കൊച്ചി: സുരക്ഷിത യാത്രയ്ക്ക്‌ വഴികാട്ടിയായി സ്ഥാപിച്ച കണ്ണാടികളാണ്... പക്ഷേ, ഇപ്പോൾ വഴികാട്ടികളെല്ലാം പൊട്ടിയും പൊളിഞ്ഞും നശിച്ചുകഴിഞ്ഞു. ഇടവഴികൾ കൊണ്ട്‌ സമ്പന്നമായ നഗരത്തിലെ വളവുകളിൽ വാഹന യാത്രക്കാർക്ക് വഴികാട്ടിയായാണ്‌ കോൺവെക്സ് മിററുകൾ സ്ഥാപിച്ചത്. ഇവയെല്ലാം സംരക്ഷിക്കപ്പെടാതെ നശിക്കുകയാണ്. കൊച്ചി നഗരത്തിൽ മാത്രം നൂറുകണക്കിന് കോൺവെക്സ് മിററുകൾ ഏതാനും വർഷത്തിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ തൃക്കാക്കര നഗരസഭയിൽ മാത്രം 215 കോൺവെക്സ്‌ മിററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ സ്ഥാപിക്കുന്നതിനായി 11,00,500 രൂപ ചെലവഴിച്ചതായും മറുപടിയിൽ പറയുന്നു. അതായത്, ഒരെണ്ണം സ്ഥാപിക്കാൻ ചെലവായത് 5,100 രൂപ.

സംരക്ഷണം വേണം

കോൺവെക്സ് മിറർ സ്ഥാപിക്കുന്നതല്ലാതെ, അത് സംരക്ഷിക്കാനുള്ള ശ്രമം നടത്താത്തതാണ്‌ പ്രശ്നമെന്ന് വിവരാവകാശ പ്രവർത്തകനും ‘പ്രോപ്പർ ചാനൽ’ എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റുമായ എം.കെ. ഹരിദാസ് പറഞ്ഞു.

വളവുകളിലും ഇടവഴികൾ ചേരുന്നിടത്തും ശാസ്ത്രീയമായ പരിശോധനയില്ലാതെ കൗൺസിലർമാർ പറയുന്ന പ്രകാരം കോൺവെക്സ് മിറർ സ്ഥാപിക്കുകയാണ്‌ ചെയ്യുന്നത്. ഇവയിൽ ഏറെയും പൊടിപിടിച്ചും തകർന്നും പ്രയോജനപ്പെടാത്ത അവസ്ഥയിലാണെന്ന് മനസ്സിലായതോടെ, സംസ്ഥാനത്തെ പഞ്ചായത്തുകൾ കോൺവെക്സ് മിററുകൾ സ്ഥാപിക്കാൻ എത്ര രൂപ അനുവദിച്ചു എന്നറിയാൻ പഞ്ചായത്ത് ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത്തരമൊരു വിവരം ഇല്ലെന്നായിരുന്നു മറുപടി. കോൺവെക്സ് മിറർ സ്ഥാപിക്കാൻ സർക്കാർ നേരിട്ട് കരാർ നൽകിയിട്ടില്ലെന്നും ഏതെങ്കിലും പ്രത്യേക കമ്പനിയുടെ മിറർ സ്ഥാപിക്കണമെന്ന് നിർദേശം നൽകിയിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

പ്രോപ്പർ ചാനലിന്റെ പ്രവർത്തകർ നടത്തിയ പരിശോധനയിൽ കൊച്ചി നഗരത്തിൽ മാത്രമല്ല, മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരത്തിൽ തകർന്നതും പൊടിപിടിച്ചതുമായ കോൺവെക്സ് മിററുകൾ കണ്ടെത്തി. സംസ്ഥാനത്തെ ഒരു മുനിസിപ്പാലിറ്റി മാത്രം 11 ലക്ഷത്തിലധികം രൂപ കോൺവെക്സ് മിറർ സ്ഥാപിക്കാൻ ചെലവഴിച്ചിട്ടുള്ളപ്പോൾ, സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ആകെ ചെലവഴിച്ചിട്ടുള്ള തുക എത്ര കോടിയോളം വരുമെന്ന ചോദ്യവും ഹരിദാസ് ഉന്നയിക്കുന്നു.

റസിഡന്റ്‌സ് അസോസിയേഷനുകളെ ഏൽപ്പിക്കണം

കോൺവെക്സ് മിററുകളുടെ സംരക്ഷണം റസിഡന്റ്‌സ് അസോസിയേഷനുകളെ ഏൽപ്പിച്ചാൽ പൊടിപിടിച്ചും മറ്റും നശിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാം. വിദേശ രാജ്യങ്ങളിലൊക്കെ ഇത്തരം മിററുകളുടെ സംരക്ഷണം ഇത് സ്ഥാപിക്കുന്നവരുടെ ചുമതലയാണെന്നും ഹരിദാസ് പറയുന്നു.