീന്തിക്കടന്ന് വോട്ട്‌ ചെയ്യാനില്ലെന്ന് അരൂർ കുമ്പഞ്ഞി നിവാസികൾ.

മൂന്ന് പതിറ്റാണ്ടുകളായി കുമ്പഞ്ഞിക്കാർ അനുഭവിക്കുന്ന ദുരിതം വൃശ്ചിക വേലിയേറ്റത്തോടെ പതിൻമടങ്ങായി വർധിച്ചിരിക്കുകയാണ്. ഒരു മീൻ ഒരു നെല്ല് എന്ന കാർഷിക നയം പിന്തുടർന്നപ്പോൾ വെള്ളക്കെട്ടിന്റെ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ, നെൽകൃഷി പാടെ ഒഴിവാക്കി മുഴുവൻ സമയവും മത്സ്യക്കൃഷി തുടങ്ങിയതോടെയാണ് പ്രദേശത്തെ വീടുകൾ കായലിൽനിന്ന് ഇരച്ചുകയറുന്ന വെള്ളത്തിൽ മുങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണ് കുമ്പഞ്ഞി. മാറി മാറി വരുന്ന ത്രിതല പഞ്ചായത്ത് ഭരണാധികാരികളോട് വെള്ളക്കെട്ടിന്റെ കാര്യം പറഞ്ഞ് മടുത്തെന്നും നിലവിൽ മുന്നൂറോളം കുടുംബങ്ങൾ ഉപ്പുവെള്ളത്തിൽ മുങ്ങിക്കിടന്നിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ഗ്രാമവാസികൾ പരാതിപ്പെടുന്നു. പ്രതിഷേധ സൂചകമായി കുമ്പഞ്ഞി ഭാഗത്തെ ദുരിത മേഖലയിൽനിന്ന് ആരും വോട്ട് ചെയ്യാൻ പോകില്ലെന്ന കടുത്ത തീരുമാനത്തിലാണിവർ. പാടശേഖരത്തിന്റെ തൊട്ടരികിൽ മുഴുവൻ സമയവും ഓരുവെള്ള ഭീഷണിയിൽ കഴിയുന്ന വീടുകളിൽ 240 വോട്ടുകളുണ്ട്. പരിസര പ്രദേശങ്ങളിൽ മൊത്തം വോട്ടുകളുടെ എണ്ണം 680 ആണ്. ഓരുവെള്ളം നീന്തി എന്തിനാണ് പോളിങ് ബൂത്തിലേക്ക് പോകുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. പാടശേഖരവും കായലും ഒരേ നിരപ്പിലാണ് ഇപ്പോൾ സ്ഥിതിചെയ്യുന്നത്.

പുറം ബണ്ടിൽ നാല് പത്തായങ്ങളുണ്ട്. പക്ഷേ, ഒന്നുപോലും ബലപ്പെടുത്തിയിട്ടില്ല. വർഷംതോറും നെൽക്കൃഷി നടക്കുന്നുണ്ടെന്നു വരുത്തിത്തീർത്ത് അതിന്റെ പേരിൽ പണം കൈപ്പറ്റുന്ന മത്സ്യവാറ്റുസംഘം പ്രദേശത്തുള്ളവരെ ദ്രോഹിക്കുന്ന നടപടി തുടരുകയാണെന്നും മത്സ്യകൃഷിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ദുരിതമനുഭവിക്കുന്നവർക്ക് നൽകണമെന്ന തീരുമാനം പോലും പാലിച്ചിട്ടില്ലെന്നും കുമ്പഞ്ഞി നിവാസികൾ പറയുന്നു.

നിരന്തര മത്സ്യ വാറ്റിനെതിരേ പൊതുജന സഹകരണത്തോടെ വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കുമ്പഞ്ഞി സമരസമിതി. ഇതിന്റെ മുന്നോടിയായി വോട്ട് ബഹിഷ്കരിക്കാനാണ് തീരുമാനം. വർഷങ്ങളായി അനുഭവിക്കുന്ന ഓരുവെള്ള ദുരിതം അവസാനിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും പ്രദേശവാസികൾ വ്യക്തമാക്കി.