ഫോർട്ടുകൊച്ചി : വാട്ടർ മെട്രോയുടെ ജെട്ടി കമാലക്കടവിൽത്തന്നെ ഒരുങ്ങും. ഇതിന്റെ നിർമാണജോലികൾ തുടങ്ങി.

ഫോർട്ടുകൊച്ചി കടപ്പുറത്തോട് ചേർന്നുള്ള കമാലക്കടവിൽ ജെട്ടി നിർമിക്കുന്നത് വിവാദമായിരുന്നു. ഇതിനെതിരേ പൈതൃക സംരക്ഷണ പ്രവർത്തകർ പരാതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

കമാലക്കടവിൽ ജെട്ടി നിർമിച്ചാൽ ഫോർട്ടുകൊച്ചിയുടെ പൈതൃകക്കാഴ്ചകൾ മറയ്ക്കപ്പെടുമെന്നായിരുന്നു പ്രധാന പരാതി. ചീനവലകൾക്ക് നാശമുണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച്‌ പല തലത്തിൽ ചർച്ചകൾ നടന്നു. ചീനവലകൾ നശിപ്പിക്കാതെ ജെട്ടി നിർമിക്കാമെന്ന് അധികൃതർ പറഞ്ഞു.

എന്നാൽ, ബോട്ട് സർവീസുകൾ നടക്കുമ്പോൾ ചീനവലകൾക്ക് നാശമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പൈതൃകസ്നേഹികൾ പറഞ്ഞത്. മാത്രമല്ല, അഴിമുഖത്തേക്ക് ജെട്ടിക്ക് വേണ്ടി ബെർത്ത് നിർമിക്കുമ്പോൾ, വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമെന്നും, വലകളിലേക്ക് മീൻ എത്തില്ലെന്നും ചീനവലകൾ വെറും കാഴ്ചവസ്തുക്കളായി മാറുമെന്നുമാണ് ഇവർ ചൂണ്ടിക്കാണിച്ചത്. വിവിധ സംഘടനകൾ ഇതിനെതിരേ ബന്ധപ്പെട്ടവർക്ക് പരാതി നൽകി.

ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പൈതൃക സംരക്ഷണ സംഘടന ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിനും പരാതി നൽകിയിരുന്നു. ഇതിനിടെ, പൈതൃക കമ്മിഷനും ചില സംശയങ്ങൾ ഉന്നയിച്ചു. നിലവിലുള്ള ജങ്കാർ ജെട്ടിയും പഴയ ബോട്ട്ജെട്ടിയും വികസിപ്പിച്ച് മെട്രോയ്ക്ക് വേണ്ടി ഉപയോഗിക്കണമെന്ന നിർദേശമാണ് പൈതൃകസ്നേഹികൾ മുന്നോട്ടുെവച്ചത്. എന്നാൽ, ഇത് അധികൃതർക്ക് സ്വീകാര്യമായില്ല. വീണ്ടും ചർച്ചകൾ നടന്നു. എന്നാൽ ചർച്ചകളിൽ തീരുമാനമുണ്ടായില്ല.

എന്നാൽ, കഴിഞ്ഞദിവസം കമാലക്കടവിൽ നിർമാണ ജോലികൾ തുടങ്ങി.

പൈലിങ് ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. കമാലക്കടവിലെ ജെട്ടി നിർമാണവുമായി അധികൃതർ മുന്നോട്ടു പോകുന്നതായാണ് വ്യക്തമാകുന്നത്.