: സ്വർണ വ്യാപാരികളെ ആക്രമിച്ച് ആറ്‌ കിലോ സ്വർണം കവർന്നുവെന്ന വാർത്ത കേട്ടാണ് സർക്കിൾ ഇൻസ്പെക്ടർ ടി.കെ. തോമസ് ഉണർന്നത്. ചേർപ്പ് സി.ഐ. ആയി തോമസ് ചുമതലയേറ്റ തൊട്ടടുത്ത ദിവസമായിരുന്നു ഈ വൻ കവർച്ച.

വീട്ടിൽ കരുതിയിരുന്ന സ്വർണം ജൂവലറിയിലേക്ക്‌ കൊണ്ടുപോകും വഴി കാറിലെത്തിയവർ സ്വർണ വ്യാപാരികളെ ആക്രമിച്ച്‌ കവരുകയായിരുന്നു. ശ്രദ്ധയാകർഷിച്ച സംഭവം ആയതിനാൽ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ വലിയ സമ്മർദം നേരിട്ടു.

ചേർപ്പ് പരിസരത്ത്‌ സമാനമായ കവർച്ചകളും കവർച്ചാ ശ്രമങ്ങളും നടന്നിട്ടുണ്ട്. ഇതിനാൽ സ്ഥിരം കവർച്ച സംഘങ്ങൾ എവിടെയാണെന്നും അവരുടെ നീക്കങ്ങൾ എന്താണെന്നും പോലീസ് പരിശോധിച്ചു. എന്നാൽ, ഇതിൽനിന്ന്‌ കാര്യമായ സൂചന ലഭിച്ചില്ല.

സംഭവം നടന്ന പ്രദേശത്ത്‌ നടത്തിയ പരിശോധനയിലും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. സി.സി.ടി.വി. ക്യാമറകൾ ഇല്ലാതിരുന്ന കാലം. അതിനാൽ ദൃക്സാക്ഷികൾ നൽകിയ മൊഴിയെ ആശ്രയിച്ച്‌ കേസ് മുന്നോട്ടു കൊണ്ടുപോകാൻ പോലീസ് തീരുമാനിച്ചു. പ്രതികൾ എല്ലാം മുഖംമൂടി ധരിച്ചിരുന്നു എന്നായിരുന്നു മൊഴി. പ്രതികൾ വന്ന വാഹനത്തിന്റെ നമ്പറും തിരിച്ചറിയാൻ കഴിഞ്ഞില്ല, നമ്പർ ലഭിച്ചാലും അത് വ്യാജമാകുമെന്ന്‌ പോലീസിന് തീർച്ചയായിരുന്നു.

ഇതോടെ അന്വേഷണം വഴിമുട്ടും എന്ന സ്ഥിതിയായി. ഇതിനിടെയാണ് ഒരു മൊഴി പോലീസിന്‌ ലഭിക്കുന്നത്. പ്രതികൾ കവർച്ചയ്ക്കു ശേഷം പോകുമ്പോൾ കാറിനു നേരേ നാട്ടുകാരിൽ ചിലർ കല്ലെറിഞ്ഞു എന്നായിരുന്നു നിർണായക മൊഴി. ഈ കല്ലേറിൽ കാറിന്റെ ചില്ലിൽ പൊട്ടൽ വീണിട്ടുണ്ടാകുമെന്ന് ഒരാൾ പറഞ്ഞു.

മറ്റു തെളിവുകളൊന്നും ഇല്ലാത്തതിനാൽ ഇതു കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇതോടെ തൃശ്ശൂർ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പോലീസ് വിവരം കൈമാറി. ചില്ലിന് പൊട്ടലുമായി കറങ്ങുന്ന കാർ പിടികൂടാനായി പോലീസ് ജില്ലയിൽ അരിച്ചുപെറുക്കി.

എന്നാൽ, പോലീസ് വിവരം കൈമാറും മുമ്പേ പ്രതികൾ ജില്ലാ അതിർത്തി കടന്നിരുന്നു. രണ്ടു ദിവസം റോഡിൽ പരിശോധന നടത്തിയിട്ടും കാർ കണ്ടെത്താൻ കഴിയാതായതോടെ വർക്‌ഷോപ്പുകളിൽ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. സംസ്ഥാനത്തെ മറ്റ് സ്റ്റേഷനുകളിലേക്ക്‌ വിവരം കൈമാറുകയും ചെയ്തു.

തൊട്ടടുത്ത ദിവസം പറവൂർ സ്റ്റേഷനിൽനിന്ന് അന്വേഷണ സംഘത്തെ തേടി ആ നിർണായക വിവരം എത്തി. ചില്ല് പൊട്ടിയ ഒരു കാർ ഇവിടത്തെ ഒരു വർക്‌ഷോപ്പിലുണ്ടെന്നായിരുന്നു വിവരം. വാഹനം മുനമ്പത്തെ ഗുണ്ടാ നേതാവ് കൊണ്ടുവന്നിട്ടതാണ് എന്നായിരുന്നു വിവരം. അന്വേഷണ സംഘം അവിടത്തെ പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ഗുണ്ടാ നേതാവിനെയും കൂട്ടാളിയെയും പിടികൂടി.

അവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്‌ കവർച്ച ചെയ്ത സ്വർണവുമായി ഒരു സംഘം ബെംഗളൂരുവിലേക്ക് പോയി എന്നറിയുന്നത്.

ടി.കെ. തോമസിന്റെയും ചാലക്കുടി എസ്.ഐ.യുടെയും നേതൃത്വത്തിൽ ഒരു സംഘം ബെംഗളൂരുവിലേക്ക്. ഇവിടെ നടത്തിയ അന്വേഷണത്തിൽ രണ്ടു പ്രതികളെ കണ്ടെത്തി. ഇവരുമായി നടത്തിയ അന്വേഷണത്തിൽ വില്പന നടത്തിയ സ്വർണം പോലീസ് വീണ്ടെടുക്കുകയും ചെയ്തു.

ഇവരിൽനിന്നാണ് ആയുധവുമായി ഒരു പ്രതി വയനാട്ടിലുണ്ടെന്ന്‌ വിവരം ലഭിക്കുന്നത്. അവിടെ നിന്ന് പിസ്റ്റളുമായി ഒരു പ്രതിയെ സാഹസികമായി പോലീസ് പിടികൂടി. പിന്നീട് നടത്തിയ അന്വേഷണത്തിൽ കവർച്ച സംഘത്തിലുണ്ടായിരുന്നതും അവർക്ക് സഹായം നൽകിയതുമായി 15 പേരെയും അന്വേഷണ സംഘം കണ്ടെത്തി. കവർച്ച നടത്തിയ സ്വർണത്തിന്റെ 90 ശതമാനവും വീണ്ടെടുക്കാനും പോലീസിനായി.

സംയുക്ത ഓപ്പറേഷൻ

പല ജില്ലകളിലെ ഗുണ്ടാ നേതാക്കൾ ചേർന്ന് സംയുക്തമായി നടത്തിയ കവർച്ചയായിരുന്നു ചേർപ്പിലേത്. ചേർപ്പിലെ സ്ഥിരം കുറ്റവാളികളെ സംശയിച്ച് അടഞ്ഞുപോകുമായിരുന്ന അന്വേഷണത്തിന് നിർണായക വഴിത്തിരിവായത് കല്ലെറിഞ്ഞു എന്ന മൊഴിയായിരുന്നു.