പറവൂർ : ദേശീയപാതയ്ക്കായി സ്ഥലം നൽകിയവരെ വീണ്ടും കുടിയൊഴിപ്പിക്കുന്നതിനെതിരേ സംയുക്ത സമരസമിതി പ്രതിഷേധം സംഘടിപ്പിച്ചു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടക്കുന്ന വഴിക്കുളങ്ങര എൻ.എസ്.എസ്. കരയോഗം ഹാളിനു മുന്നിൽ ഭുമിയെടുപ്പ് വിജ്ഞാപനം കത്തിച്ചായിരുന്നു പ്രതിഷേധം.
പദ്ധതിയിലെ അഴിമതി, എലിവേറ്റഡ് ഹൈവേയുടെ സാധ്യത, മുൻകൂർ പരിസ്ഥിതി അനുമതിയുടെ അഭാവം തുടങ്ങിയവ ഉന്നയിച്ച് ഹൈക്കോടതിയിൽ നൽകിയ കേസുകളിൽ അന്തിമവാദം തുടങ്ങിയിരിക്കേ ദ്രുതഗതിയിൽ നടപടികൾ തീർക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണെന്ന് സമരക്കാർ ആരോപിച്ചു. നിർദിഷ്ട 45 മീറ്റർ പദ്ധതിക്കായി ചെലവിടുന്നതിനേക്കൾ 500 കോടിയോളം രൂപ കുറവിൽ എലിവേറ്റഡ് ഹൈവേ നിർമിക്കാനാകുമെന്നും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും നിർത്തിവച്ച് സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
പരിസ്ഥിതി-സാമൂഹിക പ്രവർത്തകയും എൻ.എ.പി.എം. സംസ്ഥാന കൺവീനറുമായ പ്രൊഫ. കുസുമം ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. കെ.വി. സത്യൻ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എൻ. നാണപ്പൻപിള്ള, ഹാഷിം ചേന്നാമ്പിള്ളി, തമ്പി മേനാച്ചേരി, ടോമി ചന്ദനപ്പറമ്പിൽ, ജസ്റ്റിൻ ഇലഞ്ഞിക്കൽ, സി.വി. ബോസ് എന്നിവർ പ്രസംഗിച്ചു. കെ. പ്രവീൺ, ജാഫർ മംഗലശേരി, കെ.എസ്. സക്കറിയ, ടോമി അറക്കൽ, പി.വി. സുഗതൻ തുടങ്ങിയവർ നേതൃത്വം നൽകി.