കൊച്ചി: മഴമരവും സമരമരവും മുത്തശ്ശിമരവും എല്ലാം ഇനി ഡിജിറ്റലായി അറിയാം. മഹാരാജാസ് കോളേജിലെ വിവിധങ്ങളായ വൃക്ഷങ്ങളെയും ചെടികളെയുമൊക്കെ കുറിച്ച് അറിയണമെങ്കിൽ ഒരു സ്മാർട്ട് ഫോൺ മാത്രം മതി. കാമ്പസിലെ വൃക്ഷങ്ങൾക്കു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആർ കോഡ്, സ്കാൻ ചെയ്താൽ സകല വിവരങ്ങളും മൊബൈൽ ഫോണിൽ തെളിഞ്ഞുവരും.

കേരള സർവകലാശാലയുലെ സെന്റർ ഫോർ ബയോ ഡൈവേഴ്‌സിറ്റി കൺസർവേഷന്റെ സഹകരണത്തോടെ കോളേജിലെ ബോട്ടണി ഡിപ്പാർട്ട്‌മെന്റ് മുൻകൈയെടുത്താണ് ഗാർഡൻ ഡിജിറ്റലാക്കിയത്. രണ്ടുമാസക്കാലത്തെ വിശ്രമമില്ലാത്ത പരിശ്രമമാണ് ഇതിനു പിന്നിലുള്ളത്. ആദ്യഘട്ടത്തിൽ വൃക്ഷങ്ങളുടെ വിവരങ്ങൾ ഡിജിറ്റലാക്കി. രണ്ടാം ഘട്ടത്തിൽ ചെടികളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തും. 92 വൃക്ഷങ്ങളുടെ വിവരങ്ങളാണ് ഡിജിറ്റൽ ഗാർഡനിൽ എത്തിയിരിക്കുന്നത്. പേര്, ജന്മദേശം, ഇതിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങളാണ് അറിയാൻ കഴിയുക. നിലവിൽ ഇംഗ്ലീഷിലുള്ള ഡേറ്റയാണുള്ളത്. ഇവ മലയാളത്തിൽക്കൂടി ആക്കാൻ തീരുമാനിച്ചിട്ടുണ്ട്. മലയാളം ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ഇത് നടത്തുക.