തോപ്പുംപടി : വഴിയോരത്തുനിന്ന് ലഭിച്ച അര ലക്ഷം രൂപ ഉടമസ്ഥന് നൽകി യുവാക്കൾ മാതൃക കാട്ടി.

ചുള്ളിക്കൽ സ്വദേശി സി.എ. അജീബിനും സുഹൃത്ത് ഷാജിക്കുമാണ് പണം വഴിയിൽനിന്ന്‌ ലഭിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ബൈക്കിൽ വരുമ്പോൾ ഹാർബർ പാലത്തിലാണ് പണം കിടക്കുന്നത് കണ്ടത്.

ഉടനെ ഇവർ പണമെടുത്ത് തോപ്പുംപടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. നവമാധ്യമങ്ങളിൽ അറിയിപ്പും നൽകി. സ്വകാര്യ ചെറുകിട കരാറുകാരനായ മരട് പുന്നലക്കാട് വീട്ടിൽ നെൽബി തോമസിന്റെതായിരുന്നു പണം.

അദ്ദേഹത്തിന് സുഹൃത്ത് കൂവപ്പാടം യൂക്കോ ബാങ്കിൽനിന്ന് എടുത്തുകൊടുത്ത പണവുമായി മരടിലേക്ക് പോകുംവഴിയാണ് പണം നഷ്ടമാകുന്നത്. പണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയ നെൽബി സുഹൃത്തായ അഭിഭാഷകനെ വിളിച്ചുപറഞ്ഞു. ബാങ്കിൽ പണം മറന്നുവെച്ചതാണോയെന്ന സംശയവും പറഞ്ഞു.

ഉടനെ അഭിഭാഷകൻ ബാങ്കിൽ തിരക്കിയപ്പോൾ, ബാങ്കിലെ ജീവനക്കാരനാണ് പണം കളഞ്ഞുകിട്ടിയ വിവരം സാമൂഹിക മാധ്യമത്തിൽ വന്നിട്ടുള്ള കാര്യം പറഞ്ഞത്.

തുടർന്ന് ചെറുപ്പക്കാരുമായി ബന്ധപ്പെട്ടു. പിന്നീട് തോപ്പുംപടി സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യുവാക്കൾ പണം ഉടമയ്ക്ക് കൈമാറി. കോവിഡ് പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ പണം നഷ്ടപ്പെട്ടപ്പോൾ തിരികെ ലഭിക്കുമെന്ന് കരുതിയില്ലെന്നും ഇത്തരം യുവാക്കൾ ഈ സമൂഹത്തിന് എന്നും മാതൃകയാണെന്നും നെൽബി തോമസ് പറഞ്ഞു.

ഡി.വൈ.എഫ്.ഐ. പനയപിള്ളി മേഖലാ വൈസ് പ്രസിഡന്റാണ് സി.എ. അജീബ്. മുൻ കൗൺസിലർ സനീഷയുടെ ഭർത്താവുമാണ്.