കൊച്ചി: കാരണക്കോടം പാലത്തിനു സമീപത്തായി തോട്ടിൽ മാലിന്യം തള്ളൽ തുടർക്കഥയാകുകയാണ്. മാലിന്യമിടാൻ സ്ഥലമുള്ളപ്പോൾ ഇവിടെയിടാതെ, പണം ലാഭിക്കാനായി ചില ഏജൻസികൾ ചെയ്യുന്ന എളുപ്പ പണിയാണ് നഗരത്തിലെ ദുരിതത്തിന് കാരണം.

എല്ലാ ദിവസവും മാലിന്യം മുറപോലെ തള്ളുന്നുണ്ട്. എന്നാൽ, ചൊവ്വാഴ്ച സ്ഥിതി അതീവ ഗുരുതരമായി. കക്കൂസ് മാലിന്യം വലിയ അളവിൽ തോട്ടിൽ തള്ളിയതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. രാവിലെ പ്രഭാത സവാരിക്കിറങ്ങിയ ആളുകളാണ് ആദ്യം പരാതിയുമായി എത്തിയത്. പിന്നാലെ വഴിയോര കച്ചവടക്കാരും സമീപവാസികളും എത്തി. പരിസരത്ത് നിൽക്കാൻ കഴിയാത്ത തരത്തിൽ ദുർഗന്ധമായിരുന്നു.

പരാതി പോലീസിലെത്തിയതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പാലത്തിനടുത്ത് സി.സി.ടി.വി. ക്യാമറകളില്ല. ഇത് മാലിന്യമിടുന്നവർ പ്രയോജനപ്പെടുത്തുകയാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സമീപത്തെ ഒരു ഫ്ലാറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ ടാങ്കർ ലോറിയുടെ ദൃശ്യമുള്ളതായാണ്‌ വിവരം. അതു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ കക്കൂസ് മാലിന്യം തള്ളിയവർ കുടുങ്ങും.

പോലീസിന്റെ പട്രോളിങ് ഈ ഭാഗത്ത്‌ കുറവാണെന്നാണ്‌ നാട്ടുകാരുടെ പരാതി. രാത്രി ആളനക്കമില്ലാത്ത മേഖലയിൽ പോലീസിന്റെ സാന്നിധ്യം വേണമെന്നാണ് നാട്ടുകാർ പറയുന്നത്.

കക്കൂസ് മാലിന്യത്തിനൊപ്പം മേഖലയിൽ റോഡരികിൽ ചാക്കിൽ കെട്ടിയും അല്ലാതെയും മറ്റു മാലിന്യങ്ങളും തള്ളുന്നുണ്ട്. ചാക്കിൽ കെട്ടി മാലിന്യം തള്ളിയവരെ ഒരു തവണ പിടികൂടി പിഴയടപ്പിച്ചിരുന്നു. അതു തുടരണമെന്നാണ്‌ കച്ചവടക്കാർ പറയുന്നത്.

കച്ചവടം പോകും

രാവിലെ കച്ചവടത്തിന് വരുമ്പോൾ മുതൽ സഹിക്കുന്നതാണ് ഞാനിത്. ദുർഗന്ധം കൊണ്ട് വാഹന യാത്രികർ നിർത്താതെ പോകുന്നതോടെ കച്ചവടവും കിട്ടില്ല. ഇതിന് ഒരു പരിഹാരം കാണാൻ ഇനി പോലീസുകാർ വിചാരിച്ചാലേ കഴിയൂ.

- മുഹമ്മദ് കുന്ഹി (തമ്മനം)

എത്രയോ നാളായി സഹിക്കുന്നു

വലിയ കഷ്ടമാണിവിടത്തെ സ്ഥിതി, എത്രയോ നാളുകളായി ഞങ്ങൾ കച്ചവടക്കാർ ഈ മാലിന്യത്തിനരികിൽ കഴിയുകയാണ്. പുലർച്ചെ പരിശോധന നടത്താനായാൽ മാലിന്യം തള്ളുന്നവരെ കൈയോടെ പൊക്കാൻ പറ്റും. ഇവരെ പിടികൂടി തക്കതായ ശിക്ഷ കൊടുക്കണം.

- വി.എ. നൗഷാദ് (ആലുവ)

എളുപ്പ പണിക്കായി റോഡരികിൽ തള്ളുന്നു

മാലിന്യം നിക്ഷേപിക്കാനായി സ്ഥലമുള്ളപ്പോൾ എളുപ്പ പണിക്കായി റോഡരികിൽ തള്ളുകയാണ്. ഇതിനെതിരേ കർശന നടപടിതന്നെ വേണം. വ്യാപാരികളുടെ ശക്തമായ പ്രതിഷേധം നഗരസഭയെയും പോലീസിനെയും അറിയിക്കും.

- കെ.സി. സുനീഷ്

(യൂത്ത് വിങ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, കതൃക്കടവ് യൂണിറ്റ്)

കർശന നടപടി

ഞാനും തൊട്ടടുത്ത ഡിവിഷനിലെ കൗൺസിലർ സക്കീർ തമ്മനവും മാലിന്യം തള്ളുന്നവരെ പിടിക്കാനായി ഒരു ദിവസം രാത്രി സ്ഥലത്ത് സ്ക്വാഡ് നിന്നിരുന്നു. എന്നാൽ, അന്ന് മാലിന്യം തള്ളുന്നവർ എത്തിയില്ല. പ്രശ്നം ഗുരുതരമായ സാഹചര്യത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടിയെടുക്കാനാണ് തീരുമാനം.

- ജോർജ് നാനാട്ട് (കൗൺസിലർ)