മലങ്കരയുടെ യാക്കോബ് ബുർദ്ദാന ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ജന്മദിനത്തിൽ പ്രാർത്ഥനാപൂർവ്വം ജന്മദിന പ്രാർത്ഥനാ മംഗളങ്ങൾ നേരുന്നു.

വിശുദ്ധിയുടെ വീഥികളാക്കി കർമ്മ മണ്ഡലങ്ങളിൽ അനേകർക്കു വിശ്വാസത്തിന്റെ വെളിച്ചം പരത്തിയ മാർദർശി. സത്യവിശ്വാസത്തിന്റെ കാവൽഭടൻ, സുവിശേഷ പാതകളിൽ വിശ്രമമില്ലാത്ത യോദ്ധാവ്, വീക്ഷ്ണവും ദർശനവുമുള്ള മലങ്കരയുടെ മഹിമാചാര്യൻ....... ഓർക്കാൻ അനേകം ധന്യനിമിഷങ്ങൾ തന്റെ മുന്നിൽ വരുന്നവർക്കു പകർന്ന ധന്യനായ മുനി ശ്രേഷ്ഠൻ.

ശ്രേഷ്ഠ കാതോലിക്ക ബാവായുടെ ജീവിതം അനേകർക്കു മാതൃകയാക്കാൻ ഉള്ള ശ്രേഷ്ഠ വ്യക്തിത്വം. ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ സദൃശ്യവാക്യങ്ങളിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു. 'നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ' (സദൃശ്യവാക്യങ്ങൾ 10;25).

സഹനങ്ങളും വേദനകളും നിറഞ്ഞബാല്യകാലത്തിൽ നിന്ന് ദൈവാശ്രയത്തിന്റെയും ദൈവീക കരുതലിന്റേയും സാക്ഷ്യങ്ങൾ പേറി ആത്മീയ മണ്ഡലത്തിൽ അനേകർക്കു വിശ്വാസ ബലം നൽകിയ ഒരു ശ്രേഷ്ഠ പിതാവാണ് ശ്രേഷ്ഠ ബാവാ തിരുമനസ്സ്. തന്റെ ജീവിതത്തെ പിന്നിലേക്കു ഒന്നു തിരിഞ്ഞു നോക്കുമ്പോൾ തൊട്ടത് എല്ലാം പൊന്നാക്കി മാറ്റിയ ശ്രേഷ്ഠ ഇടയൻ. എന്തായിരുന്നു ഇതിന്റെ പിന്നിലെ വലിയ രഹസ്യം .?. ഉത്തരം വളരെ ലളിതം. തന്റെ നാഥന്റെ മുമ്പിൽ മുട്ടുകളെ മടക്കിയുള്ള ഹൃദയം പകർന്ന പ്രാർത്ഥനകൾ. പകലന്തിയോളം മലങ്കരയുടെ നാലുദിക്കുകളിലും വിശ്രമം എന്തെന്ന് അറിയാതെ ഓടിയെത്തിയ സ്‌നേഹ നിധിയായ പിതാവ്. രാത്രിയുടെ യാമങ്ങളിൽ ഗത്ശമ്‌നയിൽ പ്രാർത്ഥിച്ച കർത്താവിനെ പോലെ തന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഒരു താപസ്യവര്യൻ. ഹൃദയം നുറുങ്ങിയ പ്രാർത്ഥനയും, കഠിനാധ്വാനവും തന്റെ ജീവിതത്തിന്റെ ലക്ഷ്യങ്ങൾ ആയി മാറിയപ്പോൾ, തന്റെ ദർശനങ്ങളും വീക്ഷണങ്ങളും സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളായി പിറന്നു.

ഒന്നും ഇല്ലായ്മയുടെ അനുഭവത്തിൽ നിന്നും ഇന്നുകാണുന്ന വളർച്ചകൾ അതിന്റെ പിന്നിൽ ദൈവം എടുത്ത് ഉപയോഗിച്ചത് ഈ ശ്രേഷ്ഠ പിതാവിന്റെ കരങ്ങൾ അത്രെ.

വിശ്വാസത്തിന്റെ പ്രകാശം സുവിശേഷത്തിന്റെ വെളിച്ചം ജ്വലിപ്പിക്കാൻ വേണ്ടിയുള്ള വലിയ സ്വപ്നമായിരുന്നല്ലോ പുത്തൻകുരിശിൽ നടന്നുവരുന്ന അഖില മലങ്കര സുവിശേഷ മഹായോഗം. കേരളത്തിലെ മരാമൺ കൺവെൻഷൻ പോലെ ഉയർന്ന ഈ വചന വിരുന്ന് ശ്രേഷ്ഠ ബാവായുടെ സുവിശേഷകാന്ത ദർശിത്വം ആണ്. പരി. സഭയ്ക്കുവേണ്ടി തന്റെ ജീവനെ നൽകിയ യേശു തമ്പുരാനിൽ ആശ്രയം വെച്ച് സഭയുടെ കാലിക പ്രസക്തി ഉൾകൊണ്ട് പ്രവർത്തിച്ചതിന്റെ ഫലമായി ഉയർന്നു വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അനേകർക്കു വെളിച്ചമേന്തുന്ന വലിയ ദീപമാണ്. സന്യാസ സ്ഥാപനങ്ങൾ(കോൺവെന്റ്), ദൈവാലയങ്ങൾ, ധ്യാന മന്ദിരങ്ങൾ, പുത്തൻകുരിശിലെ ആസ്ഥാന മന്ദിരം ഇവയെല്ലാം ശ്രേഷ്ഠ പിതാവിന്റെ ത്യാഗപൂർണമായ ജീവിതത്തിന്റെ ചില ഫലങ്ങൾ മാത്രം.

