കൊച്ചി: സുരക്ഷിതമായ തൊഴിലിടം എന്ന ലക്ഷ്യത്തോടെ ജീവനക്കാർക്കായി വാക്സിനേഷൻ ഡ്രൈവ് ഒരുക്കി ഇൻഫോപാർക്ക്‌. ടെക്നോപാർക്ക്‌ കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ സഹകരണത്തോടെയാണ്‌ ക്യാമ്പ്.

ഇൻഫോപാർക്കിൽ ആകെ 51,000 ജീവനക്കാരാണുള്ളത്. ഇവരിൽ ഏറിയ പങ്കും വീടുകളിൽ ഇരുന്നാണ്‌ ജോലിചെയ്യുന്നത്. കമ്പനികൾ സ്വന്തം നിലയിൽ ജീവനക്കാർക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. വിപ്രോ, ടി.സി.എസ്., യു.എസ്.ടി. തുടങ്ങിയ ഒട്ടേറെ കമ്പനികൾ ജീവനക്കാർക്കായി ക്യാമ്പ് നടത്തിയിരുന്നു.

വെള്ളിയാഴ്ച വരെ നീളുന്ന ക്യാമ്പിലേക്കായി 9000 ഡോസ് കോവിഷീൽഡ്‌ ആണ് അനുവദിച്ചിരിക്കുന്നതെന്ന് ഇൻഫോപാർക്ക്‌ അധികൃതർ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് ക്യാമ്പ് തുടങ്ങിയത്. ആദ്യ ദിവസം 300 പേർ വാക്സിൻ സ്വീകരിച്ചു. വിവിധ കമ്പനികളിലെ ജീവനക്കാരും കുടുംബാംഗങ്ങളുമായി 8000 പേരെയാണ്‌ പ്രതീക്ഷിക്കുന്നത്.

‘ബാക്ക് ടു ഓഫീസ്’ എന്ന ലക്ഷ്യവും ക്യാമ്പിനു പിന്നിലുണ്ടെന്ന് ഇൻഫോപാർക്ക്‌ അധികൃതർ പറയുന്നു. നിലവിൽ മിക്ക കമ്പനികളുടെയും ടെക്‌നിക്കൽ സപ്പോർട്ട് ടീം ആണ് കാമ്പസിലുള്ളത്. എല്ലാവർക്കും വാക്സിൻ കിട്ടിക്കഴിഞ്ഞാൽ കൂടുതൽ ജീവനക്കാരെ ഘട്ടം ഘട്ടമായി ഓഫീസുകളിലെത്തിക്കാൻ കഴിയുമെന്നാണ്‌ കരുതുന്നതെന്നും ഇൻഫോപാർക്ക്‌ അധികൃതർ ചൂണ്ടിക്കാട്ടി.