പണം കിട്ടിയത് പോലീസിന്റെ ഇടപെടലിനെത്തുടർന്ന്

ആലുവ : ആപ്പിൾ ഐഫോൺ ബുക്ക് ചെയ്തിട്ട്‌ സോപ്പ് ലഭിച്ച സംഭവത്തിൽ പോലീസിന്റെ ഇടപെടൽ. ഫോണിന്റെ വിലയായ 70,900 രൂപ നഷ്ടമായ ആലുവ സ്വദേശി നൂറുൽ അമീനിന് തിരികെ ലഭിച്ചു. ഒക്ടോബർ 12-നാണ് നൂറുൽ അമീൻ ‘ഐഫോൺ 12’ ആമസോണിലൂടെ ഓർഡർ ചെയ്തത്. ആമസോൺ കാർഡ് വഴി പണവും അടച്ചു. ഡെലിവറി ബോയി കൊണ്ടുവന്ന പാഴ്‌സൽ പൊട്ടിച്ചുനോക്കിയപ്പോൾ യഥാർഥ ഫോൺകവറിനകത്ത് ഒരു സോപ്പും അഞ്ചുരൂപ നാണയവും മാത്രമാണ് ഉണ്ടായിരുന്നത്. ഡെലിവറി ബോയിയുടെ സാന്നിധ്യത്തിൽ പായ്ക്കറ്റ് തുറക്കുന്നത് വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.

പിന്നീട് റൂറൽ എസ്.പി.ക്ക്‌ ഇതുസംബന്ധിച്ച് പരാതി നൽകി. സൈബർ പോലീസ് സ്റ്റേഷൻ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആമസോണുമായി പോലീസ് ബന്ധപ്പെടുകയും ചെയ്തു. അന്വേഷണം മുറുകുന്നതിനിടെ ഫോൺ സ്റ്റോക്ക് ഇല്ലാത്തതിനാൽ പണം തിരികെ നൽകാമെന്ന്‌ ആമസോൺ അധികൃതർ പോലീസിനോട് പറഞ്ഞു. സൈബർ പോലീസ് ഇൻസ്പെക്ടർ ബി. ലത്തീഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എം. തൽഹത്ത്, സി.പി.ഒ ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.

കഴിഞ്ഞ മാസം പറവൂരുള്ള എൻജിനീയറിങ് വിദ്യാർഥി ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള ലാപ്പ്‌ടോപ്പ് ബുക്ക് ചെയ്തപ്പോൾ ലഭിച്ചത് പാക്ക് ചെയ്ത ദിനപത്രങ്ങളായിരുന്നു. ഇവർക്കും റൂറൽ ജില്ലാ പോലീസ് ഇടപെട്ട് പണം തിരികെ വാങ്ങി നൽകിയിരുന്നു. ഇതിന്റെ അന്വേഷണവും നടന്നുവരികയാണ്.