കൊച്ചി : കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിൽ ഇപ്പോഴും സി.പി.എമ്മുകാരും കോൺഗ്രസുകാരുമാണ് ഇരിക്കുന്നതെന്ന് ബി.ജെ.പി.യിൽ പരാതി. പാർട്ടിയിലെ താഴെത്തട്ടിലെ പരാതികൾ കേൾക്കാനെത്തിയ സംസ്ഥാന നേതാക്കൾക്കു മുന്നിലാണ് മണ്ഡലം ഭാരവാഹികൾ പ്രവർത്തകരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്. പാർട്ടി അധികാരത്തിൽ ഇരിക്കുന്നതുകൊണ്ട് ബി.ജെ.പി. പ്രവർത്തകർക്ക് ഒരു ഗുണവുമില്ലാത്ത അവസ്ഥയാണ്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ബി.ജെ.പി. പ്രവർത്തകർക്ക് താത്കാലിക ജോലി പോലും കിട്ടുന്നില്ല എന്നിങ്ങനെ നീളുന്നു പരാതി.

നാളികേര ബോർഡ്, കയർ ബോർഡ്, സ്പൈസസ് ബോർഡ്, കപ്പൽശാല, തുറമുഖം, റെയിൽവേ എന്നിവിടങ്ങളിലെല്ലാം താത്കാലിക ഒഴിവുകളിൽ കുടുതലുമുള്ളത് സി.പി.എമ്മുകാരാണ്. നേതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും പരാതി ഉയർന്നു. മണ്ഡലങ്ങളിലെ വിമത പ്രവർത്തനങ്ങൾക്ക് തടയിടാൻ ജില്ലാ നേതൃത്വത്തിന്റെ ഇടപെടലുണ്ടാവുന്നില്ലെന്നും ഭാരവാഹികളെ നിശ്ചയിക്കാൻ പ്രായപരിധി കൊണ്ടുവന്നത് തിരിച്ചടിയായെന്നും പരാതി ഉയർന്നു.

ബി.ജെ.പി. സംസ്ഥാന ഭാരവാഹികളായ ജോർജ് കുര്യൻ, പ്രകാശ്ബാബു, സി. ശിവൻകുട്ടി എന്നിവർക്കു മുന്നിലാണ് മണ്ഡലം പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും പ്രശ്നങ്ങൾ അവതരിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ വൈകിയത് തിരിച്ചടിയായി. പതിനഞ്ച് ദിവസം മാത്രമാണ് പ്രവർത്തിക്കാൻ കിട്ടിയത്. ജില്ലയിൽ ബി.ഡി.ജെ.എസ്. അതീവ ദുർബലമായിരിക്കുമ്പോൾ ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങൾ അവർക്ക് വിട്ടുകൊടുക്കേണ്ടിയിരുന്നില്ലെന്നും മണ്ഡലം ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

രാവിലെ മണ്ഡലം ഭാരവാഹികളുടെ യോഗവും തുടർന്ന് ജനപ്രതിനിധികളുടെ യോഗവും നടത്തി. ജനപ്രതിനിധികൾക്ക് ബി.ജെ.പി.യിൽ ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും പരാതി ഉന്നയിച്ചു.

തൃക്കാക്കര, തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി മണ്ഡലം ഭാരവാഹികളുടെ യോഗവും പഞ്ചായത്ത് ഏരിയ ഭാരവാഹികളുടെ യോഗവും നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തി. വ്യാഴാഴ്ച പറവൂർ, വൈപ്പിൻ, കളമശ്ശേരി, ആലുവ, അങ്കമാലി മണ്ഡലങ്ങളുടെ ഭാരവാഹികളുടെയും പഞ്ചായത്ത്, ഏരിയ ഭാരവാഹികളുടെയും യോഗം നടക്കും. വെള്ളിയാഴ്ച കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, പിറവം മണ്ഡലം ഭാരവാഹികളുടെയും പഞ്ചായത്ത് ഏരിയ ഭാരവാഹികളുടെയും യോഗമുണ്ട്. തുടർന്ന് ജില്ലാ കോർ കമ്മിറ്റി യോഗം ചേരും.