കൊച്ചി: ’ഞാൻ ഉണ്ടാക്കുന്ന ഓരോ ഭക്ഷണത്തിനും പിറകിൽ ഒരു കഥയുണ്ട്, എന്റെ ജീവിതത്തോടു ചേർന്ന് നിൽക്കുന്നവ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഓരോ വിഭവത്തിന്റെയും കീഴിൽ ആ കഥ ഞാൻ വിവരിക്കാറുമുണ്ട്’ - വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ വൈവിധ്യങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ഇടപ്പള്ളി സ്വദേശിനി കമല ആനന്ദിന്റെ വാക്കുകളാണിവ. പരമ്പരാഗത ഭക്ഷണത്തിലും കമലയുടേതു മാത്രമായ ട്വിസ്റ്റ് ഉണ്ടാകും. മാതള നാരങ്ങ ചായ, ടർമറിക് ലാറ്റെ, ബീറ്റ്റൂട്ട് ലാറ്റെ, റോസ് എസൻസ് കൊണ്ടുണ്ടാക്കിയ റോസ് മാർടിനി, വാഴക്കൂമ്പ് സ്റ്റഫ് ചെയ്ത പൂരി, ബീറ്റ്റൂട്ട് കാരറ്റ് സൂപ്പ്, ഹോർളിക്സ് മൈസൂർപാക്ക് തുടങ്ങിയവയാണ് വെറൈറ്റികളിൽ ചിലത്. ചോളം കൊണ്ടും മറ്റ് നവധാന്യങ്ങൾ കൊണ്ടും സ്നാക്സ് മുതൽ വിഭവസമൃദ്ധമായ ഭക്ഷണം വരെ കമലയുടെ ലിസ്റ്റിലുണ്ട്. കഴിഞ്ഞ ഓണം നാളുകളിൽ ഒരൂകൂട്ടം പുതിയ വിഭവങ്ങളുമായാണ്‌ കമല എത്തിയത്. റോസാപ്പൂ രസം, ഓട്‌സ് കാരറ്റ് പ്രഥമൻ, കാപ്സികം സാമ്പാർ, പ്ലം പുളിശ്ശേരി, ഓറഞ്ച് തൊലി ഇഞ്ചിക്കറി തുടങ്ങിയ വിഭവങ്ങളാണ് അവയിൽ ചിലത്. ഇതു കൂടാതെ െബ്രഡ് ഹൽവ, പൈനാപ്പിൾ ജിഞ്ചർ ടീ, റോസ് മിൽക്ക് ആൻ കോൾഡ് കോഫി എന്നിവയും കർക്കടക മാസത്തിൽ കരുപ്പെട്ടി കഷായവും കമല തയ്യാറാക്കിയിരുന്നു.

കടകളിൽ സാധനങ്ങൾ വാങ്ങാൻ ചെല്ലുമ്പോൾ വ്യത്യസ്ത ഭക്ഷ്യവിഭവങ്ങൾ തിരഞ്ഞെടുക്കുകയും അവ യോജിപ്പിച്ചാൽ എന്ത് വിഭവം തയ്യാറാകുമെന്നുമെല്ലാം ചിന്തിക്കാറുണ്ട്. ഗൂഗിളിൽ കാണുന്ന വിഭവങ്ങൾ തയ്യാറാക്കുകയല്ല മറിച്ച് സ്വന്തമായ ചിന്തയിലൂടെയാണ് കമല ഭക്ഷണം പാചകം ചെയ്യുന്നത്. ബ്രാഹ്മണ കുടുംബാംഗമായതിനാൽ സസ്യാഹാരം മാത്രമാണ് കഴിച്ചിരുന്നത്‌. 1991-ൽ അഭിഭാഷകയായി എൻറോൾ ചെയ്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ തുടർന്ന് ജോലി ചെയ്യാൻ സാധിച്ചില്ല. വിവാഹം വരെ അമ്മയെ സഹായിക്കൽ മാത്രം ചെയ്തിരുന്ന പെൺകുട്ടിയാണ് പിന്നീട് സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കുന്നത്. മക്കളും ഭർത്താവും ഭക്ഷണപ്രിയരായതോടെയാണ്‌ തന്റെ കരവിരുതുകൾ അടുക്കളയിൽ പരീക്ഷിക്കാൻ തുടങ്ങിയത്. മകൻ ഭവൻസിൽ പഠിക്കുന്ന സമയമാണ് തന്റെ കഴിവ് സ്വയം ബോധ്യപ്പെട്ടു തുടങ്ങിയത്. ഭവൻസിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. അവന് കൊടുത്തുവിടുന്ന ഭക്ഷണം അവന് കിട്ടുന്നില്ലെന്ന പരാതിയുമായാണ് മകൻ എത്തുന്നത്. പിന്നീട് കൂട്ടുകാർക്കു കൂടി ഭക്ഷണം കൊടുത്തുവിടാൻ തുടങ്ങി. വെജിറ്റേറിയൻ ആണെങ്കിലെന്താ കമല ആന്റി ഉണ്ടെങ്കിൽ വ്യത്യസ്ത വിഭവങ്ങൾ കിട്ടുമല്ലോ എന്ന കമന്റുകൾ കൂടുതൽ പരീക്ഷണങ്ങൾക്ക് വഴികാട്ടിയായി. പരീക്ഷണങ്ങൾ പാളിപ്പോയ സമയങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ആദ്യ പരീക്ഷണത്തിൽ വളരെ കുറച്ചു മാത്രമേ തയ്യാറാക്കൂ. മകളുടെ നിർബന്ധത്തിനൊടുവിലാണ് ഉണ്ടാക്കുന്ന വിഭവങ്ങൾ ഇൻസ്റ്റയിലൂടെ ഫീച്ചർ ചെയ്യാൻ തുടങ്ങിയത്. പോസ്റ്റ് ചെയ്യുമ്പോൾ അതിന് അനുസൃതമായ കുറിപ്പുകൾ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും കമല ശ്രദ്ധിക്കാറുണ്ട്. കുറിപ്പുകളോടൊപ്പം റെസിപ്പികൾ കുറിക്കാറില്ല, മറിച്ച് ആവശ്യപ്പെടുന്നവർക്ക് അവ നൽകുകയാണ് പതിവെന്ന് കമല പറയുന്നു. രണ്ടായിരത്തിനു മുകളിൽ ഫോളോവേഴ്‌സാണ് കമലയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.