വ്യക്തിപരമായി ബലഹീനനായ നമ്മുടെ ജീവിതത്തെ ഏറെ ആഴത്തിൽ സ്വാധീനിച്ച ഒരു ശ്രേഷ്ഠ ജീവിതമാണ് ഈ ശ്രേഷ്ഠ പിതാവിന്റേത്. അസാധ്യങ്ങളെ സാധ്യമാക്കി തീർക്കുവാൻ തന്റെ നാഥന്റെ മുമ്പിൽ കണ്ണിനീരോടെ പ്രാർത്ഥിക്കുന്ന പ്രാർത്ഥനാ വീരൻ. തുരുത്തിശ്ശേരിയുടെ മണ്ണിൽ അത്ഭുതങ്ങളും അനുഗ്രഹങ്ങളും അനേകർക്കു ചൊരിഞ്ഞ് നൽകിയ ശ്രേഷ്ഠ പിതാവ്. ഏറെ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സ്ഥലത്ത്, ബലഹീനനായ എന്നെയും, തന്റെ ഭവനത്തിൽ വന്ന് കരം പിടിച്ച് വിളിച്ച നാൾ മുതൽ ഇന്നുവരേയും പൗരോഹിത്യത്തിന്റെ ഓരോ ശ്രേഷ്ഠ ദാനങ്ങളും മേൽപ്പട്ട സ്ഥാനവും ഈയുള്ളവന് നൽകിയപ്പോൾ വാക്കുകൾ ഇല്ലാ ഈ ശ്രേഷ്ഠ പിതാവിന്റെ പിതൃസ്‌നേഹത്തെ ഓർക്കുവാൻ. ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട ശ്രേഷ്ഠ പിതാവ് യഥാർത്ഥത്തിൽ ക്രിസ്തുവിനെ ദർശിക്കുകയും അനേകായിരങ്ങൾക്ക് ഈ ദൈവീക വെളിച്ചം പകർന്നുകൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രേഷ്ഠ പിതാവത്രെ. ഇടയത്വ ശുശ്രൂഷയുടെ വലിയ കാഴ്ചപ്പാടിന്റെ തെളിവായിരുന്നു ഭദ്രാസനങ്ങളുടെ വിപുലീകരണം. പരി.ആത്മാവിന്റെ നിയോഗപ്രകാരം ഏറ്റവും അധികം മെത്രാപ്പോലീത്താന്മാരെ സഭയ്ക്കുവേണ്ടി വാഴിച്ചു നൽകിയതും ഈ വലിയ ഇടയനത്രെ.

ഏവരേയും ആകർഷിക്കുന്ന ആരാധനയാണ് ശ്രേഷ്ഠ ബാവായുടേത്. യാമങ്ങൾ തോറും ഏറെ ചിട്ടയായി പ്രാർത്ഥിക്കുന്ന ബാവായ്ക്ക് രഹസ്യ പ്രാർത്ഥനകളും ഹൃദ്യസ്ഥമാണെന്ന് പറയുന്നതിൽ നിന്നും യാമങ്ങളുടെ കാവൽക്കാരനാണ് ഈ ശ്രേഷ്ഠ പിതാവ്. അന്ത്യോഖ്യാ വിശ്വാസത്തിന്റെ കറതീർന്ന വലിയ ശുശ്രൂഷകൻ.

സഭയ്ക്കുവേണ്ടി താൻ ഏറ്റ പീഡനങ്ങൾ വളരെയേറെയാണ്. 1977 ഡിസംബർ 6ാം തീയതി നടന്ന പോലീസ് ലാത്തിചാർജ്ജും തുടർന്ന് ശ്രേഷ്ഠ ബാവാ (അന്ന് അഭി. തോമസ് മോർ ദിവന്ന്യാസിയോസ് തിരുമേനി) നടത്തിയ 44 ദിവസത്തെ നിരാഹാരസമരവും സഭാമക്കൾക്കു ഒരിക്കലും മറക്കാനാവില്ല. ശ്രേഷ്ഠ ബാവായുടെ ജീവിതത്തിലൂടെ ഒന്ന് കണ്ണ് ഓടിക്കുന്നവർ ഒന്നടങ്കം പറയും. 'പകരക്കാരനില്ലാത്ത അമരക്കാരനാണ് ' ശ്രേഷ്ഠബാവാ തിരുമേനിയെന്ന്. ഒരിക്കൽക്കൂടി തൃക്കരം മുത്തിക്കൊണ്ട് ശ്രേഷ്ഠ ബാവായ്ക്കു ജന്മദിനാശംസകൾ നേരുന്നു.