കാക്കനാട് : ദേശീയപാതയിലെ അപകടകരമായ കുഴികൾ ഉദ്യോഗസ്ഥരെ നേരിൽ കാണിച്ച് പി.ടി. തോമസ് എം.എൽ.എ. ഒരാഴ്ചയ്ക്കുള്ളിൽ കുഴികൾ മൂടാമെന്ന് എം.എൽ.എ.യ്ക്ക് ഉദ്യോഗസ്ഥരുടെ ഉറപ്പ്. ബുധനാഴ്ച വൈകീട്ട് ദേശീയപാതയിലെ ഇടപ്പള്ളി ജങ്ഷൻ മുതൽ വരാപ്പുഴ റൂട്ടിലെ റെയിൽവേ മേൽപ്പാലം വരെയുള്ള ഭാഗമാണ് പി.ടി. തോമസ് എം.എൽ.എ.യുടെ നേതൃത്വത്തിൽ പരിശോധിച്ചത്. മഴ ശക്തമായതോടെ പലയിടത്തും കുഴികൾ രൂപപ്പെട്ട് റോഡ് തകർന്നിരിക്കുകയാണ്. ചിലയിടങ്ങളിൽ വെള്ളക്കെട്ടുമുണ്ട്. ദേശീയപാതയുടെ ശോചനീയാവസ്ഥ എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥരെ കൂടെ കൂട്ടിയാണ് എം.എൽ.എ. നേരിൽ കാണിച്ചത്.

രണ്ടു കിലോമീറ്റർ ദൂരത്തിൽ നടത്തിയ പരിശോധനയിൽ നിരവധി കുഴികൾ കണ്ടെത്തി. ദേശീയപാതയിലെ 'മരണക്കുഴി'യെ കുറിച്ചുള്ള പരാതികൾ പരിശോധനയ്ക്കെത്തിയ എം.എൽ.എ.യോട്‌ വ്യാപാരികളും ഓട്ടോറിക്ഷാ ഡ്രൈവർമാരും പറഞ്ഞു. കുഴികളിൽ വീഴാതിരിക്കാൻ ഇരുചക്രവാഹനയാത്രക്കാർ വാഹനം വെട്ടിക്കുമ്പോൾ ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു. നേരത്തെ പി.ഡബ്ല്യു.ഡി.ക്കായിരുന്നു റോഡിന്റെ മേൽനോട്ടമെങ്കിലും പിന്നീട് ദേശീയപാത അതോറിറ്റിക്ക് കൈമാറുകയായിരുന്നു. പിന്നീട് വേണ്ടരീതിയിൽ പരിചരിക്കാതെ വന്നതോടെ കുണ്ടും കുഴിയുമായി. എൻ.എച്ച്.എ.ഐ. അധികൃതരുമായി എം.എൽ.എ. ചർച്ച നടത്തിയാണ്‌ റോഡിലെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചത്. കോർപ്പറേഷൻ കൗൺസിലർ പയസ് ജോസഫ്, എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥനായ അനുരാഗ് തുടങ്ങിയവരും എം.എൽ.എ.യ്ക്കൊപ്പമുണ്ടായിരുന്നു.