കളമശ്ശേരി : കുസാറ്റ് കംപ്യൂട്ടർ ആപ്ലിക്കേഷൻ വകുപ്പിലെ സൈബർ ഇന്റലിജൻസ് റിസർച്ച് ലബോറട്ടറി 'വിവര സംരക്ഷണത്തിനായുള്ള സൈബർ സുരക്ഷാ മേൽനോട്ടം' എന്ന വിഷയത്തിൽ അഞ്ചു ദിവസത്തെ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കൗൺസിൽ ടെക്നിക്കൽ എജ്യൂക്കേഷനും കേന്ദ്ര സർക്കാരിന്റെ ട്രെയിനിങ്‌ ആൻഡ്‌ ലേണിങ്‌ ഓൺലൈൻ എഫ്.ഡി.പി. യുമായി സഹകരിച്ചായിരുന്നു പരിപാടി. വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. എം.കെ. സാബു അദ്ധ്യക്ഷനായി. രജിസ്ട്രാർ ഡോ. വി. മീര, ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. കെ. ഗിരീഷ്‌കുമാർ, ഡോ. എം.വി. ജൂഡി, ഡോ. പി. വിനോദ് എന്നിവർ സംസാരിച്ചു. ‘സമൂഹ മാധ്യമങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ’, ‘മാൽവെയർ അനാലിസിസ്’, ‘വെബ് സുരക്ഷ’, ‘മൾട്ടി മീഡിയ സുരക്ഷ’, ‘ക്രിപ്‌റ്റോഗ്രഫി’ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ, സ്കൂൾ-കോളേജ് അദ്ധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, വ്യവസായ മേഖലയിൽ നിന്നുള്ളവർ തുടങ്ങിയവർ പങ്കെടുത്തു.