93 ന്റെ നിറവിലേക്ക് പ്രവേശിക്കുന്ന ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസിനു പിറന്നാൾ മംഗളങ്ങളും ആയുരാരോഗ്യസൗഖ്യവും വിനയപൂർവ്വം നേരുന്നു. മലങ്കര യാക്കോബായ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദീർഘദർശിയും ശക്തനുമായ പ്രാദേശിക മേലധ്യക്ഷൻ ആണ് ശ്രേഷ്ഠ ബാവ തിരുമനസ്സുകൊണ്ട്. പ്രതിസന്ധികളെ സാധ്യതകൾ ആക്കുവാൻ ബാവായ്ക്ക് ഉള്ള പ്രത്യേക കഴിവ് അത്യപൂർവ്വമാണ്.

കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തിലും സഭാ നൗകയെ മുന്നിൽ നിന്ന് നയിക്കുന്ന അമരക്കാരനാണ് ബാവ. പ്രതിസന്ധികളുടെ മധ്യത്തിലും യാക്കോബായ സുറിയാനി സഭയെ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ ഉറപ്പിച്ച് നിർത്തുവാൻ ബാവായുടെ അനിഷേധ്യ നേതൃത്വത്തിന് സാധിക്കുന്നു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള ബാവയുടെ അചഞ്ചലമായ കൂറും വിധേയത്വവും കണക്കിലെടുത്ത് പരിശുദ്ധ സിംഹാസനം ബാവായ്ക്ക് 'മലങ്കരയുടെ യാക്കോബ് ബുർദ്ദാന' എന്ന സ്ഥാനപ്പേർ നൽകി അനുഗ്രഹിച്ചു.

ബാവാതിരുമനസ്സിന്റെ നിഷ്ഠയുള്ള പ്രാർത്ഥന ജീവിതം, ഹൃദയങ്ങളെ ആർദ്രമാക്കുന്ന ആരാധന ശൈലി, മാതൃകായോഗ്യമായ അതിഥി സൽക്കാര രീതി, തന്നെ നിന്ദിക്കുന്നവരോട് പോലും ശത്രുത ഇല്ലാതെ പെരുമാറുന്ന യേശുഭാവം, മിത ഭക്ഷണവും മിത ഭാഷണവും, വിനയവും എല്ലാം ബാവാ തിരുമേനിയെ വ്യത്യസ്തനാക്കുന്നു. ബാവയുടെ സുവിശേഷ പ്രതിബദ്ധതയുടെ ഏറ്റവും വലിയ സാക്ഷ്യമാണ് മഹത്തായ പുത്തൻകുരിശ് കൺവെൻഷൻ. യാക്കോബായ സഭയുടെ ഇന്നു കാണുന്ന ആത്മീയവും ഭൗതികവുമായ എല്ലാ ഉയർച്ചയുടെയും പിന്നിൽ ബാവായുടെ ശക്തമായ നേതൃത്വവും കഴിവും കഠിനാധ്വാനവും ഉണ്ട്. വ്യക്തിപരമായി എനിക്ക് ബാവാതിരുമനസ്സിനോടുള്ള കടപ്പാട് വാക്കുകൾക്ക് അതീതമാണ്. മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് ബലഹീനനായ ഞാൻ ഉയർത്തപ്പെട്ടതിൽ ദൈവം കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ബാവാതിരുമനസ്സിനോടാണ് . മറ്റ് നാലു സഹോദര മെത്രാപ്പോലീത്തമാരോട് ചേർന്നു ബാവാതിരുമനസ്സിലെ തൃക്കരങ്ങളാൽ മേൽപ്പെട്ട സ്ഥാനം സ്വീകരിക്കുവാൻ എനിക്കും ഭാഗ്യം ലഭിച്ചു. ഈ കടപ്പാട് ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കും. ബാവ തിരുമനസ്സിന് പിറന്നാൾ മംഗളങ്ങൾ ഒരിക്കൽ കൂടി വിനയപൂർവ്വം നേരുന്നു.