തോപ്പുംപടി : ഹാർബർ പാലത്തിൽനിന്ന് താഴേക്ക് ചാടിയ ആളെ കണ്ടെത്താൻ കായലിൽ പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തി. എന്നാൽ ഫലമുണ്ടായില്ല.

പാലത്തിൽനിന്ന് ആരോ ചാടിയതായി വിവരം ലഭിച്ചതിനെ തുടർന്നാണിത്. ഒരാൾ കായലിൽ ചാടുന്നതായി കണ്ടെന്ന് ആരോ കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് വിവരം ലഭിച്ചത്. ആറര വരെ തിരച്ചിൽ നടന്നു. മട്ടാഞ്ചേരി ഫയർസ്റ്റേഷൻ ഓഫിസർ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ യൂണിറ്റും തിരച്ചിലിൽ പങ്കെടുത്തു.

അസി. സ്റ്റേഷൻ ഓഫിസർമാരായ കെ.ടി. ജോഷി, മനോജ് എസ്. നായിക്ക്, ഓഫീസർമാരായ വിനോദ്കുമാർ, ജോൺസൻ, ബിജോയ് കെ. പീറ്റർ, ദിനകർ, വിശാഖ്, പി.എ. അഭിലാഷ്, ജയകുമാർ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.