കൊച്ചി : ഇൻഫോപാർക്കിൽ ഈ വർഷം അവസാനത്തോടെ പത്തുലക്ഷം ചതുരശ്ര അടി സ്ഥലം പുതിയ കമ്പനികൾക്കായി ഒരുങ്ങും.

ഇതോടെ ഒരു കോടി ചതുരശ്ര അടിയിലധികം സ്ഥലം ഇൻഫോപാർക്കിന് സ്വന്തമാകും. 92 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഇൻഫോപാർക്കിൽ ഇപ്പോൾ ഉള്ളത്.

ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ 2.63 ഏക്കർ ഭൂമിയിൽ മൂന്ന് ടവറുകളിലായി കാസ്പിയൻ ടെക്പാർക്ക് കാമ്പസിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. 1.30 ലക്ഷം ചതുരശ്ര അടി ഓഫീസ് ഇടം ലഭ്യമാക്കുന്ന ആദ്യ ടവർ അടുത്ത വർഷം ആദ്യം പൂർത്തിയാകും. പത്തു നിലകളുള്ള ഈ കെട്ടിടത്തിൽ ഐ.ടി., ഐ.ടി. ഇതര കമ്പനികൾക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ കാസ്പിയൻ ടെക്പാർക്ക് കാമ്പസിൽ ആകെ 4.50 ലക്ഷം ചതുരശ്ര അടി സ്ഥലം ലഭിക്കും.

രണ്ടാം ഘട്ടത്തിലുൾപ്പെടുന്ന ക്ലൗഡ്‌ സ്കേപ്‌സ് സൈബർ പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങി. ഇവിടെ ആദ്യ ഘട്ടത്തിൽ 62,000 ചതുരശ്ര അടി വിസ്തൃതിയിൽ ചെറുകിട, ഇടത്തരം ഐ.ടി. സംരംഭങ്ങൾക്കായി സൗകര്യമൊരുക്കിയിട്ടുണ്ട്്. പ്രമുഖ സോഫ്റ്റ്‌വേർ കമ്പനിയായ ഐ.ബി.എസിന്റെ കാമ്പസ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

ഐ.ബി.എസ്. സോഫ്റ്റ്‌വേർ സർവീസസിന്റെ കൊച്ചിയിലെ സ്വന്തം ഐ.ടി. കാമ്പസ് 4.21 ഏക്കർ ഭൂമിയിൽ ആറ് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഒരുങ്ങുന്നത്. ആദ്യ ടവർ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.

നിർമാണം പൂർത്തിയാകുമ്പോൾ ആറായിരത്തോളം ജീവനക്കാർക്കുള്ള സൗകര്യമാണ് ഇവിടെയുണ്ടാവുക. തിയേറ്റർ, ഓപ്പൺ റൂഫ് കഫെറ്റീരിയ സൗകര്യങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും.