ചെറായി : നൈലോൺനൂലിൽ കുരുങ്ങിയ പക്ഷിക്ക് പുതുജീവനേകി എടവനക്കാട് സ്വദേശികളായ യുവാക്കൾ. ജലാശയങ്ങളിലെ ജലനിരപ്പ് താഴുമ്പോൾ ഇരതേടിയെത്തുന്ന കഷണ്ടിക്കൊക്കൻ എന്ന ഐബിസ് കൊക്കിനെയാണ് പക്ഷിനിരീക്ഷകർ കൂടിയായ റോമി മാളിയേക്കലും വി.വി.സുജീഷും ചേർന്ന് രക്ഷിച്ചത്.

താമരവട്ടത്ത് വിരുന്നെത്തിയ മറ്റുചില ദേശാടനപ്പക്ഷികളുടെ ചിത്രമെടുക്കാനായി ഇരുവരും ചേർന്ന് പ്രദേശത്തെത്തിയതായിരുന്നു. അപ്പോഴാണ് പാടത്തിന് നടുക്കായി ചെളിയിൽ പുതഞ്ഞ നിലയിൽ പക്ഷിയെ കാണുന്നത്. ഇരുവരും ചേർന്ന് ചെളിനിറഞ്ഞ പാടത്തിന് നടുക്ക് ഏറെ ബുദ്ധിമുട്ടി എത്തിയപ്പോഴാണ് ഇത് കഷണ്ടിക്കൊക്കാണെന്ന് മനസ്സിലായത്. ചെമ്മീൻകെട്ടിനു കുറുകെ കെട്ടിയിരുന്ന നൈലോൺവലയിൽ കുരുങ്ങിയ പക്ഷി മൃതപ്രായമായ അവസ്ഥയിലായിരുന്നു.

ഇരുവരും ചേർന്ന് ഇതിനെ കരയ്‌ക്കെത്തിച്ച് പ്രഥമ ശുശ്രൂഷകൾ നൽകി. ചിറകിനേറ്റ പരിക്കുമൂലം പക്ഷിക്ക് പറക്കാൻ സാധിക്കുന്നില്ല. ആവശ്യമായ പരിചരണങ്ങൾ നൽകി പറക്കാൻ സാധിക്കുന്ന സമയത്ത് ഐബിസ് പക്ഷിയെ വിട്ടയക്കുമെന്ന് യുവാക്കൾ പറഞ്ഞു.

വെള്ള അരിവാൾക്കൊക്കൻ എന്നും കഷണ്ടിക്കൊക്ക് എന്നും ഈ പക്ഷിക്ക് പേരുണ്ട്. ദീർഘദൂരം സഞ്ചരിക്കുന്ന ഇവയുടെ കഴുത്തിനും കാലിനും കൊക്കിനും കറുത്ത നിറമായിരിക്കും. ജലനിരപ്പ് താഴുന്ന ജലാശയങ്ങളിൽ സംഘംചേർന്ന് ഇരതേടാൻ എത്തുകയാണ് ഇവയുടെ രീതി. ചെറുമീനുകൾ, തവള, പാമ്പ്, ചെറിയ കക്കകൾ എന്നിവയാണ് പ്രധാനമായും ഭക്ഷണം.