മരട് : ബുധനാഴ്ച നടത്തിയ പരിശോധനയിൽ ടി.പി.ആർ. 21.6 ശതമാനമായതോടെ മരട് വീണ്ടും ട്രിപ്പിൾ ലോക്ഡൗണിലേക്ക്.

ഇതിനിടെ ടി.പി.ആർ. മാനദണ്ഡങ്ങളുടെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭാ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം വിവിധ മന്ത്രിമാർക്ക് നൽകി.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, ആരോഗ്യമന്ത്രി, തദ്ദേശഭരണ വകുപ്പ് മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവർക്ക് പ്രമേയത്തിന്റ പകർപ്പ് നഗരസഭാ ചെയർ‌മാൻ ആന്റണി ആശാൻപറമ്പിൽ കൈമാറി.

നിലവിൽ സെക്കൻഡ് ഡോസ് വാക്സിനു വേണ്ടി 110 ദിവസം കഴിഞ്ഞിട്ടും കാത്തിരിക്കുന്ന 2000 പേർക്ക് ഉടനടി വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന് കെ. ബാബു എം.എൽ.എ.യും കത്ത് നൽകി. നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരനും സംഘത്തിലുണ്ടായിരുന്നു.