കൊച്ചി: ലോക്ഡൗൺ മാറി ജനം പുറത്തിറങ്ങിയതോടെ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ തിരക്ക് കൂടുന്നു. മുമ്പുണ്ടായിരുന്ന അത്രയും സർവീസുകൾ ഇല്ലാത്തതാണ്‌ സ്റ്റാൻഡിലെ ആൾക്കൂട്ടത്തിന്‌ കാരണം. ബസ്‌ കാത്ത് ഏറെ നേരം നിൽക്കുകയാണ് യാത്രക്കാർ. അടച്ചുപൂട്ടലിൽനിന്ന്‌ നഗരം സാധാരണ ജീവിതത്തിലേക്ക്‌ കടക്കുമ്പോൾ പൊതുവിടങ്ങളിലെ ആൾക്കൂട്ടങ്ങൾ വീണ്ടും ഭീതിയുയർത്തുകയാണ്.

ലോക്ഡൗണിൽ അടച്ചിരുന്ന വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും തുറന്നതോടെ ഓരോ ആവശ്യങ്ങൾക്കായി ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങി. സ്വന്തമായി വാഹനങ്ങളില്ലാത്ത സാധാരണക്കാരന്‌ പൊതുഗതാഗതം തന്നെ ആശ്രയം. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നിരത്തിലിറങ്ങേണ്ടതിനാൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസുകളുടെ എണ്ണവും കുറഞ്ഞു. അതോടെ കെ.എസ്.ആർ.ടി.സി. തന്നെയാണ് ഏക ആശ്വാസം.

എന്നാൽ, എല്ലായിടത്തേക്കുമുള്ള ബസുകൾ കുറവാണെന്നാണ്‌ യാത്രക്കാരുടെ പരാതി. അതിനാൽ ബസ് സ്റ്റാൻഡിൽ മിക്കപ്പോഴും വലിയ ആൾക്കൂട്ടമുണ്ടാകും. പ്രൈവറ്റ് ബസുകളുടെ കുറവ് നികത്താനായി യാത്രക്കാരുടെ ആവശ്യമനുസരിച്ചുള്ള ഇടങ്ങളിലേക്ക്‌ സർവീസുകൾ കൂട്ടേണ്ടതുണ്ട്. സ്വന്തമായി വാഹനങ്ങളില്ലാത്തതിനാൽ ജോലിക്ക്‌ പോകാനാകാത്ത വലിയൊരു വിഭാഗത്തിന് ഇത്‌ ഉപകാരപ്പെടും.

കൂട്ടമായെത്തുന്ന തൊഴിലാളികളും തീവണ്ടിയിൽ നിന്ന്‌ ഒരുമിച്ചെത്തുന്ന യാത്രക്കാരുമെല്ലാം ചേർന്ന്‌ ബസ് സ്റ്റാൻഡിൽ വലിയ ആൾക്കൂട്ടമാണ് സൃഷ്ടിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് കുറഞ്ഞ സമയത്തിൽ ബസ് ലഭിച്ചാൽ മാത്രമേ സ്റ്റാൻഡിലെ ജനക്കൂട്ടം ഒഴിവാകൂ.

സർവീസുകൾ കൃത്യമായി നടത്തുന്നുണ്ട്

കെ.എസ്.ആർ.ടി.സി. സർവീസുകൾ കൃത്യമായി നടത്തുന്നുണ്ട്. ജില്ലയിൽ ചൊവ്വാഴ്ച 240 സർവീസുകളാണ് നടത്തിയത്. ഇതിൽ 51 എണ്ണം നഗരത്തിലേക്കും ജില്ലയിലെ പ്രധാന ഭാഗങ്ങളിലേക്കുമായിരുന്നു. സ്റ്റാൻഡിൽ യാത്രക്കാരുടെ തിരക്കുണ്ടെന്നു പറയാൻ പറ്റില്ല. ആവശ്യമനുസരിച്ച് സർവീസുകൾ കൂട്ടുന്നുണ്ട്. ലോക്ഡൗണിനു ശേഷം റോഡിൽ സ്വകാര്യ വാഹനങ്ങളുടെ തിരക്ക്‌ കൂടിയത്‌ പലയിടത്തും ഗതാഗതക്കുരുക്കിനും സമയ നഷ്ടത്തിനും കാരണമാകുന്നു. അതുകൊണ്ടാണ് ചില സമയങ്ങളിൽ ബസുകളെത്താൻ വൈകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസുകൾ കൂട്ടും.

- വി.എം. താജുദ്ദീൻ

ഡി.ടി.ഒ., എറണാകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോ