ആലുവ : ആലുവ നഗരത്തിൽ മോഷണം അവസാനിക്കുന്നില്ല. നഗരമധ്യത്തിലെ നാല് കടകൾ കുത്തിത്തുറന്നു. ആലുവ റെയിൽവേ സ്റ്റേഷന് സമീപമുള്ള ‘തഹൂർ’ ഹോട്ടലിന്റെ പൂട്ട് തല്ലിപ്പൊളിച്ച് മോഷ്ടാവ് അകത്തുകയറി. തിങ്കളാഴ്ച പുലർച്ചെ 12.15-ഓടെയാണ് സംഭവം. മേശവലിപ്പ് തുറന്ന് പരിശോധിച്ച് മോഷ്ടിക്കാനുള്ള ശ്രമം നടത്തി. കടയ്ക്ക് സമീപമുള്ള മുറിയിൽ കിടന്നുറങ്ങിയിരുന്ന ജീവനക്കാർ ശബ്ദം കേട്ട് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
ആലുവ പമ്പ് കവലയിലെ സി.എസ്.ഐ. കോംപ്ലക്സിലെ മൂന്ന് കടകളിലും മോഷണം നടന്നു. ആനന്ദ് ഫാസ്റ്റ് ഫുഡ്, സമീപത്തെ ബുക്സ് സ്റ്റാൾ, ലോട്ടറി വിൽപ്പന കേന്ദ്രം എന്നീ കടകളുടെ ഷട്ടറിന്റെ താഴ് തകർത്ത് കള്ളൻ അകത്തു കയറി. ആനന്ദ് ഫാസ്റ്റ്ഫുഡിൽ നിന്ന് 3,500 രൂപയോളം കവർന്നു. ബുക്സ് സ്റ്റാളിൽ നിന്ന് 1000 രൂപയോളം നഷ്ടമായി. ലോട്ടറി വിൽപ്പന കേന്ദ്രത്തിന്റെ ഷട്ടറിന്റെ താഴ് തകർത്തെങ്കിലും സെൻട്രൽ ലോക്ക് സംവിധാനമുള്ളതിനാൽ അകത്തു കയറാനായില്ല.
മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി ആലുവ മാറിയിട്ടും പോലീസ് നടപടി ശക്തമല്ലെന്ന ആരോപണം ശക്തമാണ്. തുടർച്ചയായുള്ള ദിവസങ്ങളിൽ പലയിടങ്ങളിലായാണ് ആലുവയിൽ മോഷണം നടന്നിട്ടുള്ളത്.
വെള്ളിയാഴ്ച രാത്രി ചീരക്കട റോഡിൽ ഇരുമ്പുകമ്പിയുമായി മോഷണത്തിനിറങ്ങിയ ആളുടെ ദൃശ്യം സമീപത്തെ സി.സി. ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. നിരവധി വീടുകളിൽ കയറിയ ഇയാൾ ഒരു ഇരുചക്ര വാഹനവും മോഷ്ടിച്ചു. മൂന്ന് ദിവസമാണ് മോഷണത്തിനായി ചീരക്കട മേഖലയിൽ രാത്രികാലത്ത് ഇയാൾ എത്തിയതെന്ന് പിന്നീട് സി.സി.ടി.വി.യിൽ കണ്ടെത്തി.
കഴിഞ്ഞയാഴ്ച ചൂർണിക്കര കമ്പനിപ്പിടിയിലും മൂന്ന് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു.