കൊച്ചി: പൂക്കൾ വീണുകിടക്കുന്ന നടപ്പാതയിലൂടെ നടന്നുവന്ന്‌ മരച്ചോട്ടിൽ കൂട്ടുകൂടുമ്പോൾ അവരുടെയെല്ലാം വസ്ത്രങ്ങളിലും കുറേ പൂക്കളുടെ ചിത്രങ്ങളുണ്ടായിരുന്നു. മരച്ചോട്ടിൽനിന്ന്‌ അവർ സംസാരിച്ചതും പൂക്കൾപോലെ മനോഹരമായ സ്വപ്നങ്ങളെക്കുറിച്ചാണ്. കൊച്ചിയിൽ നടന്ന ‘മിസ് കൈരളി പാജന്റ് ഷോ’യിലെ വിന്നർ നീലിമ നന്ദയും ഫസ്റ്റ് റണ്ണർ അപ്പ് എസ്.ആർ. അനുപമയും സെക്കൻഡ് റണ്ണർ അപ്പ് സൂര്യ ബാലസുബ്രഹ്മണ്യവും നാളെയുടെ ലോകത്തെ കാണുന്നതും സ്വപ്നങ്ങളുടെ വലിയ ആകാശമായിട്ടാണ്. സ്ത്രീ എന്ന വ്യക്തിത്വത്തിന്‌ തിളക്കമേറ്റി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനുള്ള പാതകളായാണ് ഇവർ മൂന്നുപേരും പാജന്റ് ഷോകളെ കാണുന്നത്.

ആദ്യത്തെ അനുഭവം

പാജന്റ് ഷോയിൽ ആദ്യമായാണ്‌ മൂന്നുപേരും പങ്കെടുക്കുന്നത്. എന്നാൽ, ആദ്യ ഷോ സമ്മാനിച്ചത് അവിസ്മരണീയമായ അനുഭവങ്ങളാണെന്നാണ് അവർ പറഞ്ഞത്.

’’ബ്യൂട്ടി വിത് ബ്രെയിൻ എന്നാണ് പേജന്റ് ഷോയെ പലരും വിശേഷിപ്പിക്കുന്നത്. അത്‌ പൂർണമായും ശരിയാണെന്ന്‌ ബോധ്യപ്പെടുന്നതായിരുന്നു ഞങ്ങളുടെ മത്സരം. ഒരു സ്ത്രീയുടെ മുന്നോട്ടുള്ള യാത്രയിൽ എടുക്കേണ്ട പ്രധാന തീരുമാനം എന്തായിരിക്കണമെന്ന്‌ ഒരു ചോദ്യമുണ്ടായിരുന്നു. ’യെസ്’ പറയേണ്ടിടത്ത്‌ ’യെസ്’ എന്നും ’നോ’ പറയേണ്ടിടത്ത്‌ ’നോ’ എന്നും പറയാൻ കഴിയണമെന്നായിരുന്നു അതിന്‌ എന്റെ ഉത്തരം. സത്യത്തിൽ അതുതന്നെയാണ് വ്യക്തിത്വമുള്ള ഒരു സ്ത്രീക്ക്‌ ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള കൃത്യമായ വഴിയെന്നാണ്‌ ഞങ്ങളെല്ലാം വിശ്വസിക്കുന്നത്. ഇത്തരം ഷോകൾ നമുക്ക് ഇതുപോലെ കൃത്യമായ കൂടുതൽ ഉത്തരങ്ങൾ ജീവിതത്തിന്റെ ഏതു മേഖലയിലും പറയാനുള്ള ആത്മവിശ്വാസം നൽകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’’ - നീലിമ പറയുമ്പോൾ കൂട്ടുകാരികൾ ഐക്യദാർഢ്യം പോലെ തലയാട്ടി.

കലയും പഠനവും

കലയും പഠനവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നിടത്താണ് പെൺകുട്ടികളുടെ വിജയം മനോഹരമാകുന്നതെന്നാണ് ഇവരുടെ വിശ്വാസം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ നീലിമ നല്ലൊരു നർത്തകി കൂടിയാണ്. നാലാം വയസ്സ്‌ മുതൽ ഭരതനാട്യം പഠിക്കുന്ന നീലിമ, മോഡലിങ് രംഗത്തും തിളങ്ങി. ബി.കോം. പഠനം കഴിഞ്ഞ സൂര്യയും നൃത്തത്തിലാണ് ഇപ്പോൾ സന്തോഷങ്ങൾ തേടുന്നത്. പി.ജി. സൈക്കോളജി കഴിഞ്ഞ്‌ അതിൽ ഗവേഷണം നടത്തുന്ന അനുപമ കോളേജ് അധ്യാപികയായി ജോലി ചെയ്യുന്നു. ’നിശ്ശബ്ദം നിശാഗന്ധം’ എന്ന ചെറുകഥാ സമാഹാരം അടക്കം രണ്ടു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള അനുപമ ഒരു ഷോർട്ട് ഫിലിമിന്‌ തിരക്കഥ രചിച്ചിട്ടുണ്ട്. സിനിമയുടെ തിരക്കഥ എന്ന വലിയ സ്വപ്നത്തിലേക്കാണ് ഇപ്പോൾ അനുപമയുടെ യാത്ര.

സ്വപ്നങ്ങൾ അവസാനിക്കുന്നില്ല

സ്ത്രീകളെ സമൂഹത്തിൽ അടയാളപ്പെടുത്തുന്നത് എങ്ങനെയാകണമെന്ന ചോദ്യത്തിന്റെ ഉത്തരങ്ങളും അവരുടെ അവസാനിക്കാത്ത സ്വപ്നങ്ങളുടെ സാക്ഷ്യപത്രങ്ങളായിരുന്നു. സ്വാതന്ത്ര്യത്തോടെ ജീവിക്കാനും നിലപാടുകളിൽ മുറുകെപ്പിടിക്കാനും കഴിയുന്ന ജീവിതമായിരുന്നു മൂന്നു പേരുടെയും സ്വപ്നം.

’’സ്ത്രീകളെ അവഗണിക്കുകയും മനഃപൂർവം ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്ന ഒരുപാട്‌ ദൃശ്യങ്ങൾ സമൂഹത്തിലുണ്ട്. സ്ത്രീയും പുരുഷനും ഒരുപോലെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടുന്ന, പരസ്പരം സ്നേഹിക്കുന്ന, ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന ഒരു ലോകം എത്ര സുന്ദരമായിരിക്കും’’ - നീലിമ പറയുമ്പോൾ സൂര്യ ഇടയിൽ കയറി: ’’എപ്പോഴെങ്കിലും ആണാകാൻ പറ്റിയാൽ എന്തു ചെയ്യുമെന്ന്‌ മത്സരത്തിൽ ഒരു ചോദ്യമുണ്ടായിരുന്നു. ‘ആണാകാൻ പറ്റിയിരുന്നെങ്കിൽ നന്നായേനെ’ എന്ന്‌ ജീവിതത്തിലും ഇടയ്ക്കൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്.’’ സൂര്യയുടെ വാക്കുകളെ ഒരു കഥയുടെ അവസാന വാചകം പോലെ പൂരിപ്പിച്ചത് അനുപമയായിരുന്നു: ’’ആരും മറ്റാരുമായി മാറേണ്ടതില്ല. ജീവിതം മനോഹരമാണ്.’’