കൊച്ചി: എറണാകുളത്തിന് ഒരു ആസ്‌ട്രോ ടർഫ് ഹോക്കി ഗ്രൗണ്ട് എന്ന ആവശ്യവുമായി ഹോക്കി ലവേഴ്‌സ് കൂട്ടായ്മ നെല്ല് വിതറി പ്രതിഷേധിച്ചു. ഒളിമ്പിക്സ് ദിനത്തിൽ മഹാരാജാസ് കോളേജ് ഹോക്കി ഗ്രൗണ്ടിലായിരുന്നു വേറിട്ട പ്രതിഷേധം. മെട്രോ നിർമാണ ജോലികൾക്കായി ഉപയോഗിച്ച ഗ്രൗണ്ട് ഇപ്പോൾ താറുമാറായി കിടക്കുകയാണ്. സേവ് ഹോക്കി എന്നെഴുതിയ പ്ലക്കാർഡുകളുമായാണ്‌ കൂട്ടായ്മയിലെ അംഗങ്ങൾ നെല്ല് വിതറാനെത്തിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച്‌ ജനറൽ ആശുപത്രി മുതൽ മഹാരാജാസ് കോളേജ് വരെ റോഡിൽ ഹോക്കി സ്റ്റിക്കും പന്തും ഉപയോഗിച്ച് ഡ്രിബിൾ ചെയ്തും കൂട്ടായ്മ പ്രതിഷേധ പരിപാടി നടത്തിയിരുന്നു. കേരളത്തിൽ കൊല്ലത്തും ഇപ്പോൾ തിരുവനന്തപുരം ജി.വി. രാജാ സ്കൂളിലുമാണ് ആസ്‌ട്രോ ടർഫുള്ളത്. കേരളത്തിലേക്ക് അന്താരാഷ്ട്ര മത്സരങ്ങൾ വരണമെങ്കിൽ കൊച്ചി പോലെ സൗകര്യങ്ങളുള്ള നഗരത്തിൽ ആസ്‌ട്രോ ടർഫ് വേണമെന്ന്‌ ഹോക്കി ലവേഴ്‌സ് കൂട്ടായ്മ ചൂണ്ടിക്കാട്ടി. പ്രതിഷേധ പരിപാടികൾക്ക്‌ മുൻ സംസ്ഥാന കളിക്കാരായ സുനിൽ ഡി. ഇമ്മട്ടി, ജൂബി ജോർജ്, കെ.ഇ. ആയില്യൻ, തോമസ് കാട്ടിക്കാരൻ, പി.ആർ. വിനുകുമാർ എന്നിവർ നേതൃത്വം നൽകി.