തിരുവനന്തപുരം : ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) മരണം സംബന്ധിച്ച് ആരോഗ്യ-സാമൂഹികനീതി വകുപ്പുകൾ അന്വേഷിക്കും. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജും സാമൂഹികനീതി സെക്രട്ടറിയോട് മന്ത്രി ആർ. ബിന്ദുവും നിർദേശിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ വിദഗ്ധസമിതി രൂപവത്കരിക്കുമെന്ന് വീണാ ജോർജ് അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായി നടത്താൻ മാർഗരേഖ തയ്യാറാക്കും. ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗം വെള്ളിയാഴ്ച ചേരുമെന്ന് ആർ. ബിന്ദു പറഞ്ഞു. ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ച് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ സാധ്യത പരിശോധിക്കും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മൃതദേഹ പരിശോധനയ്ക്ക് വിദഗ്ധ സംഘം

കൊച്ചി : ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ ഡോക്ടറുടെ വിശദമായ മൊഴിയെടുക്കും. കഴിഞ്ഞ വർഷം ജൂണിൽ റിനൈ മെഡി സിറ്റിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി അനന്യ പറഞ്ഞിരുന്നു.

ശസ്ത്രക്രിയയിലെ പിഴവാണ് കാരണമെന്ന് വിശദമായി വെളിപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ.

അനന്യയെ മരിച്ച നിലയിൽ കണ്ടെത്തിയ ഫ്ളാറ്റിൽ കളമശ്ശേരി പോലീസ് വീണ്ടും പരിശോധന നടത്തി. റിനൈ മെഡി സിറ്റിയിൽനിന്ന് അനന്യയുടെ മെഡിക്കൽ റെക്കോഡുകളും പോലീസ് ശേഖരിച്ചു. ഫോറൻസിക് വിഭാഗവും ഫ്ളാറ്റിലെത്തി പരിശോധന നടത്തി. കളമശ്ശേരി മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച അനന്യയുടെ മൃതദേഹ പരിശോധന നടത്തും. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചിട്ടില്ല- റിനൈ മെഡി സിറ്റി

കൊച്ചി : അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിനൈ മെഡി സിറ്റി ആശുപത്രി അധികൃതർ അറിയിച്ചു. ഒരു വർഷം മുമ്പാണ് അനന്യക്ക് ലിംഗമാറ്റ ശസ്ത്രക്രിയ (സെക്സ് റീ അസൈൻമെന്റ് സർജറി-എസ്.ആർ.എസ്.) നടത്തിയത്.

ആറു ദിവസത്തിനു ശേഷം സങ്കീർണത അനുഭവപ്പെട്ടെന്നും ഇത് തുടർ ചികിത്സയിലൂടെ മറികടന്നെന്നും ആശുപത്രി അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുമ്പോൾ സങ്കീർണതകൾ സ്വാഭാവികമാണെന്നത് അനന്യയും അംഗീകരിച്ചിരുന്നു. ചികിത്സയ്ക്കുശേഷം ആശുപത്രിയിൽനിന്ന് സംതൃപ്തയായാണ് മടങ്ങിയത്.

എന്നാൽ, ഏഴ് മാസത്തിനു ശേഷം അനന്യ പരാതിയുമായെത്തി. ചികിത്സാ പിഴവാണെന്ന തരത്തിൽ പരാതി നൽകുകയും വൻ തുക നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.

പരാതി ഒരു മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്ന അനന്യയുടെ ആവശ്യം ആശുപത്രി അംഗീകരിച്ചു. മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും അനന്യക്ക്‌ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും കണ്ടെത്തി.

ആശുപത്രിയുടെ തീരുമാനം അംഗീകരിക്കുന്നില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ ചികിത്സാ രേഖകൾ അടക്കം നൽകാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.സ്വകാര്യ ആശുപത്രികളിലെ ‘സേവന’ത്തിൽ കുടുങ്ങി ട്രാൻസ്‌ജെൻഡർ സമൂഹം

സർക്കാർസംവിധാനങ്ങളില്ല

കൊച്ചി

: ലിംഗമാറ്റ ശസ്ത്രക്രിയയിൽ സ്വകാര്യാശുപത്രികളുടെ ലേലംവിളിയിൽ കുടുങ്ങി ട്രാൻസ്‌ജെൻഡർ സമൂഹം. സംസ്ഥാനത്ത് ചില സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. കൊച്ചി കേന്ദ്രീകരിച്ചാണ് ഈ ആശുപത്രികൾ പ്രവർത്തിക്കുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർനിയമങ്ങളില്ലാത്തതും സർക്കാർ ആശുപത്രിയിൽ ഇവർക്കുവേണ്ട സംവിധാനങ്ങളില്ലാത്തതുമാണ് തിരിച്ചടിയാകുന്നത്.

സർക്കാർ ആശുപത്രിയിൽ ഇവരുടെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹികനീതി വകുപ്പിന് മൂന്നുവർഷംമുമ്പ് അപേക്ഷ സമർപ്പിച്ചെങ്കിലും നടപടിയായില്ല. സ്വകാര്യ ആശുപത്രികൾ തോന്നുംപോലെയുള്ള ചികിത്സച്ചെലവാണ് ഈടാക്കുന്നത്. അതിനാൽ ശസ്ത്രക്രിയ ആവശ്യമായവർപോലും പിന്മാറേണ്ട അവസ്ഥയാണെന്ന് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് തൃപ്തി ഷെട്ടി പറഞ്ഞു. തമിഴ്‌നാട്ടിൽ സൗജന്യമായാണ് ഇത്തരം ശസ്ത്രക്രിയ നടക്കുന്നത്.

സംസ്ഥാനത്തെ ഡോക്ടർമാർക്ക് ഈ ശസ്ത്രക്രിയയെക്കുറിച്ച് കാര്യമായ അവബോധമില്ലെന്നും പരിശീലനം നടത്തുന്ന ലാഘവത്തിലാണ് അവർ പലപ്പോഴും പ്രവർത്തിക്കുന്നതെന്നും ട്രാൻസ്ജെൻഡർ സമൂഹം കുറ്റപ്പെടുത്തുന്നു. ശസ്ത്രക്രിയയ്ക്ക് സർക്കാർഫണ്ട് നൽകുന്നുണ്ടെങ്കിലും ബില്ല് സമർപ്പിക്കുമ്പോഴാണ് പണം ലഭിക്കുന്നത്. ഇതിനാൽ ശസ്ത്രക്രിയ നടത്താൻ മുൻകൂർ പണം സംഘടിപ്പിക്കേണ്ട അവസ്ഥയാണ്. ഇക്കാരണത്താൽ പണമുള്ളവർക്കുമാത്രം ശസ്ത്രക്രിയ എന്ന അവസ്ഥയാണെന്ന് മിസ് ഗ്ലോബൽ ട്രാൻസ് ഇന്ത്യ -2021 ശ്രുതി സിത്താര പറഞ്ഞു.