കോതമംഗലം : കോട്ടപ്പാറ വനാതിർത്തിയിൽ കഴിയുന്ന പ്ലാമുടി, കണ്ണക്കട, കഴുതപ്പാറ, കൂവക്കണ്ടം പ്രദേശങ്ങൾ പുലിപ്പേടിയിൽ. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്തെ മൂന്നു വീടുകളിലെ വളർത്തുമൃഗങ്ങളെ കൊന്നത് പുലിയാണെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാർ. കോഴികൾ, നായ തുടങ്ങിയവയെയാണ് കൊന്നത്.

സ്ഥലത്തെത്തി പരിശോധന നടത്തിയ വനംവകുപ്പ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വീട്ടുമുറ്റത്ത് പതിഞ്ഞ കാൽപ്പാദങ്ങൾ പരിശോധിച്ചതിൽ നിന്ന് ‘കാട്ടുപൂച്ച’ ആകാനാണ്‌ സാധ്യതയെന്ന് വനപാലകർ പറഞ്ഞു. കാൽപ്പാദം കാട്ടുപൂച്ചയുടേതുമായി സാദൃശ്യമുള്ളതായി വനപാലകർ പറയുന്നു.

നാട്ടുകാരുടെ ആശങ്ക പരിഹരിക്കാനായി വനംവകുപ്പ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. വെള്ളിയാഴ്ച കൂട് സ്ഥാപിക്കുകയും ചെയ്യും. സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ ചിത്രങ്ങളൊന്നും പതിഞ്ഞിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

പ്ലാമുടി മാണിയ്ക്കൽ ഷിജോയുടെ വളർത്തുനായയെയാണ് ബുധനാഴ്ച രാത്രി കൊന്നത്. താമസിക്കുന്ന വീടിന് അഞ്ചു മീറ്റർ മാറി ഇവരുടെതന്നെ ആൾത്താമസമില്ലാത്ത വീടിന്റെ സിറ്റൗട്ടിലാണ് നായയെ പൂട്ടിയിട്ടിരുന്നത്. കഴുത്തിനാണ് കടിയേറ്റിട്ടുള്ളത്‌. നായയുടെ അസ്വാഭാവികമായ ശബ്ദംകേട്ട് നോക്കുമ്പോൾ, നായയെ പുലി പിടികൂടിയിരിക്കുന്നതായി കണ്ടെന്ന്‌ വീട്ടുകാർ പറയുന്നു. വാതിലിൽ തട്ടി ഒച്ചവച്ചപ്പോഴാണ് പുലി ഓടിമറഞ്ഞത്. പതിവായി ആന വരുന്ന ഭാഗമാണിത്.

ചൊവ്വാഴ്ച രാത്രി ഷിജോയുടെ വീടിന് നൂറ്‌്‌ മീറ്റർ മാറിയുള്ള വീരോളിൽ അജിയുടെ വീട്ടിലെ കോഴിയെ പിടിച്ചതും പുലിയാണെന്നാണ് ജനങ്ങളുടെ സംശയം. മറ്റൊരു വീട്ടിൽ നിന്ന് കൾഗം കോഴികളെയും മറ്റൊരു വളർത്തുനായയേയും പിടിച്ചതും പുലി തന്നെയെന്നാണ് നാട്ടിലെ സംസാരം.

പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. നാട്ടുകാരുടെ ഭീതിയും ആശങ്കയും പരിഹരിക്കാൻ വനംവകുപ്പ് നടപടിയെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ആവശ്യപ്പെട്ടു. മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ വനപാലകരും കോടനാട് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്‌സ് ടീമും സ്ഥലത്ത്‌ നിരീക്ഷണം നടത്തുന്നുണ്ട്.