പെരുമ്പാവൂർ : 30 കൊല്ലത്തെ ഓട്ടോറിക്ഷാ ജീവിതത്തിന് സമ്മാനമായി കാഞ്ഞിരക്കാട് മനയ്ക്കക്കുടി വീട്ടിൽ കുമാരന് ‘നല്ല ഓട്ടോറിക്ഷാ ഡ്രൈവർ’ എന്ന പുരസ്കാരം. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടി മുൻപ് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട് ഔഷധി ജങ്‌ഷനിലെ കുമാരൻ എന്ന നാടറിയുന്ന ഓട്ടോക്കാരൻ.
മോട്ടോർവാഹനവകുപ്പും പെരുമ്പാവൂർ ട്രാഫിക് പോലീസും ചേർന്നാണ് അംഗീകാരം നൽകിയത്. റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് നഗരത്തിലെ നല്ല ഓട്ടോ സ്റ്റാൻഡിനെയും മാതൃകാ ഡ്രൈവറെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അധികൃതർ നടത്തിയ തിരഞ്ഞെടുപ്പിലാണ് കുമാരന് ബഹുമതി ലഭിച്ചത്.
ഔഷധി ജങ്‌ഷനിൽ 30 വർഷക്കാലം തന്നോടൊപ്പം ഓടിയ ഓട്ടോറിക്ഷ ഒരിക്കൽപ്പോലും അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് കുമാരൻ പറയുന്നു. ട്രാഫിക് നിയമം ലംഘിച്ചതിന് ഒരു പെറ്റിക്കേസുപോലും ഉണ്ടായിട്ടില്ല.
റോഡപകടമുണ്ടാകുമ്പോൾ കുമാരനും കുമാരന്റെ ഓട്ടോറിക്ഷയും രക്ഷാപ്രവർത്തനത്തിലേർപ്പെടുമെങ്കിലും പ്രതിഫലം സ്വീകരിക്കാറില്ല. അവശരായ എത്രയോ യാത്രക്കാരെ പ്രതിഫലമില്ലാതെ ലക്ഷ്യത്തിലെത്തിച്ചിട്ടുണ്ട്. 1991-ൽ പുതുതായി വാങ്ങിയ കെ.എൽ.07 സി 8708 നമ്പർ ഓട്ടോയുമായി ഔഷധി ജങ്‌ഷനിലെത്തിയതാണ് കുമാരൻ. 20 കൊല്ലമായി കരാട്ടെ മാസ്റ്ററാണെങ്കിലും ആയോധനവിദ്യ ആത്മരക്ഷയ്ക്ക് മാത്രമെന്ന നയമാണ് കുമാരന്. അല്ലിയാണ് കുമാരന്റെ ഭാര്യ. മക്കൾ: അഖിൽകുമാർ, അഞ്ജു. ട്രാഫിക് എസ്.ഐ. കെ.കെ. ശശി ഓട്ടോസ്റ്റാൻഡിലെത്തി കുമാരന് പുരസ്കാരം നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. വിജേഷ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രവീൺ കുമാർ, വി. രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.